143 വർഷം പഴക്കം, അറിയപ്പെട്ടിരുന്നത് 'കൊട്ടാര പാലം'; മോർബിയുടെ ചരിത്രം അറിയാം
text_fieldsഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് 141പേർ മരിച്ച സംഭവം രാജ്യെത്ത ഞെട്ടിച്ചിരിക്കുകയാണ്. മാച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നുവീണ് സ്ത്രീകളും കുട്ടികളുമടക്കമാണ് കൊല്ലപ്പെട്ടത്. 143 വർഷം പഴക്കമുള്ള തൂക്കുപാലമാണ് തകർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബർ 26 നാണ് പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്. അതിനുപിന്നാലെയായിരുന്നു അപകടം.
മോർബിയുടെ ചരിത്രം
ഗുജറാത്തിലെ മോർബി നഗരത്തിലുള്ള മാച്ചു നദിയിൽ സ്ഥിതി ചെയ്യുന്ന 230 മീറ്റർ നീളമുള്ള തൂക്കുപാലം അതിന്റെ പൗരാണികത്വംകൊണ്ട് ശ്രദ്ധേയമാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മോർബിയും അതിന് അടുത്തുള്ള സ്ഥലങ്ങളും. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഈ പാലം കാണാൻ എത്താറുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഗംഗയിലുള്ള രാമൻ ജൂല, ലക്ഷ്മൺ ജൂല പാലങ്ങൾക്കു സമാന്തരമായാണ് പാലം നിർമിച്ചിരിക്കുന്നത്.
143 വർഷം മുമ്പ് മോർബിയുടെ മുൻ ഭരണാധികാരി സർ വാഗ്ജി താക്കൂർ നിർമിച്ചതാണ് ഈ പാലമെന്ന് ചരിത്ര രേഖകൾ പറയുന്നു. കൊളോണിയൽ സ്വാധീനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. 'കൊട്ടാര പാലം'എന്നാണിത് അറിയപ്പെട്ടിരുന്നത്. ദർബർഗഡ് കൊട്ടാരത്തെ നസർബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകൊട്ടാരങ്ങൾ) ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്.
1879 ഫെബ്രുവരി 20ന് അന്നത്തെ മുംബൈ ഗവർണറായിരുന്ന റിച്ചാർഡ് ടെമ്പിളാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പാലം നിർമിക്കാനുള്ള എല്ലാ വസ്തുക്കളും ഇംഗ്ലണ്ടിൽ നിന്നാണ് എത്തിച്ചത്. നിർമാണത്തിന് 3.5 ലക്ഷം രൂപ ചെലവായി. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
ആറ് മാസത്തെ നവീകരണം
ഇക്കഴിഞ്ഞ മാർച്ചു മുതൽ പാലം നവീകരിക്കുന്നതിനായി ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26ന്, അതായത് അപകടം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് വീണ്ടും തുറന്നത്. രണ്ടുകോടി രൂപ ചെലവിലാണ് പാലത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾക്കുശേഷം അധികൃതർ പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.
സഞ്ചാരികളുടെ ഒഴുക്ക്
ഞായറാഴ്ച ആയതിനാലും ദീപാവലി തിരക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും അപകട ദിവസം പാലത്തിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഏതാനും ചെറുപ്പക്കാർ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങിയെന്നും ഇതുമൂലം ആളുകൾ നടക്കാൻ ബുദ്ധിമുട്ടിയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചെങ്കിലും അവർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
'പാലത്തിന് മുകളിൽ വലിയ ജനത്തിരക്കായിരുന്നു. ഏതാനും ചെറുപ്പക്കാർ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങി. അപ്പോൾ ഞാനും കുടുംബവും പാലത്തിനു മുകളിലുണ്ടായിരുന്നു. ഇത് അപകടകരമാണെന്ന് തോന്നിയതിനാൽ, പാലത്തിലൂടെ കുറച്ച് ദൂരം നടന്ന ശേഷം ഞങ്ങൾ തിരിച്ചിറങ്ങി'-വിജയ് ഗോസ്വാമി പറഞ്ഞു.
'ചിലർ പാലം കുലുക്കുന്നുണ്ടെന്ന് അവിടുന്നു പോരുന്നതിനു മുൻപ് ഞാൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ടിക്കറ്റ് വിൽപനയിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരക്ക് നിയന്ത്രിക്കാമുള്ള സംവിധാനമില്ലെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ പോയി മണിക്കൂറുകൾക്ക് ശേഷം പാലം തകർന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.