Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവലിംഗം കെട്ടുകഥ;...

ശിവലിംഗം കെട്ടുകഥ; പള്ളിഭിത്തി പൊളിക്കരുത് -മസ്ജിദ് കമ്മിറ്റി; ജില്ലാ കോടതിക്കെതിരെ സി.പി.എം

text_fields
bookmark_border
ശിവലിംഗം കെട്ടുകഥ; പള്ളിഭിത്തി പൊളിക്കരുത് -മസ്ജിദ് കമ്മിറ്റി; ജില്ലാ കോടതിക്കെതിരെ സി.പി.എം
cancel
Listen to this Article

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭിത്തി പൊളിക്കണമെന്ന ആവശ്യത്തിനെതിരെ വാരാണസി കോടതിയിൽ പള്ളി കമ്മിറ്റി സത്യവാങ്മൂലം ഫയൽ ചെയ്തു. ശിവലിംഗം കണ്ടെത്തിയെന്ന വാദം കെട്ടുകഥയാണ്. കണ്ടെത്തിയ വസ്തു ഏതാണോ, അതിനെ ശിവലിംഗമെന്ന് വിശേഷിപ്പിക്കാൻ കോടതി നിയോഗിച്ച കമീഷണർക്കോ ഹരജിക്കാർക്കോ അവകാശമില്ല. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനപ്പെടുത്തി കോടതി ഉത്തരവ് ഇറക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

പള്ളിയുടെ ഭിത്തി പൊളിച്ചാൽ മസ്ജിദ് തകരും. ഏതൊരുവിധ പൊളിക്കലും മുസ്‍ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതും അന്തരീക്ഷം മോശമാക്കുന്നതുമാണ്. ക്രമസമാധാനം പരിപാലിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ട്. സർവേ റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ല. ശിവലിംഗമായി പരാതിക്കാർ വിശേഷിപ്പിക്കുന്ന ജലധാരയിൽ നിന്നുള്ള എല്ലാ അളവുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവറയുടെ വിശദാംശങ്ങളും കാമറയിൽ പകർത്തിയിട്ടുണ്ട്. പള്ളിയുടെ ഭിത്തി പൊളിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് 1991ലെ ആരാധനാലയ നിയമത്തിന്റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ്. കമീഷണറുടെ റിപ്പോർട്ടിന്മേൽ ഒരു തീരുമാനമാകുന്നതുവരെ പുതിയ പുതിയ ആവശ്യങ്ങളുമായി കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ ഹരജിക്കാരെ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തിൽ അഭ്യർഥിച്ചു.

പള്ളി വളപ്പിൽ വീഡിയോഗ്രഫി അനുവദിച്ചത് തെറ്റായ തീരുമാനമാണെന്ന് സി.പി.എം

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിൽ വാരാണസി ജില്ലാ കോടതിക്കെതിരെ സി.പി.എം. കോടതിയുടെ മേൽനോട്ടത്തിൽ പള്ളി വളപ്പിൽ വീഡിയോഗ്രഫി അനുവദിച്ചത് തെറ്റായ തീരുമാനമാണെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ശക്തികൾക്ക് ദുരുപയോഗം നടത്താവുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉണ്ടാക്കിയത്. 1991ലെ ആരാധനാലയ നിയമത്തിന്റെ അന്തഃസത്ത ഒരു വിധത്തിലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അങ്ങേയറ്റം ​ജാഗ്രത വേണ്ടതുണ്ട്. മത കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനും അവയുടെ നിലവിലെ ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ തടയാനുമാണ് ആ നിയമം കൊണ്ടുവന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

ഫേസ്​ബുക്ക്​​ പോസ്റ്റിട്ട ​പ്രഫസർക്കെതിരെ കേസ്​

ന്യൂഡൽഹി: കാശിയിലെ ഗ്യാൻവാപി മസ്​ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ പരിഹസിച്ച്​ സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ടതിന്​ ഡൽഹി സർവകലാശാല പ്രഫസർക്കെതിരെ കേസ്​. ഹി​ന്ദു കോളജിൽ ച​രിത്രവിഭാഗം അസോസിയറ്റ്​ പ്രഫസറും ദലിത്​ ആക്ടിവിസ്റ്റുമായ രത്തൻ ലാലിനെതിരെയാണ്​ ഡൽഹി സൈബർ പൊലീസ്​ 153-എ, 295-എ വകുപ്പുകൾ ചുമത്തി കേസ്​ രജിസ്റ്റർ ചെയ്തത്​.

പ്രത്യേക മതവിഭാഗത്തെ മോശമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്​ പോസ്​റ്റെന്ന്​ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡൽ നൽകിയ ​പരാതിയിലാണ്​ കേസ്​​. മതവികാരം വ്രണ​പ്പെടുത്താൻ ഉദ്ദേശിച്ചി​ല്ലെന്നും പരിഹാസം മാത്രമാണെന്നും വ്യക്തമാക്കിയ രത്തൻലാൽ ​ഫേസ്​ബുക്ക്​ പോസ്റ്റ്​ പിൻവലിക്കാൻ തയാറായില്ല. പോസ്റ്റിട്ടതിന്​ പിന്നാലെ തനിക്ക്​ വധഭീഷണികൾ​ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന്​ രത്തൻലാൽ പറഞ്ഞു. അംബേദ്​കർ നാമ എന്ന പേരിൽ യൂട്യൂബ്​ ചാനൽവഴി രത്തൻലാൽ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gyanvapi mosque
News Summary - Do not demolish the wall of the mosque says gyanvapi mosque committee
Next Story