Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധം കനക്കുമ്പോൾ...

പ്രതിഷേധം കനക്കുമ്പോൾ സർക്കാറിന് മുന്നിൽ അഗ്നിപഥം

text_fields
bookmark_border
Agnipath Protest
cancel
Listen to this Article

ന്യൂഡൽഹി: കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച പ്രതിഷേധം വകവെക്കാതെ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ആവർത്തിക്കുന്ന സർക്കാറിനും സേനാ മേധാവികൾക്കും മുന്നിൽ പല കടമ്പകൾ. കർഷക സമരത്തേക്കാൾ തീവ്രമായി മാറിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ യുവജന സമരം. രാഷ്ട്രീയ പാർട്ടികളുടെ പ്രേരണയില്ലാതെ സ്വയം ഉയർന്നുവന്ന യുവജനരോഷം തണുപ്പിക്കാൻ രണ്ടു വഴികൾ മാത്രമാണ് സർക്കാറിന് മുന്നിൽ. ഒന്നുകിൽ യുവാക്കൾക്ക് സ്വീകാര്യമാകുന്ന വിധം പദ്ധതി പൊളിച്ചെഴുതണം. അതല്ലെങ്കിൽ തൽക്കാലം മരവിപ്പിക്കണം. പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവു നൽകിയെങ്കിലും അത് യുവാക്കൾക്ക് സ്വീകാര്യമല്ലെന്നാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന അക്രമാസക്ത സമരം നൽകുന്ന വ്യക്തമായ സൂചന. പദ്ധതി ഉടനടി വിജ്ഞാപനം ചെയ്ത് അതിവേഗം നിയമന നടപടികളിലേക്ക് കടക്കുമ്പോൾ, തൊഴിൽ കിട്ടേണ്ട യുവാക്കൾ ഒതുങ്ങുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. സേനാ മേധാവികളുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിട്ടും സമരം കെട്ടടങ്ങുന്നില്ല. സർക്കാർ പ്രഖ്യാപിച്ച ഇളവ്, പരിഹാരമോ സ്വീകാര്യമോ അല്ലാത്തതാണ് കാരണം.

കാർഷികനിയമത്തിലെന്നപോലെ അഗ്നിപഥ് പദ്ധതിയുടെ കാര്യത്തിലും കൂടിയാലോചന നടക്കാതിരുന്നത് വലിയ പാളിച്ചയായി. പാർലമെന്റിലോ സർവകക്ഷി യോഗം നടത്തിയോ ഇത്തരമൊരു സുപ്രധാന പദ്ധതിയുടെ പിഴവും കുറവും ചർച്ച ചെയ്തില്ല. പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരം സമിതിയെ പോലും സർക്കാർ വിവരമറിയിച്ചില്ല. അടിയന്തരമായി സമിതി വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യണമെന്ന് സമിതിയിലെ അംഗങ്ങളായ പല എം.പിമാരും ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.

സർക്കാർ വാഗ്ദാനം ചെയ്യുന്നതനുസരിച്ചാണെങ്കിൽ, നാലുവർഷ കരാർ ജോലി കഴിഞ്ഞ് സൈന്യത്തിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന 21 വയസ്സുകാരായ 75 ശതമാനം പേർക്ക് മറ്റൊരു തൊഴിൽ നൽകാൻ കേന്ദ്ര മന്ത്രാലയങ്ങളും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും സംസ്ഥാന സർക്കാറുകളും മുൻഗണന നൽകണം. അങ്ങനെ പറയണമെങ്കിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണം. അതും നടന്നിട്ടില്ല.

ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സഖ്യകക്ഷി നേതാവുമായ നിതീഷ് കുമാറാണ് പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിലുള്ള ഒരാൾ.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലും മറ്റും പൊലീസിനെ ഉപയോഗിച്ച് യുവജനസമരം ഒതുക്കാൻ കുറെക്കൂടി എളുപ്പമാണ്. എന്നിട്ടുപോലും യു.പിയിൽ പലേടത്തും തീയാളുന്നു. മറ്റു സംസ്ഥാനങ്ങൾ അത്തരത്തിൽ യുവജനങ്ങളെ 'കൈകാര്യം' ചെയ്യാൻ ഒരുക്കവുമല്ല. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങളെയും യുവജന വികാരത്തെയും അവഗണിക്കാൻ കഴിയില്ലെന്ന് കാണുന്ന സംസ്ഥാനങ്ങൾ നിരവധി. വിവിധ കോണുകളിൽനിന്നുള്ള വിമർശന ശരങ്ങൾക്കു നടുവിലാണ് സർക്കാർ. ഒരുവശത്ത് അഗ്നിവീരന്മാരാകേണ്ട ചെറുപ്പക്കാർ കലിയിളകി നിൽക്കുന്നു. ഇസ്രായേൽ മാതൃകയിൽ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതി സേനക്കോ ദേശസുരക്ഷക്കോ യുവാക്കളുടെ ഭാവിക്കോ ഉതകുന്നതല്ലെന്ന വ്യാപക വിമർശനം മറുവശത്ത്.

സൈനിക സമൂഹത്തിന്റെ വികാരമാണ് വിരമിച്ച പല പ്രമുഖ സൈനികരും ഉന്നയിക്കുന്നതെന്നിരിക്കേ, മതിയായ തിരുത്തലുകളില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോവുക സർക്കാർ ആഗ്രഹിക്കുന്ന പോലെ എളുപ്പമല്ല. എന്നാൽ, കാർഷിക നിയമം, ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവ പിൻവലിച്ചതു നാണക്കേടായി കാണുന്ന സർക്കാർ, പുതിയ പദ്ധതിക്ക് ആ സ്ഥിതി വരരുതെന്ന വാശിയിൽ തന്നെയാണ്.

സംവരണം ഏർപ്പെടുത്തുന്ന പ്രതിരോധ -പൊതുമേഖല സ്ഥാപനങ്ങൾ 16

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിപ്രകാരം നാലു വർഷ സൈനിക സേവനത്തിനുശേഷം പുറത്തിറങ്ങേണ്ടിവരുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങൾ 16 എണ്ണം. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് എർത്ത് മൂവേഴ്സ്, ഭാരത് ഡൈനാമിക്സ്, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്, ഗോവ ഷിപ്‍യാർഡ്, ഹിന്ദുസ്ഥാൻ ഷിപ്‍യാർഡ്, മസഗാവ് ഡോക് ഷിപ് ബിൽഡേഴ്സ്, മിശ്രധാതു നിഗം, ആർമേഡ് വെഹിക്കിൾസ് നിഗം, അഡ്വാൻസ്ഡ് വെപൺസ് ആൻഡ് എക്വിപ്മെന്റ്സ് ഇന്ത്യ, മ്യൂണീഷൻസ് ഇന്ത്യ, യന്ത്ര ഇന്ത്യ, ഗ്ലൈഡേഴ്സ് ഇന്ത്യ, ഇന്ത്യ ഒപ്ടെൽ, ട്രൂപ് കംഫർട്ട്സ് എന്നിവയിലാണ് 10 ശതമാനം സംവരണം കൊണ്ടുവരുന്നത്. ഭവന-പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ അഗ്നിവീരൻമാർക്ക് നിയമനം നൽകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

മറ്റു മന്ത്രാലയങ്ങളും പൊതുമേഖല സ്ഥാപനങ്ങളിൽ ഇതേ രീതിയിൽ സംവരണം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agnipath protest
News Summary - The government will go ahead with the Agnipath Protest
Next Story