രാജ്യസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസുമായി പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി സഞ്ജയ് റാവത്ത്
text_fieldsസഞ്ജയ് റാവത്ത്
മുംബൈ: രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാരിനകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. സഖ്യകക്ഷിയായ കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്താറുണ്ട്. കോൺഗ്രസ് നേതാക്കളുടെ എല്ലാ ഫോൺ കോളുകൾക്കും ചർച്ച ചെയ്യാനുള്ള എല്ലാ ആവശ്യങ്ങൾക്കും ഏത് സമയത്ത് വേണമെങ്കിലും മറുപടി നൽകുന്ന ആളാണ് സംസ്ഥാന മുഖ്യമന്ത്രിയെന്ന് റാവത്ത് പറഞ്ഞു.
രാജ്യസഭ തെരഞ്ഞടുപ്പിൽ എം.വി.എ നോമിനേറ്റ് ചെയ്ത നാല് സ്ഥാനാർഥികളും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ പേര് പരിഗണിക്കപ്പെടാതെ പോയ നിരവധി കോൺഗ്രസ് നേതാക്കളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളാണെന്ന് റാവത്ത് മറുപടി നൽകി.
ആരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം ആരെ മത്സരിപ്പിക്കണ്ട എന്നൊക്കെ കോൺഗ്രസ് പാർട്ടിയാണ് തീരുമാനിക്കുന്നത്. അതിൽ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള വിഷയമായിരുന്നെങ്കിൽ ഉത്തരം നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ പത്തിനാണ് മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.