പിക് അപ്പ് വാൻ ഡ്രൈവർക്ക് ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കാൻ എം.വി.ഡി നോട്ടീസ്
text_fieldsഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാൻ ഡ്രൈവർക്ക് പിഴചുമത്തി മോട്ടോർ വെഹിക്കിൾ ഡിപ്പോർട്ട്മെന്റ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചത്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിൽ പറയുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പര്‍ വ്യക്തവുമല്ല.
നോട്ടീസിൽ പറയുന്ന സമയം താൻ പോത്തൻകോട് ശാന്തിഗിരിയിൽ ആയിരുന്നെന്ന് ബഷീർ പറയുന്നു. KL02BD5318 എന്നാണ് തന്റെ വാഹന നമ്പരെന്നും ഈ നമ്പരിൽ ഇനി വേറെ ബൈക്ക് ഉണ്ടോയെന്ന് അറിയില്ലെന്നും ചെയ്യാത്ത കുറ്റത്തിന് പിഴ ഒടുക്കില്ലെന്നും ബഷീര്‍ പറയുന്നു.