അല്ലാമ ഇഖ്ബാലും സിലബസിൽ നിന്ന് പുറത്തേക്ക്; ഡൽഹി യൂനിവേഴ്സിറ്റി പ്രമേയം പാസാക്കി
text_fieldsന്യൂഡൽഹി: വിഖ്യാതമായ സാരെ ജഹാൻ സെ അച്ഛായുടെ രചയിതാവും കവിയും ചിന്തകനുമായ മുഹമ്മദ് ഇഖ്ബാലിനെ സിലബസിൽ നിന്ന് ഒഴിവാക്കാൻ ഡൽഹി യൂനിവേഴ്സിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച പ്രമേയം വെള്ളിയാഴ്ച ഡൽഹി യൂനിവേഴ്സിറ്റി അക്കാദമിക കൗൺസിൽ പാസാക്കി. അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. ബി.എ ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് പഠിക്കാനുള്ള 'മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്' എന്ന അധ്യായത്തിലാണ് അല്ലാമ ഇഖ്ബാലിനെ കുറിച്ച് പഠിക്കാനുള്ളത്. ഇതാണ് ഒഴിവാക്കുന്നത്.
എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 'ഇഖ്ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റാണ് അക്കാദമിക് കൗണ്‍സില്‍ മാറ്റാനൊരുങ്ങുന്നത്. 11 യൂനിറ്റുകളിലായി, പ്രധാന ദാര്‍ശനികരുടെ ആശയങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
രാജാ റാം മോഹൻ റോയി, പണ്ഡിറ്റ് രമാബായ്, സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, ഭീമറാവു അംബേദ്കർ എന്നിവരെ കുറിച്ചുള്ള അധ്യായങ്ങളും വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈവിധ്യത്തെ കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകാനാണ് ഇത്തരമൊരു അധ്യായം ഉൾപ്പെടുത്തിയതെന്നാണ് സിലബസിന്റെ ആമുഖത്തിൽ പറയുന്നത്. ആധുനിക ഇന്ത്യൻ ചിന്തയെ കുറിച്ച് വിമർശനാത്മകമായി പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം.
പുതിയ നീക്കത്തെ എ.ബി.വി.പി സ്വാഗതം ചെയ്തു. ''പാകിസ്ഥാന്റെ ദാർശനിക പിതാവ് എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് അലി ജിന്നയെ മുസ്ലീം ലീഗിന്റെ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെ പോലെ മുഹമ്മദ് ഇഖ്ബാലിനും ഉത്തരവാദിത്തമുണ്ട്.''-എ.ബി.വി.പി ആരോപിച്ചു.
ബാല്യകാലത്ത് തന്നെ ഖുർആനിൽ ആഴത്തിൽ അറിവു നേടിയ ഇഖ്ബാൽ ലാഹോർ ഗവ:കോളജ്, ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. തത്വചിന്തയായിരുന്നു വിഷയം. പിന്നീട് മ്യൂണിക്ക് സർവകലാശാലയിൽ നിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അല്ലാമ ഇഖ്ബാൽ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 1877ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സിയാൽകോട്ടിലാണ് അല്ലാമ ഇഖ്ബാൽ ജനിച്ചത്. 1938 ഏപ്രിൽ 21ന് അന്തരിച്ചു.