Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയുടെ സ്വന്തം ‘ജനകീയ കാർ’; മാരുതി 800 എന്ന സ്വപ്നം നിരത്തിലെത്തിയിട്ട്​ 40 വർഷം
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇന്ത്യയുടെ സ്വന്തം...

ഇന്ത്യയുടെ സ്വന്തം ‘ജനകീയ കാർ’; മാരുതി 800 എന്ന സ്വപ്നം നിരത്തിലെത്തിയിട്ട്​ 40 വർഷം

text_fields
bookmark_border

കാറെന്നാൽ ഇന്ത്യക്കാർക്ക്​ മാരുതി 800 ആയിരുന്ന കാലമുണ്ടായിരുന്നു. 1983ൽ പുറത്തിറങ്ങിയ മാരുതി 800 ഒരു രാജ്യത്തിന്റേയും ജനതയുടേയും സ്വപ്നങ്ങൾക്കൊപ്പമാണ് സഞ്ചരിച്ചത്. ഒരു പതിറ്റാണ്ടിന് മുമ്പ് നിരത്തൊഴിഞ്ഞെങ്കിലും ഇന്നും 800 എന്ന മോഡലിന്റെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല. പുറത്തിറങ്ങി നാല്​ പതിറ്റാണ്ട്​ പിന്നിട്ടെങ്കിലും ഇന്നും നിരവധി മാരുതി 800കൾ നമുക്കിടയിലുണ്ട്. അവയോടുള്ള ഇഷ്ടത്തിന്​ യാതൊരു കുറവും മാരുതി ആരാധകർക്ക്​ സംഭവിച്ചിട്ടുമില്ല.

ഇന്ത്യൻ മധ്യവർഗത്തിന്റെ സ്വപ്നവാഹനമായിരുന്ന മാരുതി 800‌ പിറന്നിട്ട് 40 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഡൽഹിയിലെ ഹർപാൽ സിംഗ് 1983 ഡിസംബർ 14-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് ആദ്യത്തെ മാരുതി 800 കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ, അത് ഇന്ത്യൻ മധ്യവർഗത്തിന്റെ കാർ എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ഒരു വലിയ കുതിപ്പായിരുന്നു. തുടർന്ന് പതിറ്റാണ്ടുകളോളം മാരുതി 800 ഒരു ജനതയുടെ അഭിമാനത്തിന്റെ പ്രതീകമായി നിലകൊണ്ടു.


കമ്പനിയുടെ ഗുഡ്ഗാവിലെ ഫാക്ടറിയിൽ നിന്ന് ആദ്യത്തെ മാരുതി കാർ ഇറങ്ങുന്നതു വരെ ഇന്ത്യയിൽ കാറിന്റെ ഉടമസ്ഥാവകാശം സമ്പന്നർക്കും പ്രശസ്തർക്കും മാത്രമായിരുന്നു. ദശലലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങളിൽ നിന്ന് നാലുചക്ര വാഹന സൗകര്യങ്ങളിലേക്ക് മാറാനുള്ള ആദ്യ അവസരമായിരുന്നു മാരുതി നൽകിയത്. 47,500 രൂപയായിരുന്നു ആദ്യ മാരുതി കാറിന്റെ വില. മധ്യവർഗ സമൂഹത്തിന്റെ ദിനംപ്രതി മാറിക്കൊണ്ടിരുന്ന ആഗ്രഹങ്ങളെ പരിപോഷിപ്പിച്ച മാരുതി 800 രാജ്യത്ത് ഒരു കാർ വിപ്ലവം തന്നെയായിരുന്നു സൃഷ്ടിച്ചത്.

വിറ്റഴിച്ചത്​ 26 ലക്ഷം യൂനിറ്റുകൾ

മാരുതിയുടെ വളരെ നീണ്ട, സംഭവബഹുലവുമായ ആയുസ്സിൽ, ഇന്ത്യയിൽ മാത്രം 26 ലക്ഷം യൂനിറ്റുകളാണ് വിറ്റത്. ആയിരക്കണക്കിന് യൂനിറ്റുകൾ സമീപരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തു. മാരുതി ഇന്ത്യൻ വാഹന വ്യവസായത്തെ മാറ്റിമറിക്കുക മാത്രമല്ല ചെയ്തത്, അത് രാജ്യത്തിന്റെ ഉൽപാദന സാധ്യതകളെ ലോകത്തിന് മുന്നിലേക്ക് തുറന്നിടുകയായിരുന്നു. ഉൽപാദനത്തിലും ഗുണനിലവാരത്തിലും ലോകോത്തരമായ മികച്ച രീതികൾ സൃഷ്ടിക്കുകയും ചെയ്തു.

1992-93 ല്‍ അഞ്ചു ലക്ഷം കാറുകൾ ഉത്പാദിപ്പിച്ചതോടെ കമ്പനി റെക്കോര്‍ഡ് കുറിച്ചു. പിന്നീട് 1996-97ല്‍ ഇത് 10 ലക്ഷം യൂനിറ്റായി ഇരട്ടിയാക്കി 1999-2000ല്‍ 15 ലക്ഷം യൂനിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. എം800 ഉല്‍പാദനം 2002-03-ല്‍ 20 ലക്ഷം യൂനിറ്റും 2005-06-ല്‍ 25 ലക്ഷം യൂനിറ്റും കടന്നു. ടാറ്റ ‘നാനോ’ പോലെയുള്ള കാറുകള്‍ ഇറക്കി വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടും മാരുതി 800 'ജനങ്ങളുടെ കാര്‍' എന്ന നിലയില്‍ കളം നിറഞ്ഞു.


സഞ്ജയ് ഗാന്ധിയുടെ ആഗ്രഹം

ജപ്പാനിലെ സുസുക്കിയുമായി സഹകരിച്ച് ആരംഭിച്ച മാരുതിയുടെ യാത്ര യഥാർഥത്തിൽ 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി ഒരു ചെറിയ കാർ നിർമിക്കുക എന്ന സ്വപ്നവുമായി ഒരു സംരംഭം ആരംഭിച്ചപ്പോൾ തന്നെ തുടങ്ങിയതാണ്. പീപ്പിൾസ് കാർ എന്ന് വിളിക്കപ്പെടുന്ന ചെറുകാറുകളുടെ നിർമാണം രാജ്യത്തെ വാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മകന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടി. തുടർന്ന് സഞ്ജയ് ഗാന്ധി മാനേജിങ് ഡയറക്ടറായി മാരുതി മോട്ടോഴ്സ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ചെയ്തു.

1971 ജൂണിൽ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള വ്യോമസേനയുടെ 157 ഏക്കർ ഭൂമി ഉൾപ്പെടെ 300 ഏക്കർ ഭൂമിയിലാണ് കമ്പനി ആരംഭിക്കുന്നത്. ഈ ഭൂമി ഏറ്റെടുക്കലും എൻജിനീയറിങ് ബിരുദം പോലുമില്ലാത്ത സഞ്ജയ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതും വൻ വിവാദങ്ങൾക്കും എതിർപ്പുകൾക്കുമാണ് വഴിവെച്ചത്. പക്ഷേ, മന്ത്രിസഭയിൽ അപ്രമാദിത്വമുണ്ടായിരുന്ന ഇന്ദിര അതൊന്നും വകവെച്ചിരുന്നില്ല.


അതേസമയം, കാർ നിർമാണവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക അഴിമതികളാണ് സഞ്ജയ് നടത്തിക്കൊണ്ടിരുന്നത്. ഇംഗ്ലണ്ടിൽ ആയിരിക്കുമ്പേൾ കുറച്ചു കാലം റോൾസ് റോയ്സിൽ ജോലിയെടുത്തിരുന്ന പരിചയം മാത്രം കൈമുതലായി ഉണ്ടായിരുന്ന സഞ്ജയ് കാർ നിർമാണത്തിനു മുമ്പുതന്നെ വിതരണക്കാരെ ക്ഷണിക്കുകയും അവരിൽ നിന്നും വലിയ തുകകൾ ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞിട്ടും കമ്പനി കാർ നിർമാണം നടത്തുകയോ ഡെപ്പോസിറ്റ് തുക തിരികെ നൽകുകയോ ചെയ്തില്ല. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ ഔദ്യോഗികപദവി മകൻ സഞ്ജയ് ഗാന്ധിക്കു വേണ്ടി ദുരുപയോഗം ചെയ്തെന്ന ആരോപണവും ഉണ്ടായി. തുടർന്നുണ്ടായ അടിയന്തിരാവസ്ഥയ്ക്ക് പിന്നാലെ ഇന്ദിരയ്ക്ക് അധികാരം നഷ്ടപ്പെടുകയും പീപ്പിൾസ് കാർ എന്ന സ്വപ്നം അതോടൊപ്പം പൊലിയുകയും ചെയ്തു.

മാരുതി ഉദ്യോഗ് ലിമിറ്റഡ്

1980-ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, പദ്ധതി പുനരുജ്ജീവിപ്പിക്കാനും കാർ നിർമിക്കാനും അവർ തീരുമാനിച്ചു. ഇതിനിടെ, മാരുതിയെ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുവാനും തീരുമാനിച്ചിരുന്നു. 1981 ഫെബ്രുവരിയിൽ കമ്പനിയെ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി.

ഇന്ത്യൻ പൊതുമേഖലയുടെ പിതാവ് എന്നറിയപ്പെട്ട വി. കൃഷ്ണമൂർത്തിയെയാണ് മാരുതിയുടെ പീന്നിടുള്ള കാര്യങ്ങൾക്കായി ഇന്ദിര ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ പതിയെ ഫലം കണ്ടു. അങ്ങനെ 1983-ൽ സഞ്ജയിന്റെ ജന്മവാർഷികത്തിൽ തന്നെ ആദ്യത്തെ മാരുതി ഇന്ദിരയ്ക്ക് കൈമാറാനായി. തുടക്കത്തിൽ കമ്പനിയെ എതിർത്തവരെയെല്ലാം ഇന്ദിരാഗാന്ധി താക്കോൽദാന ചടങ്ങിൽ ശക്തമായി വിമർശിക്കാനും മറന്നില്ല. സഞ്ജയ് ഗാന്ധിയാണ് തുടക്കമിട്ടതെങ്കിലും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യമാണ് മാരുതിയുടെ പിറവിക്ക് പിന്നിലെന്ന് പറയേണ്ടി വരും.


പേരിന്​ പിന്നിൽ

മാരുതി കാറിന് ആ പേര് കിട്ടിയതിന് പിന്നിൽ ഒരു പ്രണയ കഥ കൂടിയുണ്ടെന്ന് അന്ന് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ആ കഥ ഇങ്ങനെയാണ്: മോഹന്‍ മീക്കിന്‍ ബ്രിവറി എന്ന കമ്പനിയുടെ ഉടമയും കുറച്ചുകാലം രാജ്യസഭാംഗവുമായിരുന്ന വി.ആര്‍. മോഹന് സഞ്ജയ്‍യുടെ കമ്പനിയില്‍ ധാരാളം ഓഹരികള്‍ ഉണ്ടായിരുന്നു. തുടർന്ന് മോഹനുമായി സഞ്ജയ് ഒരു വ്യക്തിബന്ധം തന്നെ വളര്‍ത്തിയെടുത്തു.

വി.ആര്‍. മോഹന് ഒരു മകളുണ്ടായിരുന്നു. കണ്ടമാത്രയിൽത്തന്നെ സഞ്ജയ്ക്ക് ആ പെൺകുട്ടിയെ ഇഷ്ടമായെന്നും അധികം വൈകാതെ ഇരുവരും പ്രണയത്തിലായെന്നും ആ പെണ്‍കുട്ടിയുടെ പേരായിരുന്നു മാരുതി എന്നുമായിരുന്നു ഗോസിപ്പ് കോളങ്ങളിലെ വാർത്ത. എന്നാൽ പിന്നീട് ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. സഞ്ജയ് പിന്നീട് അക്കാലത്ത് ബോംബെ ഡൈയിങ്ങിന്റെ പരസ്യങ്ങളിലടക്കം അഭിനയിച്ചിരുന്ന മോഡലായിരുന്ന മനേകയെ വിവാഹം ചെയ്തു. മാരുതി മോഹനുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും തന്‍റെ സ്വപ്നപദ്ധതിയായ 'ജനങ്ങളുടെ കാറിന്' തന്‍റെ പ്രണയിനിയുടെ പേര് നല്‍കിയിരുന്നത് അദ്ദേഹം നിലനിറുത്തിയെന്നാണ് പറയപ്പെടുന്നത്.

ആദ്യ കാർ പുനർജനിച്ചു

മാരുതി കാറിന്‍റെ ആദ്യ ഉപഭോക്താവായ ഹർപാൽ സിങ് 2010 ൽ മരണം വരെ തന്‍റെ വാഹനം ഒപ്പം സൂക്ഷിച്ചിരുന്നു. ഡിഐഎ 6479 എന്ന നമ്പറിൽ എൺപതുകളിലെ ഏറ്റവും പ്രശസ്തനായ ഈ കാർ പിന്നീട് വിസ്മൃതിയിൽ മറഞ്ഞു. എസ്എസ് 80 എന്ന വിളിപ്പേരുള്ള മാരുതി 800ൽ 796 സിസി മൂന്നു സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരുന്നത്.


2010 ൽ ഹർപാൽ സിങ് മരിച്ചതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാഹനവും അനാഥമാകുകയായിരുന്നു. പരിപാലനം ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ തുരുമ്പെടുത്ത് നശിക്കുന്ന വാഹനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രം കണ്ട് പലരും ഇത് സ്വന്തമാക്കാന്‍ എത്തിയെങ്കിലും ഇതിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത് ശ്രമകരമായിരുന്നു. ഒടുവില്‍ ഈ വാഹനത്തിന്റെ നിര്‍മാതാക്കളായ മാരുതി തന്നെ ആദ്യ 800-നെ തേടിയെത്തി.

തുടർന്ന്​ ​1983-ല്‍ പുറത്തിറക്കിയ ഈ ആദ്യ വാഹനം 39 വര്‍ഷങ്ങള്‍ക്കിപ്പുറം 2022ൽ അതേരൂപത്തിൽ പുതുക്കിപ്പണിതു. നിര്‍മാണ ഘട്ടത്തില്‍ ഈ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന പാര്‍ട്‌സുകള്‍ തന്നെ ഉപയോഗിച്ച് ആദ്യ മാരുതി 800-ന് മാരുതി സുസുക്കി പുനര്‍ജന്മം നല്‍കുകയായിരുന്നു. പഴമയുടെ എല്ലാ സൗന്ദര്യങ്ങളും നല്‍കി ഒരുക്കിയ ഈ വാഹനം പക്ഷേ, പ്രായാധിക്യം മൂലം നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഈ വാഹനം മാരുതിയുടെ ചരിത്ര സ്മാരകമായി മാരുതി സുസുകിയുടെ മുഖ്യ ആസ്ഥാനത്ത് പ്രദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car NewsMaruti 800Auto News
News Summary - Maruti 800, most loved car in India, fades away; its popularity was unmatched for 40 years
Next Story