വീട്ടിൽ ശുചിമുറിയില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു
text_fieldsപട്ന: വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. പർല ദേവി, മൻവാ ദേവി,താണ്ടി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.
കൽക്കരി കമ്പനിയായ ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്‍റെ കോളിയറി ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. വീട്ടിൽ ശൗചാലമില്ലാത്തതിനാൽ പ്രാഥമിക കർതവ്യങ്ങൾ നിർവഹിക്കാൻ പുറത്തിറങ്ങിയതായിരുന്നു ഇവർ. നടക്കുന്നതിനിടെ കോളിയർ ഏരിയയിൽ വെച്ച് മണ്ണിടിയുകയായിരുന്നു. ഇവരിൽ ഒരാൾ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് സ്ത്രീകളും കൊല്ലപ്പെട്ടത്. മണ്ണിടിച്ചിലിന്‍റെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ സ്ത്രീകലെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുഴിയിൽ മണ്ണ് വന്ന് നിറയുകയായിരുന്നു. രക്ഷയഭ്യർത്ഥിച്ച് ബി.സി.സി.എല്ലിന്‍റെ റസ്ക്യൂ വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവർ സ്ഥലത്തെത്താൻ മണിക്കൂറുകളോളം വൈകിയതായി പ്രദേശവാസികൾ ആരോപിച്ചു. സ്ത്രീകളുടെ മരണത്തിന് കാരണം സുരക്ഷ സംഘത്തിന്‍റെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.