അങ്കിൾ ദയവായി ഞങ്ങളുടെ അമ്മയെ രക്ഷിക്കൂ; പൊലീസിനോട് അച്ഛനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുഞ്ഞുങ്ങൾ
text_fieldsഭോപാൽ: ദിവസങ്ങൾക്കു മുമ്പ് മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ഭിതവാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി രണ്ട് കുഞ്ഞുപെൺകുട്ടികൾ എത്തി. സ്റ്റേഷനിലെ പതിവ് ജോലികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് രണ്ടു കുഞ്ഞുപെൺകുട്ടികൾ ഗേറ്റ് കടന്ന് വരുന്നത് പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്.
അമ്മക്ക് വേണ്ടി അച്ഛനെതിരെ പരാതി നൽകാനായിരുന്നു അവർ വന്നത്. അച്ഛനെന്നും അമ്മയെ തല്ലിച്ചതക്കുന്നതിന് ആ പെൺകുട്ടികൾ സാക്ഷികളാണ്. അതിൽ നിന്ന് അമ്മയെ രക്ഷിക്കുകയാണ് അവരുടെ ആവശ്യം. അതിനായി അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന പരാതിയുമായാണ് അവർ പൊലീസ് സ്റ്റേഷനിലെത്തിയത്.
അമ്മ അനുഭവിക്കുന്ന യാതനകളെ കുറിച്ച് മക്കൾ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രദീപ് ശർമയോട് വിവരിച്ചു. അവരെ സാന്ത്വനിപ്പിച്ച പ്രദീപ് ഒരിക്കലും ഭയക്കരുതെന്നും പറഞ്ഞു. കുട്ടികളുടെ പരാതി കേട്ട ശേഷം അദ്ദേഹം അവരുടെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ടു. കുട്ടികളുടെ മുന്നിൽ വെച്ച് ഒരിക്കലും വഴക്കിടരുതെന്നും ഉപദേശിച്ചു.