You are here

താക്കീതായി ഭൂരഹിതരുടെ സെക്രട്ടേറിയറ്റ് ഉപരോധം

  • ലാത്തിച്ചാര്‍ജില്‍ 10 പേര്‍ക്ക് പരിക്ക് രണ്ടുപേര്‍ അറസ്റ്റില്‍

  • മൂന്നുവട്ടം ജലപീരങ്കി

01:13 AM
18/02/2016

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടെ സെക്രട്ടേറിയറ്റ് ഉപരോധം സര്‍ക്കാറിന് താക്കീതായി. സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നുവട്ടം ജലപീരങ്കിയും പ്രയോഗിച്ചു. സമരത്തില്‍ പങ്കെടുത്ത പാര്‍ട്ടി കൊല്ലം ജില്ലാ പ്രസിഡന്‍റ് അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭൂരഹിതരും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആയിരക്കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന രീതിയില്‍ മൂന്ന് പ്രധാന കവാടങ്ങളും സമരക്കാര്‍ തടഞ്ഞു. രാവിലെ ആറുമുതല്‍തന്നെ സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ എത്തി. നോര്‍ത് ഗേറ്റിലാണ് ആദ്യം സമരക്കാര്‍ നിരന്നത്. പിന്നീട് സൗത്, വൈ.എം.സി.എ ഗേറ്റുകളും ഉപരോധിച്ചു. എന്നാല്‍, കന്‍േറാണ്‍മെന്‍റ് ഗേറ്റില്‍ സമരക്കാര്‍ കടക്കാതിരിക്കാന്‍ പൊലീസ് ശക്തമായ ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു.


സമരക്കാര്‍ കേന്ദ്രീകരിച്ച സ്ഥലങ്ങളിലെല്ലാം നേതാക്കള്‍ക്ക് അണികളെ അഭിസംബോധന ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നു. സമരങ്ങള്‍ നടക്കാറുള്ള നോര്‍ത് ഗേറ്റിന് മുന്നിലായിരുന്നു ഉദ്ഘാടനവേദി. രാവിലെ ഒമ്പതോടെതന്നെ ഇവിടെ ഉപരോധക്കാരെക്കൊണ്ട് നിറഞ്ഞു. സെക്രട്ടേറിയറ്റ് അനക്സിന് സമീപം മുദ്രാവാക്യം മുഴക്കിനിന്ന പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ആലപ്പുഴ വടുതല സ്വദേശി സഹ്ല്‍, കണ്ണൂര്‍ സ്വദേശി ഫിറോസ് തുടങ്ങിയ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ലാത്തിയടിയില്‍ മുഖത്ത് പരിക്കേറ്റ സഹ്ലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ചെന്നപ്പോഴാണ് റസാഖിന് പൊലീസ് മര്‍ദനമേറ്റത്. കന്‍േറാണ്‍മെന്‍റ് ഭാഗത്തേക്കുള്ള ബാരിക്കേഡിനു സമീപം പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷന്‍ റോഡിലെ ബാരിക്കേഡിന് സമീപം നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണ് ജലപീരങ്കിയും പ്രയോഗിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ  ഉപരോധം ഉദ്ഘാടനം ചെയ്തു. ഭൂരഹിതരുടെ സമരത്തോട് പുറംതിരിഞ്ഞ് നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്നും സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രഖ്യാപിക്കുകയും 2015 ഡിസംബര്‍ 31നുമുമ്പ് എല്ലാവര്‍ക്കും ഭൂമി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണെന്നും 10 ശതമാനം പേര്‍ക്കുപോലും പട്ടയം ലഭിച്ചിട്ടില്ളെന്നും അധ്യക്ഷ പ്രസംഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ആദിവാസികളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ  ഇടതു-വലത് മുന്നണികളും സംഘ്പരിവാര്‍ ശക്തികളും നിരന്തരം വഞ്ചിക്കുകയാണെന്ന്  ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
പാര്‍ട്ടി ഉന്നയിക്കുന്ന ഭൂരഹിതരുടെ ആവശ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉടന്‍ ചര്‍ച്ച നടക്കുമെന്നും സമാപന പ്രസംഗത്തില്‍ ഹമീദ് വാണിയമ്പലം അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൊല്ലം ജില്ലാ പ്രസിഡന്‍റുമായ കെ. സജീദ്, അക്മല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്മലിനെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് സജീദിന്‍െറ അറസ്റ്റും രേഖപ്പെടുത്തിയതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.
 സംസ്ഥാനത്തെ എല്ലാ ഭൂസമര കേന്ദ്രങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരില്‍ നല്ളൊരു ശതമാനം സ്ത്രീകളായിരുന്നു. വാഹനമിറങ്ങിയവര്‍ ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കിയാണ് സമരസ്ഥലത്തത്തെിയത്. രാവിലെ ആറിന് തുടങ്ങിയ ഉപരോധം വൈകീട്ട് മൂന്നിനാണ് അവസാനിച്ചത്. ഉപരോധമിരുന്ന റോഡുകള്‍ വൃത്തിയാക്കിയശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറിമാരായ തെന്നിലാപുരം രാധാകൃഷ്ണന്‍, പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമ ജി. പിഷാരടി, സംസ്ഥാന സെക്രട്ടറിമാരായ  കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ശശി പന്തളം, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍, പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, എസ്. സുവര്‍ണകുമാര്‍, ആര്‍. അജയന്‍, ടി. പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Loading...
COMMENTS