Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിധുരി പറഞ്ഞത് ഉടനടി...

ബിധുരി പറഞ്ഞത് ഉടനടി മനസ്സിലായി​ല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി: ‘പ്രസംഗം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായിരുന്നില്ല, ഡാനിഷിന് എല്ലാ പിന്തുണയും’

text_fields
bookmark_border
ബിധുരി പറഞ്ഞത് ഉടനടി മനസ്സിലായി​ല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി: ‘പ്രസംഗം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായിരുന്നില്ല, ഡാനിഷിന് എല്ലാ പിന്തുണയും’
cancel

ന്യൂഡൽഹി: പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം പുതിയ പാർലമെൻറ് മന്ദിരത്തിൽ അത്ര കാര്യക്ഷമം അല്ലാത്തതിനാലും രൂഷകമായ തർക്കം നടക്കുന്നതിനാലും ബി.ജെ.പി എം.പി രമേശ് ബിധുരിയുടെ വിദ്വേഷ പ്രസംഗം ഉടനടി കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞി​ല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. സെപ്റ്റംബർ 21ന് പാർലമെൻറിൻറെ പ്രത്യേക സമ്മേളനം നടന്നപ്പോഴായിരുന്നു ഡാനിഷ് അലി എം.പിക്കെതിരെ രാജ്യത്തെ ഞെട്ടിച്ച അധിക്ഷേപ പരാമർശങ്ങൾ ബിധുരി നടത്തിയത്. ഈ സമയത്ത് കൊടിക്കുന്നിൽ സുരേഷായിരുന്നു ലോക്സഭ നിയ​​ന്ത്രിച്ചിരുന്നത്. രമേശ് ബിദുരിയുടെ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ വളരെ രൂക്ഷമായ തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നും ​കൊടിക്കുന്നിൽ പറഞ്ഞു.

‘രമേശ് ബിദുരി എംപി, ഡാനിഷ് അലി എം പിക്ക് നേരെ അശ്ലീലവും ജാതീയ അപമാനവും ഉൾപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചത് അറിഞ്ഞ ആ നിമിഷം തന്നെ സഭാനാഥൻ എന്ന നിലയിൽ ആ നിന്ദ്യമായ പരാമർശങ്ങൾ എല്ലാം തന്നെ രേഖകളിൽ നിന്ന് ഒഴിവാക്കുക എന്ന നടപടി ഞാൻ അപ്പോൾത്തന്നെ സ്വീകരിച്ചു. ഇതിൻ്റെ രേഖകൾ ലോക്സഭ വെബ് സൈറ്റിലെ തിരുത്തപ്പെടാത്ത ചർച്ചകൾ എന്ന വിഭാഗത്തിൽ ലഭ്യമാണ്. സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ഡാനിഷ് അലി എം പിയുടെ വേദന മനസ്സിലാക്കുകയും അദേഹത്തിന് നീതി ലഭിക്കാൻ സാധ്യമായ നടപടികൾക്ക് അപ്പോൾ തന്നെ തുടക്കമിടുകയും ചെയ്തു. തുടർന്നും ഡാനിഷ് അലിക്ക് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു’ -കൊടിക്കുന്നിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

കൊടിക്കുന്നിൽ സുരേഷ് എഴുതിയ വിശദീകരണ കുറിപ്പ് വായിക്കാം:

ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ന് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം നടന്നപ്പോൾ ഉണ്ടായ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് എൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ചില മാധ്യമങ്ങൾ ഞാൻ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ മതിയായ രീതിയിൽ ഇടപെട്ടില്ല, രമേശ് ബിദുരിയുടെ മൈക്ക് ഓഫ് ചെയ്തില്ല, ഡാനിഷ് അലിയോട് ഇരിക്കാൻ പറഞ്ഞു എന്നൊക്കെ വാർത്ത റിപ്പോർട്ട് ചെയ്തത് തികച്ചും ദൗർഭാഗ്യകരമാണ്.

ലോക്സഭയിൽ ചന്ദ്രയാൻ ദൗത്യത്തെപ്പറ്റി നടന്ന പ്രത്യേക ചർച്ചയുടെ അവസാന ഭാഗം ആകുമ്പോഴാണ് ബിജെപിയുടെ ലോക്സഭാ മെമ്പർ ആയ രമേശ് ബിദുരി എന്ന കുപ്രസിദ്ധനായ അംഗം തൻ്റെ പ്രസംഗം രാത്രി 10:53 ന് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ രമേശ് ബിദുരിക്കെതിരെ പല തവണ സഭ നിയന്ത്രിക്കുമ്പോൾ മുൻപും താക്കീതുകൾ നൽകിയിട്ടുണ്ട് എന്നത് കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

രമേശ് ബിദുരിയുടെ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ വളരെ രൂക്ഷമായ തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു, ഒപ്പം തന്നെ പ്രസംഗം തൽസമയം പരിഭാഷപ്പെടുത്തുന്ന സംവിധാനവും പുതിയ പാർലമെൻറ് മന്ദിരത്തിൽ അത്ര കാര്യക്ഷമം അല്ലാത്തതിനാൽ രമേശ് ബിദുരി എംപി, ഡാനിഷ് അലി എം പിക്ക് നേരെ അശ്ലീലവും ,ജാതീയ അപമാനവും ഉൾപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചത് അറിഞ്ഞ ആ നിമിഷം തന്നെ സഭാനാഥൻ എന്ന നിലയിൽ ആ നിന്ദ്യമായ പരാമർശങ്ങൾ എല്ലാം തന്നെ രേഖകളിൽ നിന്ന് ഒഴിവാക്കുക എന്ന നടപടി ഞാൻ അപ്പോൾത്തന്നെ സ്വീകരിച്ചു. ഇതിൻ്റെ രേഖകൾ ലോക്സഭ വെബ് സൈറ്റിലെ തിരുത്തപ്പെടാത്ത ചർച്ചകൾ എന്ന വിഭാഗത്തിൽ ലഭ്യമാണ്.

പാർലമെൻറ് രേഖകളിൽ നിന്ന് രമേശ് ബിദുരിയുടെ അങ്ങേയറ്റം നിന്ദ്യമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയ ശേഷം ചർച്ച തുടർന്നു, അപ്പൊൾ ഡാനിഷ് അലി എം പി തൻറെ പ്രതിഷേധം വ്യക്തമാക്കാൻ വേണ്ടി സംസാരിക്കാൻ ആരംഭിച്ചപ്പോൾ രമേശ് ബിദുരിയും ഡാനിഷ് അലിയും തമ്മിൽ നേർക്കുനേർ വാഗ്വാദം ഉണ്ടാകാനും സംഘർഷത്തിലേക്ക് പോകുവാനുമുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടി സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ഡാനിഷ് അലിക്ക് എതിരായ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കിയിരിക്കും എന്ന ഉറപ്പ് അദേഹത്തിന് നൽകുകയും അത്തരത്തിൽ പാർലമെൻറിൻറെ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ അനുസരിച്ച് സ്വീകരിക്കേണ്ട എല്ലാ നടപടികളും സഭാ നാഥൻ എന്ന നിലയിൽ ഞാൻ കൈക്കൊണ്ടു.

തുടർന്നും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാഗ്വാദം തുടരുന്ന സാഹചര്യത്തിൽ അപ്പോഴും ഞാൻ ഡാനിഷ് അലി എം.പിയുടെ വേദനയും അദേഹത്തിന് ഉണ്ടായ അപമാനവും, മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിൽ ഉണ്ടായ പരാമർശങ്ങളും ഉൾക്കൊണ്ടുകൊണ്ട് അദേഹത്തിന് നീതി ഉറപ്പ് വരുത്താൻ പരിശ്രമിച്ചു.

രമേശ് ബിദുരിയുടെ ഭാഗത്ത് നിന്ന് വന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന ബിജെപി എന്ന വർഗീയതയും വെറുപ്പും നയമാക്കിയ, മുസ്ലിം ജനതയെ ഒന്നടങ്കം വെറുക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിൻറെ ജീർണിച്ച മനസ്സ് കൂടിയാണ്, എത്ര പുതിയ പാർലമെൻറ് മന്ദിരം പണിഞ്ഞാലും, എത്രയൊക്കെ വികസനത്തിൻറെ വ്യാജപ്രചരണങ്ങൾ നടത്തിയാലും, ബിജെപിയുടെ ജാതീയതയുടെയും മുസ്‍ലിം സമൂഹത്തോടുള്ള വെറുപ്പിൻന്റെറെയും മനോഭാവം മാറുന്നില്ല.

രമേശ് ബിദുരിയുടെ വർഗീയ പരാമർശങ്ങൾ അപ്പോൾ തന്നെ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് രമേശ് ബിദുരിയ്ക്കെതിരെ സഭയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ഡാനിഷ് അലിയ്ക്ക് നേരെയുണ്ടായ അവഹേളനം അവകാശലംഘന നിയമപ്രകാരം നടപടി എന്നും ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകുകയും ചെയ്തു.

സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ഡാനിഷ് അലി എം പിയുടെ വേദന മനസ്സിലാക്കുകയും അദേഹത്തിന് നീതി ലഭിക്കാനുള്ള ആദ്യ നടപടി എന്ന നിലയ്ക്ക് ലോക് സഭാ നടപടികൾ നിയന്ത്രിക്കുന്ന ഉത്തരവാദിത്വത്തിൽ ഇരുന്നു കൊണ്ട് സാധ്യമായ നടപടികൾക്കും അപ്പോൾ തന്നെ തുടക്കമിടുകയും തുടർന്നും ഡാനിഷ് അലിക്ക് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു.

രമേശ് ബിദുരിയെ പോലെയുള്ള സംഘ പരിവാർ വർഗീയവാദികൾക്കെതിരെ എന്നും എക്കാലത്തും കൃത്യമായി നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻറെ രാഷ്ട്രീയ ജീവിതം എന്നെ അറിയുന്ന ഓരോ മലയാളിക്കും അറിയാവുന്നതാണ്. വർഗീയതക്കെതിരെ നിരന്തരം പോരാടുന്ന കോൺഗ്രസ് പ്രസ്ഥാനത്തിൻറെ ഒരു പ്രവർത്തകൻ ആയ ഞാൻ എൻറെ അവസാന ശ്വാസം വരെയും വർഗീയതക്കും ജാതീയത്ക്കും എതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaRamesh Bidhurikodikunnil sureshKunwar Danish Ali
News Summary - ​Bidhuri's Hate speech: Translation system in new parliament is not efficient, didn't understand immediately, all support for Danish - Kodikunnil Suresh MP
Next Story