5-12 വയസ്സ് പ്രായമുള്ള കുട്ടികളിലെ വാക്സിനേഷന് മുമ്പ് സീറോ സർവേ നടത്തണമെന്ന് ഉപദേശക സമിതി
text_fieldsന്യൂഡൽഹി: അഞ്ച് മുതൽ12 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് മുമ്പ് സീറോ സർവേ നടത്തണമെന്ന് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് ഉപദേശം നൽകുന്ന സമിതി. നാഷണൽ ടെക്നിക്കൽ അഡ്വസൈറി ഗ്രൂപ്പ് ഓൺ ഇമ്മുണൈസേഷനാണ് സീറോ സർവേ നടത്താൻ നിർദേശിച്ചത്. കുട്ടികളിലെ ആന്റിബോഡിയുടെ അളവ് പരിശോധിക്കണമെന്നാണ് നിർദേശം.
വെള്ളിയാഴ്ച വിദഗ്ധസമിതി കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നെങ്കിലും അന്തിമ ധാരണയായിരുന്നില്ല . 5-6 വയസ് പ്രായമുള്ള കുട്ടികളിൽ വാക്സിനേഷൻ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളിലെ വാക്സിനേഷൻ ഉടൻ തുടങ്ങണമെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്.
തുടർന്ന് നടക്കുന്ന യോഗങ്ങളിൽ ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകളുണ്ടാവുമെന്നാണ് സൂചന. അതേസമയം, വിദഗ്ധ ഏജൻസിയെ കൊണ്ട് സർവേ നടത്തിയതിന് ശേഷമാവും വാക്സിനേഷൻ തുടങ്ങുകയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നേരത്തെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് ഉപദേശം നൽകുന്ന സമിതിയുടെ നിർദേശപ്രകാരമായിരിക്കും വാക്സിനേഷൻ തുടങ്ങുകയെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡി.സി.ജി.ഐ അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരിൽ ബയോളജിക്കൽ ഇ, കോർബേവാക്സ് വാക്സിനുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.