Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈറസ് മിസ്ത്രിയുടെ...

സൈറസ് മിസ്ത്രിയുടെ മരണം: ബെൻസ് കാറിലെ ചിപ്പ് ജർമനിയിൽ അയക്കും; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ്

text_fields
bookmark_border
സൈറസ് മിസ്ത്രിയുടെ മരണം: ബെൻസ് കാറിലെ ചിപ്പ് ജർമനിയിൽ അയക്കും; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ്
cancel

മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെയും സുഹൃത്തിന്റെയും മരണത്തിലേക്ക് നയിച്ച അപകടത്തിൽപെട്ട മെഴ്‌സിഡസ് ബെൻസ് ജി.എൽ.സി കാറിന്റെ ഡാറ്റാ ചിപ്പിലെ വിവരങ്ങൾ ശേഖരിക്കാൻ ജർമനിയിലേക്ക് അയക്കും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഞായറാഴ്ച മഹാരാഷ്ട്ര പാൽഘറിലുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്.

"വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുഴുസമയവും രേഖപ്പെടുത്തുന്ന ഡാറ്റ ചിപ്പ് വിശകലനത്തിനായി ജർമ്മനിയിലേക്ക് കൊണ്ടുപോകും. ഈ ആഴ്ച തന്നെ ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ലഭിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്' പാൽഘർ ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീൽ പറഞ്ഞു.

മെഴ്‌സിഡസ് ബെൻസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തിങ്കളാഴ്ച പാൽഘർ സന്ദർശിച്ച് തകർന്ന വാഹനത്തിൽ നിന്ന് ഇലക്ട്രോണിക് ഡാറ്റ ചിപ്പ് കണ്ടെടുത്തിരുന്നു. കമ്പനി ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യും. ഇവർ നൽകുന്ന റിപ്പോർട്ട് എല്ലാ തലങ്ങളും ഉൾക്കൊള്ളുന്നതായിരിക്കുമെന്നും അന്വേഷണ സംഘത്തിന് അപകടവുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ലഭ്യമാകുമെന്നും പാട്ടീൽ പറഞ്ഞു.

"ഞങ്ങൾ ബെൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അവരോട് ചില സംശയങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങൾക്കും വിശദമായ മറുപടി ചിപ്പ് വിശകലനം ചെയ്ത് ലഭ്യമാക്കു​മെന്ന് അറിയിച്ചിട്ടുണ്ട്. അന്വേഷണം കുറച്ച് ചോദ്യങ്ങളിൽ മാത്രം ഒതുക്കാതെ അവരുടെ റിപ്പോർട്ടിനായി കാത്തിരിക്കാൻ തീരുമാനിച്ചു. കൂടുതൽ വിശദമായ റിപ്പോർട്ട് അന്വേഷണത്തിന് ഗുണം ചെയ്യും' -പാട്ടീൽ പറഞ്ഞു.

ടയറുകളുടെ മർദ്ദം, അപകട സമയത്തെ വേഗത, സ്റ്റിയറിങ് വീൽ, സീറ്റ് ബെൽറ്റുകളുടെയും എയർബാഗുകളുടെയും പ്രവർത്തനം, മറ്റ് എന്തെങ്കിലും തകരാറുകൾ തുടങ്ങിയവ ഇതിൽനിന്ന് ലഭിക്കും. അപകടം നടക്കുമ്പോൾ എസ്‌യുവിയിലെ ഏഴ് എയർബാഗുകളിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.

"ഞങ്ങളുടെ നിരീക്ഷണം അനുസരിച്ച് മുൻവശത്തെ രണ്ട് എയർബാഗുകൾ പൂർണ്ണമായി വീർത്തിരുന്നു. മിസ്ത്രി ഇരുന്ന പിൻവശത്തെ സീറ്റിന് മുകളിലുള്ള മൂന്നാമത്തേത് ഭാഗികമായി മാത്രമേ പ്രവർത്തിച്ചുള്ളൂ" -പാട്ടീൽ പറഞ്ഞു. മരിച്ച രണ്ടുപേരെയും സംരക്ഷിക്കാൻ കഴിയുമായിരുന്ന, മുൻ സീറ്റുകളുടെ പിന്നിലുള്ള എയർബാഗുകൾ വീർത്തിരുന്നില്ല. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കും. പിന്നിലെ യാത്രക്കാർക്ക് മുൻവശത്ത് എയർബാഗുകൾ ഇല്ലെങ്കിലും വശങ്ങളിലും റൂഫിലും ഉണ്ട്.

തിങ്കളാഴ്ച മെഴ്‌സിഡസ് ബെൻസിന്റെപൂണെ ഓഫിസിൽ നിന്നുള്ള ആറംഗ സംഘം തകർന്ന വാഹനവും അപകട സ്ഥലവും വിശദമായി പരിശോധിച്ചു. റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ വിദഗ്ധ സംഘവും കലിന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫോറൻസിക് വിദഗ്ധരുടെ സംഘവും അപകടമേഖല പരിശോധിച്ചിട്ടുണ്ട്. ചിപ്പ് അനാലിസിസ് റിപ്പോർട്ട്, ആർടിഒയുടെയും ഫോറൻസിക് വിദഗ്ധരുടെയും റിപ്പോർട്ടുകൾ, അന്വേഷണ സംഘം രേഖപ്പെടുത്തിയ സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം നാലിനാണ് ഗുജറാത്തിലെ പാഴ്സി തീർഥാടന നഗരമായ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ സൈറസ് മിസ്ത്രി (54), സുഹൃത്ത് ജഹാംഗീർ പണ്ടോൾ എന്നിവർ അപകടത്തിൽ മരിച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ടോൾ (55), ഭർത്താവ് ഡാരിയസ് (60) എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാർ ഞായറാഴ്ച വൈകീട്ട് 3.15 ന് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിൽ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathGermanyCyrus MistryMercedes benzaccident
News Summary - Chip in Cyrus Mistry’s Mercedes Benz car holds many answers, being sent to Germany: Police
Next Story