ടെലിവിഷൻ താരമായ യുവതിയെ ജമ്മു കശ്മീരിൽ ഭീകരർ വെടിവെച്ച് കൊന്നു
text_fieldsജമ്മു കശ്മീരിൽ ഭീകരർ വെടിവെച്ച് കൊന്ന ടെലിവിഷൻ താരമായ അമ്രീൻ ഭട്ട്
ശ്രീനഗർ: ടെലിവിഷൻ താരമായ യുവതിയെ ജമ്മു കശ്മീരിൽ ഭീകരർ വെടിവെച്ച് കൊന്നു. ബുദ്ഗാം ജില്ലയിൽ ബുധനാഴ്ചയാണ് 35 കാരിയായ അമ്രീൻ ഭട്ട് വെടിയേറ്റ് മരിച്ചത്. യുവതിയുടെ അനന്തരവൻ ഫർഹാൻ സുബൈറി(10)നും ആക്രമണത്തിൽ പരിക്കേറ്റതായി പൊലീസ് അറിയിച്ചു. രാത്രി 7.55 ഓടെ ഭീകരർ അമ്രീൻ ഭട്ടിന്‍റെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ലശ്കറെ ത്വയ്യിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷസേന പ്രദേശം വളയുകയും അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു അമ്രീൻ ഭട്ട്.
രണ്ട് ദിവസത്തിനിടെ നടക്കുന്ന സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്‌ച ശ്രീനഗറിലെ വീടിന് പുറത്ത് ഒരു പൊലീസുകാരനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. സൗര സ്വദേശിയായ െെസഫുള്ള ഖാദ്രിയാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാൻ ഓടിയെത്തിയ ഏഴുവയസുകാരി മകൾക്കും പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തിരുന്നു.
ഈ മാസം മൂന്നാം തവണയാണ് പൊലീസുകാർക്ക് നേരെ ഭീകരാക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ഏഴിന് അഞ്ചാർ പ്രദേശത്തിന് സമീപമുള്ള ഐവ പാലത്തിൽ ഭീകരർ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. 13ന് പുൽവാമ ജില്ലയിൽ മറ്റൊരു പൊലീസുകാനും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മൂന്ന് പാക് ഭീകരരെ സുരക്ഷാ സേനയും വധിച്ചു. ഈ വർഷം ഇതുവരെ 22 പാക് ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
അതേസമയം, ലശ്കറെ ത്വയ്യിബ അംഗങ്ങളായ അഞ്ച് ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീര്‍ പൊലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ല അധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.