ആൽവാർ ആൾക്കൂട്ടക്കൊല: നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട റക്ബർ ഖാന്‍റെ കുടുംബം
text_fieldsജയ്പുർ: രാജസ്ഥാനിലെ ആൽവാർ ആൾക്കൂട്ടക്കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട റക്ബർ ഖാന്റെ ഭാര്യ അസ്മിന. 2018ൽ നടന്ന സംഭവത്തിൽ ‘പ്രധാന പ്രതി’യായി അവർ വിശേഷിപ്പിക്കുന്ന വി.എച്ച്.പി നേതാവിനെ വിട്ടയക്കുകയും മറ്റു നാലു പേരെ ശിക്ഷിക്കുകയും ചെയ്ത വിധിക്കു പിന്നാലെയാണ് പ്രതികരണം. ‘ഞങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. അവരെന്റെ ഭർത്താവിനെ കൊന്നുകളഞ്ഞു. പ്രധാന പ്രതി വി.എച്ച്.പി നേതാവ് നവൽ കിഷോറിനെ വെറുതെവിട്ടു.
കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു പ്രതികൾക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. അവർക്ക് കടുത്ത ശിക്ഷ നൽകണമായിരുന്നു’’ -അസ്മിന പറഞ്ഞു. കോടതിവിധിക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഏഴു കുട്ടികളുടെ മാതാവാണ് അസ്മിന.
റക്ബർ ഖാന്റെ പിതാവ് സുലൈമാൻ സംഭവത്തിനുശേഷം രണ്ടുവർഷത്തോളം അസുഖബാധിതനായി മരണത്തിന് കീഴടങ്ങുകയായിരുന്നു.