Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൻ.ഡി.ടി.വി റിപ്പോർട്ടറായ ഞാൻ ഈ രണ്ടാം തരംഗത്തിനു നടുവിൽ എന്തൊക്കെ ചെയ്യണം, കാണണം?
cancel
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.ടി.വി...

എൻ.ഡി.ടി.വി റിപ്പോർട്ടറായ ഞാൻ ഈ രണ്ടാം തരംഗത്തിനു നടുവിൽ എന്തൊക്കെ ചെയ്യണം, കാണണം?

text_fields
bookmark_border

കഴിഞ്ഞ വർഷം ഡൽഹി കലാപങ്ങൾ റിപ്പോർട്ട്​ ചെയ്യു​േമ്പാൾ ഒരു 26കാരി കടന്നുപോകുന്ന ഏറ്റവും ഭീതിദമായ അനുഭവം അതുതന്നെയെന്ന്​ തോന്നി. നിറയെ അതിക്രമം, രക്​തച്ചൊരിച്ചിൽ, മരണങ്ങൾ, മുഖംനിറയെ നൈരാശ്യം... ഒരു വർഷത്തിനുള്ളിൽ അതിനെക്കാൾ മോശമായത്​ വരാനിരിക്കു​േന്നയുണ്ടായിരുന്നുള്ളൂ.

കോവിഡ്​ സാഹചര്യം റിപ്പോർട്ട്​ ചെയ്യൽ ശരിക്കും ഒരു യുദ്ധമാണ്​. അതിനാൽ തന്നെ ഈ തൊഴിലി​െൻറ സ്വഭാവം ഈ മേഖലയിലുള്ളവർക്ക്​ നന്നായറിയാം. സന്ദർഭത്തി​െൻറ അതിലോലതയും തൊഴിലും തമ്മിൽ സംതുലനത്തിന്​ ഞങ്ങൾ ശ്രമിക്കും. തത്സമയ റിപ്പോർട്ടിങ്ങിനിടെ എത്ര കോവിഡ്​ കേസുകളും മരണങ്ങളും റിപ്പോർട്ട്​ ചെയ്​താലും അവയോരോന്നും ആരുടെയെങ്കിലും മാതാവോ കുട്ടിയോ അതുമല്ലെങ്കിൽ സഹോദരങ്ങളോ ആകുമെന്ന ബോധ്യം മനസ്സിനെ നീറിക്കും. പക്ഷേ, ആ 'ആരുടെയെങ്കിലും' എന്നത്​ സ്വന്തം സുഹൃത്തോ സഹപ്രവർത്തകരോ ആയാൽ എന്തുചെയ്യും? ആ ചോദ്യമാണിപ്പോൾ മനസ്സിനെ വേട്ടയാടുന്നത്​.

ഒന്നാം തരംഗത്തിലേക്കു തിരിച്ചുനടന്നാൽ, ഏറ്റവും കഠിനമായ ആദ്യ അനുഭവം ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ 56കാരനായ അനസ്​തേഷ്യ സ്​പെഷലിസ്​റ്റ്​ ഡോ. അസീം ഗുപ്​തയുടെ കോവിഡ്​ മരണമാണ്​. കോവിഡിനെതിരായ പോരാട്ടത്തിൽ ആദരമർപിച്ച്​ വ്യോമസേന മേയ്​ മൂന്നിന്​ ആശുപത്രിക്കുമേൽ പുഷ്​പ വൃഷ്​ടി നടത്തിയിരുന്നു. അതിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ അദ്ദേഹത്തെ ഞാൻ അഭിമുഖത്തിനായി ചെന്നുകണ്ടു. ''ഇത്​ അഭിമാനത്തി​െൻറ നാളുകളാണ്​. ഒരു രാജ്യം ഒന്നാകെ ഞങ്ങൾക്കൊപ്പമുണ്ട്​. ഇതുപോലുള്ള ആദരം രാജ്യം നമ്മിൽ അഭിമാനം ​െകാള്ളുന്നുവെന്ന സൂചനയാണ്​. കോവിഡിനെതിരെ ഇനിയും പോരാട്ടമുഖത്തുണ്ടാകും''-

ഇതായിരുന്നു വാക്കുകൾ. കൂടെയുളള ഡോക്​ടർമാ​ർ വരെ രോഗികളായിപ്പോകുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകനാകുന്നത്​ എത്ര കടുപ്പമാണെന്ന്​ ചോദിച്ചപ്പോൾ, ''കാര്യങ്ങൾ കടുപ്പമാണ്​, എന്നാലും പരമാവധി ശ്രമിക്കുക തന്നെ'' എന്നായിരുന്നു മറുപടി. മൂന്നാഴ്​ച ഐ.സി.യുവിൽ കോവിഡിനോട്​ മല്ലിട്ട്​ ഒടുവിൽ അദ്ദേഹം മരണത്തിന്​ കീഴടങ്ങി.

അതുകഴിഞ്ഞ്​, കഴിഞ്ഞ ആഴ്​ചകളിൽ ശ്​മശാനങ്ങളിൽനിന്ന്​ ആശുപത്രികളിലേക്കും തിരിച്ചുമുള്ള മരണപ്പാച്ചിലിലാണ്​ ഞാൻ. ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമം റിപ്പോർട്ട്​ ചെയ്യു​േമ്പാഴായിരിക്കും ഉറ്റവർക്കായി ഓക്​സിജൻ സിലിണ്ടർ ​ചുമലിലേറി ബന്ധുക്കൾ വരുന്നത്​, നൂറുകണക്കിന്​ തവണ പലരെ വിളിച്ചായിരിക്കും അവരത്​ സംഘടിപ്പിച്ചിട്ടുണ്ടാകുക. 50 കിലോമീറ്ററെങ്കിലും സഞ്ചരിച്ചിട്ടുണ്ടാകും, പുതിയ കാല നിരക്കും നൽകി കാണും. ഇത്രയൊക്കെ ആണെങ്കിലും അവർ ഭാഗ്യം ചെയ്​തവരാണ്​. തൊട്ടപ്പുറത്ത്​ അതിനുപോലും ഭാഗ്യമില്ലാത്തവരുടെ പിടച്ചിൽ കാണാം. ആശുപത്രി ജീവനക്കാരോടും എന്നെ പോലെ മാധ്യമപ്രവർത്തകരോടു വരെ അവർ ചോദിച്ചുകൊണ്ടിരിക്കും, ''മാഡം, നിങ്ങൾക്ക്​ വല്ല വിവരവുമുണ്ടോ? ഓക്​സിജൻ വന്നിട്ടുണ്ടോ?'' അവർക്ക്​ ഞാൻ എന്തു​മറുപടി കൊടുക്കും.

ശ്​മശാനങ്ങളിൽ, ഉറ്റവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളായി കാണും അവരുടെ കാത്തിരിപ്പ്​. എല്ലാം കഴിയു​േമ്പാഴേക്ക്​ വേർപാടി​െൻറ വേദന മാത്രമാകില്ല അവർക്കുമേൽ കുമിഞ്ഞിട്ടുണ്ടാകുക, കൊടിയ ക്ഷീണവും കൂടിയാകും. നീണ്ട സമയത്തെ കാത്തിരിപ്പും പി.പി.ഇ കിറ്റിൽ മണിക്കൂറുകൾ കുടുങ്ങിക്കിടക്കലും വിറകുകൾ ശേഖരിക്കാനുള്ള ഓട്ടവും അതുകഴിഞ്ഞ്​ അവ ചിതക്കു മുകളിൽ നിരത്തലുമെല്ലാം ഒറ്റക്കുതന്നെ നടത്തണം.

കഴിഞ്ഞ ദിവസം, എ​െൻറ കാമറാപേഴ്​സൺ പൂജ ആര്യയും ഞാനും വ്യത്യസ്​ത ശ്​മശാനങ്ങളിലെത്തിയായിരുന്നു റിപ്പോർട്ടിങ്​ നടത്തിയത്​. അതിനു പിറ്റേന്ന്​ ഞങ്ങളുടെ സഹപ്രവർത്തകരിലൊരാൾക്ക്​ സ്വന്തം മക​െൻറ സംസ്​കാരം ഒറ്റക്കു നിർവഹിക്കേണ്ടിവന്നു. അതു​േ​കട്ട്​ ഞങ്ങൾ ശരിക്കും തളർന്നു. കാറിൽ ഇരുവരും കണ്ണീരണിഞ്ഞ്​ ഏറെനേരം ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്​ വീണ്ടും സർദാർ പ​ട്ടേൽ കോവിഡ്​ കെയർ സെൻററിലെത്തി ഷൂട്ടിങ്​ തിരക്കിലമർന്നു. ഒരു ബെഡിനായി അനേകം പേരുടെ കാത്തിരിപ്പായിരുന്നു അവിടെ.

ഞങ്ങളുടെ കൺമുന്നിൽ, 52കാരിയായ മാതാവി​െൻറ മൃതദേഹം ഓ​ട്ടോയിലിരുത്തി സ്വന്തം മകൻ വിലപിക്കുകയാണ്​. മാതാവിനെ കൊണ്ടുവന്ന്​ മൂന്നു മണിക്കൂർ കാത്തിരിന്നിട്ടും ​ആശുപത്രിയിൽ ബെഡ്​ ലഭിച്ചിരുന്നില്ല. ചലനമറ്റ്​ ഓ​ട്ടോയിൽ കിടന്ന അമ്മക്ക്​ നെഞ്ചിൽ തിരുമ്മി ശ്വാസം തിരികെ നൽകാൻ മറ്റൊരു മക​െൻറ ശ്രമം കണ്ടു. ഉള്ളുലക്കുന്ന കാഴ്​ചയിൽ നെഞ്ചുപിടഞ്ഞെങ്കിലും റിപ്പോർട്ടു ചെയ്യാതെ തരമില്ലായിരുന്നു, അതുതന്നെയല്ലേ എല്ലായിടത്തേയും കാഴ്​ച.

എല്ലാ ദിവസവും എ​െൻറ ട്വിറ്റർ ഹാൻഡ്​ലിൽനിന്ന്​ ആശുപത്രി ബെഡ്​ തിരഞ്ഞും ഓക്​സിജൻ തേടിയുമുള്ള എസ്​.ഒ.സ്​ സ​േന്ദശങ്ങൾ ഞാൻ ട്വീറ്റ്​ ചെയ്യാറുണ്ട്​. ഇന്നിപ്പോൾ ഞാൻ ജന്മനാടായ കാൺപൂരിൽ എ​െൻറ കുടുംബത്തിലെ ഒരാൾക്കാണ്​ ഒരു സന്ദേശം ട്വീറ്റ്​ ചെയ്യുന്നത്​. ഒരു പ്ലാസ്​മ ദാതാവിനെയാണ്​ ആവശ്യം.

ഇത്​ എ​െൻറ മാത്രം കഥയല്ല. പല റിപ്പോർട്ടർമാരുടെയും കാമറപേഴ്​സൺമാരുടെയും ഫോ​ട്ടോഗ്രാഫർമാരുടെയുമാണ്​. ഓരോരുത്തരും തൊഴിലിനിടെ കാണുന്ന വേദനയോട്​ മല്ലിടുന്നതിനൊപ്പം ചുറ്റുമുള്ള നിരാശയും കണ്ണീരും കൂടി പങ്കുവെക്കേണ്ടിവരികയാണ്​. അവർ കണ്ണീരണിഞ്ഞ്​ ചിലപ്പോൾ നിങ്ങൾ കാണുന്നുണ്ടാകില്ല, പക്ഷേ ഉറക്കം നഷ്​ടപ്പെട്ട രാത്രികളാകും അവർക്ക്​. ചിലർ അവരുടെ മനസ്സി​െൻറ വേദനകൾ പങ്കുവെക്കുന്നുണ്ടാകില്ല. ​എന്നെ പോലെ േബ്ലാഗ്​ എഴുതുന്നുമുണ്ടാകില്ല. പക്ഷേ, കഥകൾ എല്ലാം ഒന്നുതന്നെ.

-സുകൃതി ദ്വിവേദി

(എൻ.ഡി.ടി.വി സീനിയർ റിപ്പോർട്ടറാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReporterCovidSecond Wave
News Summary - My Experience As An NDTV Reporter, Covering This Second Wave
Next Story