'ജയിലിൽ കിടന്നിട്ട് കുറേ നാളായി'; മംഗളൂരു സർവകലാശാല ഗണേശോത്സവ വിവാദം കൊഴുപ്പിച്ച് ആർ.എസ്.എസ് നേതാവ്
text_fieldsഡോ.കല്ലട്ക്ക പ്രഭാകർ ഭട്ട്
മംഗളൂരു: ഈ മാസം 19ന് മംഗളൂരു സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ഗണേശോത്സവ വേദിയേയും ഫണ്ടിനേയും ചൊല്ലിയുള്ള വിവാദം കൊഴുപ്പിക്കാൻ ആർ.എസ്.എസും.
"ഗണേശ ഭഗവാനെ പുറത്താക്കാനാണ് സർവകലാശാല ഭാവമെങ്കിൽ പൊരുതി അറസ്റ്റ് വരിക്കും, അറസ്റ്റും ജയിലുമൊക്കെ അനുഭവിച്ചിട്ട് കുറേനാളായി" -ആർ.എസ്.എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകർ ഭട്ട് പറഞ്ഞു. മംഗളൂരു സർവകലാശാലക്കെതിരെ അസൈഗോളി മൈതാനത്ത് സംഘടിപ്പിച്ച ഭജന സംഗമം ഉദ്ഘാടനം ചെയ്തായിരുന്നു ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന.
ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള സർവകലാശാലയിൽ നിന്ന് ഗണേശ ഭഗവാനെ പുറന്തള്ളാമെന്നാണോ വിചാരിക്കുന്നത്. ഞങ്ങൾ ഇവിടത്തുകാർ തന്നെയാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും ഭട്ട് പറഞ്ഞു.
പതിവിന് വിപരീതമായി ഇത്തവണ ഗണേശോത്സവം ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്താണ് നടത്തുന്നതെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും ആരോപിക്കുന്നത്.
ഗണേശോത്സവം മംഗളൂരു സർവകലാശാല മംഗള ഹാളിൽ നടത്താനും ചെലവ് സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിക്കാനും നിർദേശം നൽകണം എന്നാവശ്യപ്പെടുന്ന നിവേദനം കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിയും എം.എൽ.എമാരും രാജ്ഭവനിൽ ചാൻസലർ കൂടിയായ ഗവർണർ തവർ ചന്ദ് ഗഹ് ലോടിനെ സന്ദർശിച്ച് സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഭജനം സംഘടിപ്പിച്ചത്.
സർവകലാശാല സാംസ്കാരിക ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് പകരം വിദ്യാർഥികളിൽ നിന്ന് പണം പിരിച്ച് ഗണേശ ചതുർഥി ആഘോഷം നടത്തുന്നത് വിശ്വാസികൾക്ക് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും ആർ.എസ്.എസ് ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് ദശാബ്ദങ്ങളായി ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് തന്നെയാണ് ഗണേശോത്സവ പരിപാടികൾ നടത്താറുള്ളതെന്ന വൈസ് ചാൻസലർ ജയരാജ് അമിന്റെ വിശദീകരണം വിശ്വാസികളെ മുൻനിർത്തി നടത്തുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ വിലപ്പോവുന്നില്ലെന്നും കൊവിഡ് കാലത്ത് മാത്രമാണ് വേദി മാറ്റിയതെന്നും ആർ.എസ്.എസ് പറഞ്ഞു.
അതേസമയം, സർവകലാശാല ഫണ്ട് ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഓഡിറ്റ് വിലക്കുണ്ടെന്നും പെൻഷൻ നൽകാൻ ഫണ്ടില്ലാത്ത അവസ്ഥയിലാണ് ഉള്ളതെന്നുമാണ് വി.സിയുടെ വിശദീകരണം.