ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്നും മടങ്ങിയെത്തിയ രണ്ട്, മൂന്ന് വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സീറ്റ് അനുവദിക്കാനുള്ള പശ്ചിമബംഗാൾ സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ ജോലിയിൽ കയറുന്നതിനു മുമ്പുള്ള പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് ഉന്നതാധികാര സമിതിയായ ദേശീയ മെഡിക്കൽ കമീഷനിലെയും (എൻ.എം.സി) ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദ ഇന്ത്യൻ എക്സ്പ്രസ്'പത്രം റിപ്പോർട്ട് ചെയ്തു.
വിദേശത്ത് മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്നവർ തിയറിയും പ്രാക്ടിക്കലും 12 മാസത്തെ ഇന്‍റേൺഷിപ്പും അവിടെതന്നെ പൂർത്തിയാക്കണമെന്നാണ് മെഡിക്കൽ കമീഷൻ ചട്ടം. ബംഗാളിന്‍റെ നടപടി ഇതുമായി യോജിച്ചുപോകുന്നതല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്നിൽനിന്നും മടങ്ങിയെത്തിയ വിദ്യാർഥികളുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കാത്തതിനാൽ സംസ്ഥാനം തുടർപഠനത്തിന് അവസരം ഒരുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഏപ്രിൽ 28ന് പ്രഖ്യാപിച്ചിരുന്നു. കോളജുകളിലെ സീറ്റുകൾ വർധിപ്പിച്ചാണ് വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുന്നതെന്ന് പശ്ചിമ ബംഗാൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ദേബാശിഷ് ഭട്ടാചാര്യ പറഞ്ഞു. അതേസമയം, വിദ്യാർഥികളെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ തത്തുല്യ കോഴ്‌സുകളിൽ പ്രവേശിപ്പിക്കുന്നതിനുള്ള വഴികൾ കേന്ദ്ര സർക്കാർ അന്വേഷിച്ചുവരുകയാണെന്ന് എൻ.എം.സി ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്നിൽനിന്നും 18,000ത്തോളം മെഡിക്കൽ വിദ്യാർഥികളാണ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. 90,000 എം.ബി.ബി.എസ് സീറ്റുകൾ മാത്രമുള്ള ഇന്ത്യയിൽ ഇത്രയധികം വിദ്യാർഥികളെ ഉൾപ്പെടുത്താൻ ഒരു മാർഗവുമില്ലെന്ന് എൻ.എം.സി നേരത്തേ വ്യക്തമാക്കിയിരുന്നു.