ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും രാഹുൽ വ്യക്തമാക്കി.
ലണ്ടനിൽ നടന്ന 'ഐഡിയ ഫോർ ഇന്ത്യ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരായ വോട്ടുകൾ ഒന്നിക്കണം. മതസമുദായങ്ങൾ ഉൾപ്പെടെ എല്ലാവരും ഒന്നിച്ച് നിൽക്കണം. വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണെന്നും രാഹുൽ വ്യക്തമാക്കി.
ആർ.എസ്.എസിന് ജനങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള സംവിധാനമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കോൺഗ്രസിനും ഇത്തരം സംവിധാനം ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണ് - ഒരു ദേശീയ പ്രത്യയശാസ്ത്ര പോരാട്ടം. പാകിസ്താനിൽ സംഭവിച്ചതു പോലെ, ഭരണകൂടം ഇന്ത്യയെ ചവച്ചരക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ഇന്ത്യ നല്ല നിലയിലല്ല. ബി.ജെ.പി.ക്കാർ രാജ്യത്ത് എണ്ണയൊഴിച്ച് തീ ആളിക്കത്തിക്കുകയാണ്. മാധ്യമങ്ങളുടെ 100 ശതമാനം നിയന്ത്രണവും ബി.ജെ.പിക്കുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.