Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്ത്യാനികൾക്കെതിരെ...

ക്രിസ്ത്യാനികൾക്കെതിരെ അതിക്രമം കുതിച്ചുയരുന്നു, 8 വർഷത്തിനിടെ 341% വർധന; കൂടുതൽ യു.പിയിൽ

text_fields
bookmark_border
ക്രിസ്ത്യാനികൾക്കെതിരെ അതിക്രമം കുതിച്ചുയരുന്നു, 8 വർഷത്തിനിടെ 341% വർധന; കൂടുതൽ യു.പിയിൽ
cancel

ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ക്രിസ്ത്യാനികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 2014നെ അപേക്ഷിച്ച് ഈ വർഷം 341% വർധനവാണ് രേഖപ്പെടുത്തിയത്. 2014ൽ 148 അക്രമസം​ഭവങ്ങള്‍ ഉണ്ടായപ്പോള്‍ 2022ൽ അത് 505 ആയതായി യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ബിജെപി ഭരിക്കുന്ന യു.പിയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ. യു.പിയിൽ 2018ൽ 104 ആക്രമണമാണ് അരങ്ങേറിയത്. ഇത് 2022ൽ 149 ആയി. ഛത്തീസ്‌ഗഢിൽ 2018ൽ 25 ആക്രമണങ്ങൾക്കും 2022ൽ 115 ആക്രമണങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾ ഇരയായതായി റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ 2018ൽ ഒന്നും 2019ൽ രണ്ടും അക്രമസംഭവങ്ങളാണ് നടന്നത്. ഈവർഷം നവംബർ 21 വരെയുള്ള കണക്കാണ്‌ റിപ്പോർട്ടിലുള്ളത്‌. 2018ൽ 21 ആക്രമണം റിപ്പോർട്ട്‌ ചെയ്യപ്പെട്ട ജാർഖണ്ഡിൽ ഈവർഷം 48 ആയി. കർണാടകയിലും തമിഴ്‌നാട്ടിലും ഈവർഷംമാത്രം 30 ആക്രമണമുണ്ടായി.

2022 സെപ്തംബറാണ് ക്രിസ്ത്യാനികൾക്കെതിരായ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മാസം. 64 അക്രമങ്ങളാണ് സെപ്തംബറിൽ മാത്രം അരങ്ങേറിയത്. മേയ് മാസത്തിൽ 61 കേസുകളും റിപ്പോർട്ട് ചെയ്തു.

നിർബന്ധിത മതം മാറ്റവും ആക്രമണവും; ഛത്തിസ്ഗഢിൽ 1000 ക്രിസ്ത്യാനികൾ വീടു വിട്ടു

ന്യൂഡൽഹി: ഛത്തിസ്ഗഢിലെ ഗോത്ര മേഖലകളിൽ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവർക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വസ്തുതാന്വേഷണ സംഘവുമായി നടത്തിയ വാർത്തസമ്മേളനത്തിൽ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം വെളിപ്പെടുത്തി. 1000 ആദിവാസി ക്രിസ്ത്യാനികൾ വീടുവിട്ടോടി ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയേണ്ടി വന്നിട്ടും അതിക്രമങ്ങളിൽ ഒന്നിൽ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ ഛത്തിസ്ഗഢ് ഭരണകൂടം തയാറാകുന്നില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ കുറ്റപ്പെടുത്തി.

ഡിസംബർ ഒമ്പതിനും 18നുമിടയിൽ നാരായൺപുരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗാവിലെ 15 ഗ്രാമങ്ങളിലും അരങ്ങേറിയ ആക്രമണപരമ്പരകളെ തുടർന്നാണ് ഏകദേശം 1000 ക്രിസ്ത്യൻ ആദിവാസികൾക്ക് വീടുവിട്ടോടേണ്ടിവന്നത്. മുളകളും ദണ്ഡുകളുമേന്തി നടത്തിയ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവനും കൊണ്ടോടിയ ആദിവാസി ക്രിസ്ത്യാനികൾക്ക് കൊടും ശൈത്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ കഴിച്ചുകൂട്ടേണ്ടി വന്നു. മദംനാറിൽ നിന്ന് ജീവനും കൊണ്ടോടിയ മംഗ്ളു കോറം തന്റെ ഗ്രാമത്തിലെ 21 ക്രിസ്ത്യൻ കുടുംബങ്ങളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ബലം പ്രയോഗിച്ച് പൂജ ചെയ്യിച്ച് മതം മാറ്റിയെന്ന് സംഘത്തിന് മൊഴി നൽകി. അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈബിളുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഉദിദ്ഗാവിലെ 18ഉം ഫുൽഹദ്ഗാവിലെ മൂന്നും പുത്തൻഛണ്ഡഗാവിലെ മൂന്നും ക്രിസ്ത്യൻ കുടുംബങ്ങളെ ഇതുപോലെ ബലം പ്രയോഗിച്ച് മതം മാറ്റി. ഗർഭിണികളെയും കുഞ്ഞുങ്ങളെയുമൊന്നും അവർ വെറുതെ വിട്ടില്ല.

ഭിന്നിപ്പിനുള്ള ആർ.എസ്.എസ് അജണ്ടയാണ് ഛത്തിസ്ഗഢിൽ ഇപ്പോൾ ക്രിസ്ത്യൻ ആദിവാസികൾക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിറകിലെന്ന് ‘സർവ അനുസൂചി ജാതി സമാജ്’ നേതാവ് ദണ്ഡരാജ് ടണ്ഡൻ ആരോപിച്ചു. കൊണ്ടഗാവിലെ സർവ ആദിവാസി സമാജ് പ്രസിഡന്റ് ബംഗാറാം സോദിയും ആർ.എസ്.എസാണ് ഈ മതപരിവർത്തന കാമ്പയിന് പിറകിലെന്ന് കുറ്റപ്പെടുത്തി.

ക്രിസ്ത്യൻ ആദിവാസികളെ കൂട്ടത്തോടെ മതം മാറ്റുമെന്ന് ഒക്ടോബറിൽ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ല ഭരണകൂടം അത് തടയാനുള്ള നടപടികളെടുത്തില്ലെന്നും അത് കൊണ്ടാണ് ഡിസംബർ ഒമ്പത് മുതൽ 18 വരെ ആക്രമണം നടന്നതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഇന്ത്യയുടെ പ്രതിനിധി നിക്കോളാസ് ബർള, ഛത്തിസ്ഗഢിലെ ഓൾ ഇന്ത്യ പീപ്ൾസ് ഫോറം കൺവീനർ ബ്രിജേന്ദ്ര തിവാരി, ‘സെൻറർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം’ ഡയറക്ടർ ഇർഫാൻ എൻജിനീയർ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristianUPAttack Against Christians
News Summary - Attacks on Christians in India highest in 2022: UP, tops list of most attacks; Chhattisgarh follows
Next Story