അമേരിക്കയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് ഇന്ത്യക്ക് കാഴ്ചപ്പാടുണ്ട് -എസ്. ജയശങ്കർ
text_fieldsന്യൂഡൽഹി: ജനങ്ങൾക്ക് ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് വീക്ഷണങ്ങൾ ഉണ്ടായിരിക്കാൻ അർഹതയുള്ളതുപോലെ തന്നെ, അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും കാഴ്ചപ്പാടുകളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ-യു.എസ് ടു പ്ലസ് ടു മന്ത്രിതല യോഗത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ചാ വിഷയമായിരുന്നില്ലെന്നും കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിൽ ഇന്ത്യ മടികാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ ഏറി വരികയാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ബ്ലിങ്കന്‍റെ പരാമർശം. 'ജനങ്ങൾക്ക് നമ്മളെ കുറിച്ച് ഓരോ കാഴ്ചപ്പാടുകളുണ്ട്. അതുപോലെ തന്നെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ കുറിച്ചും താൽപര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെ കുറിച്ചും നമുക്കും വീക്ഷണങ്ങളുണ്ട്. ചർച്ച നടക്കുമ്പോഴെല്ലാം ഇതിനെ കുറിച്ച് സംസാരിക്കാൻ മടികാണിക്കില്ല' -ജയശങ്കർ പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ മനുഷ്യാവകാശ സാഹചര്യങ്ങളിൽ ഇന്ത്യയും നിലപാട് വ്യക്തമാക്കും. ഈ രാജ്യങ്ങളിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിൽ നമ്മൾ ഏറ്റെടുക്കും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് അമേരിക്കക് തൃപ്തിപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.