Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_right'മന്ത്രിസ്ഥാനമല്ല,...

'മന്ത്രിസ്ഥാനമല്ല, ബി.ജെ.പിയുടെ തോൽവിയാണ് പ്രധാനം'

text_fields
bookmark_border
മന്ത്രിസ്ഥാനമല്ല, ബി.ജെ.പിയുടെ തോൽവിയാണ് പ്രധാനം
cancel
camera_alt

ഡൽഹിയിൽ നടന്ന ബുദ്ധധമ്മ ദീക്ഷാ സമാ​രോഹിൽ നിന്ന്

ലിതുകൾ കൂട്ടമായി ബുദ്ധധർമം സ്വീകരിച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ ആം ആദ്മി പാർട്ടി നേതാവ് രാജേന്ദ്രപാൽ ഗൗതം ബി.ജെ.പിയിൽനിന്ന് രൂക്ഷവിമർശനമാണ് ഏറ്റുവാങ്ങിയത്. കെജ് രിവാൾ കാബിനറ്റിലെ സാമൂഹിക ക്ഷേമ മന്ത്രിപദം രാജിവെക്കാനും അദ്ദേഹം നിർബന്ധിതനായി.

ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ, മിഷൻ ജയ് ഭീം എന്നീ കൂട്ടായ്മകൾ ഡൽഹിയിൽ ഒരുക്കിയ ചടങ്ങിൽ, ഹിന്ദി ദേവീദേവന്മാരെ ആരാധിക്കില്ല എന്ന 1956ൽ ഡോ. അംബേദ്കർ നടത്തിയ പ്രതിജ്ഞയും ആവർത്തിച്ചിരുന്നു.

രാജേന്ദ്രപാൽ ഗൗതം ബുദ്ധ സന്യാസിമാരോടൊപ്പം ബുദ്ധ ധമ്മ ദീക്ഷ സമാ​രോഹിൽ

രാജേന്ദ്രപാൽ ഗൗതം പ്രതിജ്ഞയെടുക്കുന്ന വിഡിയോ ചൂണ്ടിക്കാട്ടി ചടങ്ങ് ഹിന്ദുവിരുദ്ധമാണെന്ന ആരോപണം വ്യാപകമായുയർത്തി ബി.ജെ.പി. തുടർന്ന് സമർപ്പിച്ച രാജിക്കത്തിൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി പാർട്ടിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും ജീവിതത്തിലുടനീളം അംബേദ്കറുടെ അധ്യാപനങ്ങൾ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ ക്വിന്റിനുവേണ്ടി രാജേന്ദ്രപാൽ ഗൗതവുമായി ഹിമാൻഷി ദഹിയ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

അംബേദ്കർ ബുദ്ധമതം സ്വീകരിക്കവേ ചൊല്ലിയ അതേ പ്രതിജ്ഞയാണ് ഡൽഹിയിലെ ചടങ്ങിൽ പങ്കെടുത്തവർ ചൊല്ലിയത്. ഇക്കാര്യം അറിയാതെയാണ് ബി.ജെ.പി നേതാക്കൾ ചടങ്ങ് വിവാദമാക്കിയതെന്ന് താങ്കൾ കരുതുന്നുണ്ടോ?

ചില ബി.ജെ.പി നേതാക്കൾ ബോധപൂർവം വിവാദം സൃഷ്ടിച്ചതാണ്. ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ഈ പരിപാടി നടന്ന അതേ സമയത്തുതന്നെ മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ദീക്ഷഭൂമിയിൽ സമാനമായ ചടങ്ങ് നടന്നിരുന്നു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും റിപ്പബ്ലിക്കൻ പാർട്ടി നേതാവ് രാംദാസ് അതാവലെയും അതിൽ പങ്കെടുത്തിരുന്നു.

അവിടെയും ഇതേ പ്രതിജ്ഞയെടുത്തിരുന്നു. ഇതൊരു പുതിയ കാര്യമൊന്നുമല്ല. 1956 ഒക്ടോബർ 14ന് അംബേദ്കർ തുടങ്ങിവെച്ചതാണിത്. അന്നുമുതൽ ഇന്ത്യയിലെന്നല്ല, ലോകത്തെവിടെ ബുദ്ധധർമം സ്വീകരിക്കുന്നവരും ഈ പ്രതിജ്ഞ ചൊല്ലാറുണ്ട്. ഏതെങ്കിലും മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും ഇതിലില്ല.

ആപ് നേതൃത്വം വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവരെ പ്രതിരോധിച്ചതുപോലെ താങ്കൾക്കുവേണ്ടി വലിയ നേതാക്കളൊന്നും സംസാരിച്ചില്ല എന്ന് തോന്നുന്നുണ്ടോ?

പാർട്ടി നേതാക്കൾ വല്ലതും പറഞ്ഞാൽ അത് ബി.ജെ.പിക്ക് സൗകര്യമാവും. എപ്പോൾ പ്രതികരിക്കണമെന്ന് നന്നായറിയുന്ന ബുദ്ധിയുള്ള ആളുകളാണ് ഞങ്ങൾ. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി നേതാക്കളെപ്പോലെയല്ല, ജീവിതത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തി ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള പ്രഫഷനലുകളാണ് ഞങ്ങൾ.

അവരിപ്പോൾ ഇത് വിവാദമാക്കുന്നത് വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് മനസ്സിൽ കണ്ടാണ്. ജീവൻപോയാലും ശരി അവരുടെ വൃത്തികെട്ട വർഗീയ രാഷ്ട്രീയം വളരാൻ ഞാൻ അനുവദിക്കില്ല.

കുടിവെള്ള കൂജയിൽ സ്പർശിച്ചതിന് ഒരു ദലിത് കുഞ്ഞിനെ അടിച്ചുകൊന്ന സംഭവമുണ്ടായി, ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്തുകൊന്ന് കെട്ടിത്തൂക്കിയ നിരവധി സംഭവങ്ങളുണ്ടായി. നമ്മുടെ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ എന്നെങ്കിലും എന്തെങ്കിലും അതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ടോ?

ജനങ്ങൾക്ക് ഇഷ്ടമുള്ള മതം പിൻപറ്റാൻ ഭരണഘടന അനുവദിക്കുന്നുണ്ട് എന്ന് താങ്കൾ ഒരു അഭിമുഖത്തിൽ പറയുന്നതുകേട്ടു. താങ്കളും പാർട്ടിയും ആ നിലപാടിൽ വിശ്വസിക്കുന്നുവെങ്കിൽ രാജിവെക്കാനുള്ള കാരണമെന്താണ്?

രണ്ട് കാരണങ്ങളുണ്ട്- ഒന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളോട് ഉന്നത നേതാക്കൾ പുലർത്തുന്ന മൗനത്തോടുള്ള എന്റെ പ്രതിഷേധമാണ്; രണ്ടാമത്, മതസ്വീകരണ ചടങ്ങ് രാജ്യമൊട്ടുക്ക് എല്ലാ വർഷവും നടക്കുന്നതാണ്.

നാഗ്പുരിൽ നടന്ന ചടങ്ങിൽ നിരവധി ബി.ജെ.പി നേതാക്കളുടെ സാന്നിധ്യമുണ്ടായി. എന്നിട്ടും എന്റെ പാർട്ടിയോടും നേതാവ് അരവിന്ദ് കെജ് രിവാളിനോടും പകതീർക്കാൻ ഡൽഹിയിലെ ചടങ്ങിനെ ബി.ജെ.പി ആയുധമാക്കി-അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

പക്ഷേ, ഇപ്പോൾ ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതൽ കാര്യങ്ങൾ മന്ത്രിയെന്ന നിലയിൽ അധഃസ്ഥിത സമൂഹത്തിനുവേണ്ടി ചെയ്യാനാകുമായിരുന്നുവെന്ന് താങ്കൾ കരുതുന്നില്ലേ?

മന്ത്രിപദത്തിന് അതിന്റേതായ പരിമിതികളുണ്ട്. എന്റെ സമുദായത്തിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനാവും. നിയമസഭയിൽ മന്ത്രി എപ്പോഴും ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കണം, ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം വല്ലപ്പോഴുമേ കിട്ടാറുള്ളൂ.

ഞാൻ ഇപ്പോഴും നിയമസഭാംഗമാണല്ലോ, ആ പദവി ഉപയോഗിച്ച് എനിക്ക് ഇനി സഭയിലും തെരുവിലും ചോദ്യങ്ങളുയർത്താം. അഭിഭാഷക വൃത്തി ഞാൻ പുനരാരംഭിക്കും, അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിയമപോരാട്ടങ്ങളും തുടരും.

രാജി നൽകിയപ്പോൾ എന്തായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. തീരുമാനം വ്യക്തിപരമായിരുന്നോ, അതോ രാജിക്കായി സമ്മർദമുണ്ടായോ?

ഈ വിഷയത്തിൽ പാർട്ടി ആലോചനാപൂർവം ഏറെ സൂക്ഷ്മതയുള്ള നിലപാടാണ് കൈക്കൊള്ളുന്നത്. രാജേന്ദ്രപാൽ ഗൗതം എന്ന വ്യക്തിക്കല്ല, ഗുജറാത്തിൽ ബി.ജെ.പിയെ തോൽപിക്കുക എന്ന ദൗത്യത്തിനാണ് പ്രാധാന്യം. പിന്നെ സമ്മർദം, ഞാൻ ഒരു അഭിഭാഷകനാണ്, ഒരു കാര്യത്തിലും സമ്മർദം വിലപ്പോവില്ല.

എങ്കിലും മന്ത്രിയായി താങ്കൾ തുടരുന്നത് ആപ്പിന്റെ ഗുജറാത്തിലെ സാധ്യതകളെ തടയുമെന്ന് കരുതുന്നുണ്ടോ?

ഇതിന്റെ ഉത്തരത്തിന് തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം. എന്തായാലും എന്റെ നിലപാട് ആദ്യവിജയങ്ങൾ നേടാൻ സഹായകമായി എന്നുതന്നെ പറയണം. ആർ.എസ്.എസും മോഹൻ ഭാഗവതും ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു.

ആപ്പിനെതിരെ ചോദ്യങ്ങളുയർത്തുന്നവർ അതിനുമുമ്പ് നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് ബി.ജെ.പിയോട് ചോദ്യങ്ങൾ ചോദിക്കണം. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ അഭിപ്രായം പറയാൻ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടണം.

പക്ഷേ അത്തരം വിഷയങ്ങളിൽ താങ്കളുടെ നേതാവ് അരവിന്ദ് കെജ് രിവാളും നിശ്ശബ്ദത പാലിക്കാറാണല്ലോ - പിന്നെ ബി.ജെ.പിയും ആപ്പും തമ്മിലെന്ത് വ്യത്യാസം?

വ്യത്യാസമുണ്ട്- ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുന്നത് വെറുപ്പ് പരത്തുന്നതിനുവേണ്ടിയാണ്, ഞങ്ങൾ നിശ്ശബ്ദത പാലിക്കുന്നത് വെറുപ്പിനെ ഇല്ലാതാക്കാൻ വേണ്ടിയും.

ഡൽഹിയിൽ നടന്ന ചടങ്ങിന്റെ പേരിൽ ഡൽഹി പൊലീസ് താങ്കളെ ചോദ്യം ചെയ്യുകയുണ്ടായി. അന്വേഷണത്തെക്കുറിച്ച് പറയാമോ? വിരാട് ഹിന്ദുസഭ എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ബി.ജെ.പി നേതാക്കളെ ഉന്നമിട്ട് സംസാരിക്കുകയുമുണ്ടായി?

റാലിയിൽ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ ഞങ്ങളെ ഭീകരവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഡൽഹി പൊലീസ് എന്നെ വിളിച്ചുവരുത്തി, എന്നാൽ വിരാട് ഹിന്ദുസഭയിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഒരു നടപടിയുമില്ല.

തെരഞ്ഞെടുപ്പ് കമീഷൻ, സി.ബി.ഐ, ഇ.ഡി പോലുള്ള നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും പൊലീസിനെയും ബി.ജെ.പി ഒരു ടൂൾകിറ്റായി ഉപയോഗിക്കുന്നത് എങ്ങനെയെന്നതിന്റെ നിദർശനമാണിത്.

ഫേസ്ബുക്കും ട്വിറ്ററും ഫോണുമെല്ലാം വഴി എനിക്ക് ഭീഷണികൾ വരുന്നുണ്ട്. എനിക്ക് പറയാനുള്ളത്, അവരുടെ ഭീഷണി തന്ത്രങ്ങൾ കൊണ്ടൊന്നും എന്നെ നിശ്ശബ്ദനാക്കാനാവില്ല എന്നാണ്. നമ്മുടെ സമൂഹത്തിൽനിന്ന് ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നതുവരെ ഈ പോരാട്ടം തുടരും.

മീശവെച്ചതിനും അമ്പലത്തിൽ കയറിയതിനും കൂജയിൽനിന്ന് വെള്ളം കുടിച്ചതിനും ഞങ്ങളുടെ ആളുകൾ കൊല്ലപ്പെടുന്നത് ഇല്ലാതാവാതെ ഈ പോരാട്ടം അവസാനിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aam Admi PartyBJPrajendrapal gowtham
News Summary - What matters is the defeat of the BJP not the ministry
Next Story