Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടന്നുപോയ മാർഗദർശി

കടന്നുപോയ മാർഗദർശി

text_fields
bookmark_border
കടന്നുപോയ മാർഗദർശി
cancel

പ്രായത്തി​​െൻറ തണുപ്പും പതുപതുപ്പുമുള്ള കൈകൾ. ഇന്നലെമാത്രം പത്രപ്രവർത്തന ലോകത്തേക്ക് കടന്നുവന്ന ചെറുപ്പക്കാരെയും ആ കൈകളിൽ ചേർത്തു പിടിച്ച് സഹപ്രവർത്തകനോടെന്ന പോലെ കുൽദീപ് നയാർ സംസാരിക്കുമായിരുന്നു. ശരീരത്തി​​െൻറ തണുപ്പല്ല, ഒരു പോരാളിയുടെ ചൂടാണ് അന്നേരം പകർന്നു കിട്ടുക. പ്രായാധിക്യം കൊണ്ട് വിറക്കുകയും യുവാവി​​െൻറ ഉൗർജത്തോടെ സംസാരിക്കുകയും ചെയ്യുന്ന അതികായൻ ഡൽഹിയിലെ ഒാരോ മാധ്യമപ്രവർത്തകനും വടവൃക്ഷത്തി​​െൻറ തണൽ കൂടിയായിരുന്നു. 

വയസ്സ്​ 94 കഴിഞ്ഞെങ്കിലും വസന്ത് വിഹാറിലെ വസതിയിൽ മാത്രമായി കുൽദീപ് നയാർ ഒതുങ്ങിക്കൂടിയിട്ട് ഏതാനും മാസങ്ങൾമാത്രം. അതിനു മുമ്പത്തെ മിക്ക സായാഹ്നങ്ങളിലും അദ്ദേഹം അവിടെയുണ്ടാവില്ല. സമ്മേളനങ്ങൾക്കും സൗഹൃദ വലയങ്ങൾക്കുമിടയിലൂടെ കുൽദീപ് നയാർ നിത്യവും നടന്നു. മനുഷ്യാവകാശ പോരാട്ടത്തിൽ, മാധ്യമ സ്വാതന്ത്ര്യ പ്രശ്നങ്ങളിൽ, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിൽ, അയൽപക്ക ബന്ധങ്ങളിൽ സമാധാനത്തി​​െൻറ കൈത്തിരി കൊളുത്തുന്നതിൽ... അതിനെല്ലാം വേണ്ടിയുള്ള ഏതു ചുവടുവെയ്പുകളുടെയും മുന്നിൽ കുൽദീപ് നയാർ നടന്നു. 

വിഭജന കാലത്ത് പാകിസ്താനിലെ സിയാൽക്കോട്ടിൽനിന്ന് തുടങ്ങിയതാണ് ആ യാത്ര. സ്വാതന്ത്ര്യത്തിനൊപ്പം നാട്​ നെടുകെ പിളർന്നപ്പോൾ പാകിസ്താനിൽതന്നെ നിൽക്കാൻ കൊതിച്ചെങ്കിലും, ഭാവിയെ കരുതി മാതാപിതാക്കൾ ഡൽഹി ദരിയാഗഞ്ചിലേക്ക് കയറ്റിവിട്ടതു മുതലുണ്ട്, പറയാൻ ഒരുപാട്. അത് ചിലരോടെങ്കിലും കുൽദീപ് നയാർ വല്ലപ്പോഴും പങ്കുവെക്കുമായിരുന്നു.. ബി.എ ഒാണേഴ്സും ഒരു കൊച്ചു ബാഗുമായി ദരിയാഗഞ്ചിൽ അമ്മയുടെ അമ്മായിയുടെ അടുത്തേക്ക് 23കാരനായ കുൽദീപ് എത്തിയത് വിഭജനത്തി​​െൻറ ചോരച്ചാലുകൾക്ക് ഇടയിലൂടെയായിരുന്നു.

അന്ന് ക്ലർക്കായി ജോലികിട്ടാനും, ക്ലർക്കായിത്തന്നെ ജീവിച്ചുതീരാനും ഡൽഹിയിൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അതൊഴികെ വേറെന്തും ചെയ്യാമെന്നായിരുന്നു അദ്ദേഹത്തി​​െൻറ ചിന്ത. അങ്ങനെയാണ് ഉർദു പത്രത്തി​​െൻറ റിപ്പോർട്ടറാകുന്നത്. പാകിസ്താനിൽ ജീവിച്ചതുകൊണ്ട് ഉർദു നന്നായി വഴങ്ങി. പക്ഷേ, ഉർദുവിന് ഭാവിയില്ലെന്ന് ഉപദേശിച്ചത് അന്നത്തെ പ്രമുഖ ഉർദു കവി ഹാലിയായിരുന്നു. ഇംഗ്ലീഷിലേക്ക് കുടിയേറ്റം നടത്തണമെന്ന മോഹം അങ്ങനെ മനസ്സിൽ ഉറപ്പിച്ചതിനൊടുവിലാണ് ഷികാഗോ മെഡിൽ സ്കൂൾ ഒാഫ് േജണലിസത്തിലേക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ പോകുന്നതിന് അവസരം തെളിഞ്ഞു കിട്ടിയത്. 

എന്നാൽ, വിദേശ പഠനത്തി​​െൻറ എല്ലാ ചെലവുകളും സ്കോളർഷിപ്പുകൊണ്ട് നടക്കുമായിരുന്നില്ല. പാത്രം കഴുകാനും ഭക്ഷണമുണ്ടാക്കാനും സഹായിച്ച് വയറ്റുപിഴപ്പിനുള്ള വക കണ്ടെത്തിയിട്ടുണ്ട്. കൊടുംതണുപ്പു വകവെക്കാതെ ചില വീടുകളുടെ കതകും ജനലുമൊക്കെ തുടച്ചു വൃത്തിയാക്കാൻ കൂടിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് ഞാൻ ജീവിതവും പത്രപ്രവർത്തനവും കരുപ്പിടിച്ചതെന്ന് നടന്ന വഴികൾ മറക്കാതെ അദ്ദേഹം ഒാർത്തെടുക്കും. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ആരോടും അദ്ദേഹം അനായാസം ഇടപഴകിയതും അതുകൊണ്ടൊക്കെ തന്നെ. 
ഇന്ത്യയിൽ തിരിച്ചെത്തി യു.പി.എസ്.സി പരീക്ഷയെഴുതി ജയിച്ച് ഇൻഫർമേഷൻ ഒാഫിസറായത്, അന്നത്തെ ആഭ്യന്തരമന്ത്രി ജി.ബി പന്തിനും പിന്നെ, പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിക്കും വേണ്ടി ഇൻഫർമേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചത് എന്നിങ്ങനെ തുടങ്ങുന്നതാണ് കുൽദീപ് നയാറുടെ തൊഴിൽ മേഖലയിലെ രണ്ടാംഘട്ടം. പിന്നെ വാർത്ത ഏജൻസികളിൽ, ലണ്ടനിലെ ടൈംസ് അടക്കം പല പത്രങ്ങളിൽ ജ്വലിച്ചുനിന്ന മാധ്യമപ്രവർത്തകൻ. അടിയന്തരാവസ്ഥക്കാലത്ത് അറസ്​റ്റിനു മുന്നിൽ കുൽദീപ് നയാർ മുട്ടുമടക്കിയില്ല. കാലം പിന്നെയും കടന്നുപോയ​േപ്പാൾ കിട്ടിയ ഹൈകമീഷണർ, രാജ്യസഭാംഗം തുടങ്ങിയ സ്ഥാനമാനങ്ങൾക്കു മുമ്പിൽ കണ്ണു മഞ്ഞളിച്ചതുമില്ല. പറയാനുള്ളതു നിർഭയമായി പറഞ്ഞതി​​െൻറ നേർസാക്ഷ്യങ്ങളായി നിരവധി പുസ്തകങ്ങൾ; 14 ഭാഷകളിലായി 80ഒാളം പത്രങ്ങളിൽ പംക്തികൾ.

ഏഴു പതിറ്റാണ്ടിലേറെ സ്വതന്ത്ര ഇന്ത്യക്കൊപ്പം നടന്ന അതികായന്, ത​​​െൻറ ശ്രോതാക്കളോട് പറയാൻ ഒരുപാടുണ്ടായിരുന്നു. പുതിയ തലമുറക്ക് അതിൽനിന്നു പഠിക്കാൻ അതിലേറെയുണ്ടായിരുന്നു. ഒാരോ വേദിയിലും, ഒാരോ സംസാരത്തിലും കുൽദീപ് നയാർ പങ്കുവെച്ചത് അനുഭവത്തഴക്കമുള്ള പുതിയ വിവരങ്ങൾ; പുതിയ വീക്ഷണങ്ങൾ. സ്വതന്ത്ര ഇന്ത്യയിൽ മാധ്യമപ്രവർത്തന മേഖല നേരിടുന്ന വെല്ലുവിളികളിലേക്ക് വിരൽചൂണ്ടി, സ്വതന്ത്ര മാധ്യമപ്രവർത്തനത്തി​​െൻറ ഇടം കുറഞ്ഞുവരുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകി, സ്വാധീനങ്ങൾക്കു വഴിപ്പെടുന്ന മാധ്യമപ്രവർത്തനത്തിനു താക്കീതു നൽകി കുൽദീപ് നയാർ തലയുയർത്തി നിന്നു. അധികാരവും മാധ്യമപ്രവർത്തനവുമായുള്ള നിരന്തര യുദ്ധങ്ങൾക്കിടയിൽ ആർക്കു മുന്നിലും ശിരസ്സ്​ കുനിക്കേണ്ടി വന്നിട്ടില്ലെന്ന അഭിമാനബോധമായിരുന്നു അതി​​െൻറ കാതൽ. അതിനിടയിൽ പറയും: ‘എനിക്ക് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല.’

വിഭജനം 24ാം വയസ്സിലും 94ാം വയസ്സിലും കുൽദീപ് നയാരെ ഒരുപോലെ അലട്ടിയിരുന്നു. ഇന്ത്യയും പാകിസ്താനുമെന്ന വിഭജനം പിന്നീട് സ്വതന്ത്ര ഇന്ത്യ 70 വർഷത്തിനു ശേഷം വിഭാഗീയതയിലാണ് എത്തിനിൽക്കുന്നതെന്ന് കുൽദീപ് നയാർ നൊമ്പരപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതി​​െൻറ 70ാം വാർഷികം പ്രമാണിച്ച് ഒരു വർഷം മുമ്പ് അഭിമുഖം നടത്തുേമ്പാൾ അദ്ദേഹം പറഞ്ഞു: ‘‘രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നപ്പോൾ, കരുത്തുള്ള ഇന്ത്യയുടെ ഭാഗമായിത്തീരുന്നുവെന്ന അഭിമാനബോധമുണ്ടായിരുന്നു മനസ്സിൽ. 70 വർഷം പിന്നിട്ട ശേഷം നോക്കുേമ്പാൾ, വിഭജിത ഇന്ത്യയാണ് ഇന്നും കൺമുന്നിൽ. മനസ്സുകളുടെ വിഭജനമാണ് ഇന്നത്തെ രാഷ്​​്ട്രീയം നിയന്ത്രിക്കുന്നവർ നടത്തുന്നത്.’’
‘നാലാം തൂണ്’ പ്രതിബദ്ധതയിൽ വെള്ളം ചേർക്കാതെ ഉണർന്നു പ്രവർത്തിക്കാൻ രാജ്യത്തെയും പത്രപ്രവർത്തന മേഖലയേയും എന്നും ആഹ്വാനുംചെയ്ത അതികായനാണ് നടന്നു മറഞ്ഞത്. ഡൽഹിയിലെ മാത്രമല്ല, ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കും നഷ്​ടപ്പെട്ടത് കാരണവരെയാണ്.  ‘മാധ്യമ’ത്തിന്, പത്രത്തി​​െൻറ ഉദ്ഘാടകനും അവസാന കാലം വരെ സ്ഥിരം കോളമിസ്​റ്റും മാത്രമായിരുന്നില്ല കുൽദീപ് നയാർ; അഭ്യുദയകാംക്ഷിയും മാർഗദർശിയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuldeep nayyarmalayalam newsJouralist
News Summary - Kuldeep nayyar is a guide for journalist
Next Story