Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Malappurams own Ermatrix Technologies to create
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightവൈദ്യുത വാഹന രംഗത്ത്​...

വൈദ്യുത വാഹന രംഗത്ത്​ വിപ്ലവം സൃഷ്ടിക്കാൻ മലപ്പുറത്തിന്‍റെ സ്വന്തം ‘എർമാട്രിക്സ്​ ടെക്​നോളജീസ്’

text_fields
bookmark_border

വരുംവർഷങ്ങളിൽ നിരത്തിലെ താരങ്ങൾ ആരാവും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, വൈദ്യുത വാഹനങ്ങൾ. ലോകത്ത്​ ഇന്ന്​ ഏറ്റവും ഗവേഷണ പരീക്ഷണങ്ങൾ നടക്കുന്നത്​ ഈ മേഖലയിലാണ്​. ഇ.വികളിലെ സാ​ങ്കേതിക വിദ്യയിൽ ഏറ്റവും പ്രധാനം ബാറ്ററിയും മോട്ടോറുമാണ്​. ഈ മേഖലയിൽ ആധിപത്യം ലഭിക്കുന്നവരാകും വരുംകാലത്ത്​ ലോകത്തിലെ ഗതാഗത സംവിധാനങ്ങളുടെ മേലാളന്മാരാവുക.

ബാറ്ററികൾ പലതരം

ഇ.വികൾ ഊർജ്ജത്തിനായി ഏതുതരം ബാറ്ററികൾ ഉപയോഗിക്കും എന്നകാര്യത്തിൽ തർക്കമുണ്ട്. ലിഥിയം അയൺ, ലിഥിയം സൾഫർ , ടൈറ്റാനിയം ഓക്സൈഡ്, സോഡിയം ബാറ്ററികൾ തുടങ്ങിയവയുടെ ഒരു മത്സരമായിരിക്കും നാം കാണുക. ഹൈഡ്രജൻ ഫ്യൂൽ സെല്ലും ഒട്ടും പുറകിലല്ല. അപ്പോൾ പിന്തള്ളപ്പെടുക ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച് പ്രവർത്തിക്കുന്ന ഇന്‍റേണൽ കംമ്പാക്ഷൻ എഞ്ചിനുകളാവും എന്ന കാര്യത്തിൽ തർക്കമില്ല. വണ്ടി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് ഓടുന്നതായാലും മറ്റു ഏതുതരം ബാറ്ററികൾ ഉപയോഗിച്ചുള്ളതായാലും എഞ്ചിന് പകരമായി ഇലക്ട്രിക് മോട്ടോർ തെന്നെ വേണം.


മോട്ടോർ എന്ന പുതിയ ഹൃദയം

ഇ.വി.കളിൽ ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബി.എൽ.ഡി.സി മോട്ടോറുകൾ ആണ്. ഇലക്ട്രിക് മോട്ടോറുകളിൽ ഏറ്റവും കാര്യക്ഷമത ഉള്ളവയാണിവ. എന്നാൽ ബി.എൽ.ഡി.സി മോട്ടോറുകൾ പ്രവർത്തിക്കാൻ പെർമനന്റ് മാഗ്നെറ്റുകൾ ആവശ്യമാണ്. റെയർ എർത്​ വിഭാഗത്തിൽപ്പെടുന്ന നിയോഡൈമിയം കാന്തങ്ങളാണ് ഇവയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മോട്ടോറുകൾക്ക് നിർമ്മാണച്ചിലവ് കൂടും എന്ന് മാത്രമല്ല അവ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയാണ്. കൂടാതെ ഉയർന്ന താപം, മറ്റ്​ കാന്തിക മണ്ഡലങ്ങളുടെ സ്വാധീനം, കാലപ്പഴക്കം എന്നിവ മൂലം മാഗ്നെറ്റുകളുടെ ശേഷി കുറഞ്ഞുപോവുകയും ചെയ്യും. ചൈന, ബ്രസീൽ പോലുള്ള ചില രാജ്യങ്ങളിൽ മാത്രമേ ഇവ അധികവും ലഭ്യമാവുന്നുള്ളൂ. ഇനി എ.സി മോട്ടോറുകളാവട്ടെ, കാര്യക്ഷമതയുടെ കാര്യത്തില്‍ വളരെ പിറകിലും.


സ്വിച്ച്​ഡ്​​ റിലക്ടൻസ്​ മോട്ടോർ

ഇവിടെയാണ് സ്വിച്ച്​ഡ്​​ റിലക്ടൻസ്​ മോട്ടോറു (SRM) കളുടെ സ്ഥാനം. നിയോഡൈമിയം പോലെയുള്ള സ്ഥിര-കാന്തങ്ങൾ ഉപയോഗിക്കാത്തതിനാൽ നിർമ്മാണ ചെലവ് കുറവാണ്. മാത്രമല്ല മെയിന്റെനൻസും നന്നേ കുറവാണ്. തകരാർ സംഭവിക്കാനുള്ള സാധ്യതയും കുറവായതുകൊണ്ട് (Fault Tolerant) ഈടും വർധിക്കും. വരുംതലമുറയിലെ കാറുകളിൽ മാത്രമല്ല വിമാനങ്ങളിലും മറ്റ്​ ഏറോസ്പേസ് മേഖലകളിലും എസ്​.ആർ.എം മോട്ടോറുകൾ സ്ഥാനം പിടിക്കുമെന്ന് സാങ്കേതിക വിദഗ്ധർ സൂചിപ്പിക്കുന്നു

പോരായ്മകൾ

ഇത്തരം എസ്​.ആർ.എം മോട്ടോറുകൾക്ക്​ ചില പോരായ്മകളും ഉണ്ട്. ഭാരിച്ച റോട്ടർ കോറുകളോട് കൂടെയാണ് ഇവ നിർമ്മിക്കപ്പെടുന്നത്. മാത്രമല്ല കാന്തിക പ്രവാഹത്തിന് ഈ കോറിലൂടെ മുഴുവനായി കടന്നു പോകേണ്ടതിനാൽ മാഗ്​നെറ്റിക്​ റിലക്ടൻസ്​ കൂടാനും സാധ്യത ഏറെയാണ്. ഭാരവും കൂടും. ബി.എൽ.ഡി.സി മോട്ടോറുകളെ അപേക്ഷിച്ച് ഇവയുടെ എഫിഷ്യൻസി അൽപ്പം കുറവുമാണ്. 85 മുതൽ 90 ശതമാനം വരെയാണ് ബി.എൽ.ഡി.സിയുടെ കാര്യക്ഷമത. എസ്​.എം.ആറിന്‍റേതാകട്ടെ അത് 80 മുതൽ 87 വരെയാണ്​.

പരിഹാരങ്ങൾ

എന്നാൽ മേൽപ്പറഞ്ഞ പരിമിതികൾ ഒന്നുമില്ലാത്ത പുതിയ ഇനം എസ്​.ആർ.എം മോട്ടോറുകൾക്ക് രൂപകൽപന ചെയ്തിരിക്കുകയാണ് മലപ്പുറം വൈലത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ്. രൂപകൽപ്പന മാത്രമല്ല മൂന്ന് വിവിധ വലിപ്പങ്ങളിലുള്ള എസ്​.ആർ.എം മോട്ടോറുകൾ അദ്ദേഹം ത്രീ ഡി പ്രിൻറിങ്​ വഴി നിർമിച്ച് പരീക്ഷിക്കുകയും അവ വാണിജ്യ-വ്യവസായാടിസ്ഥാനത്തിൽ നിർമിക്കാനാവശ്യമായ സാങ്കേതിക രീതികൾ ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്തു. റോട്ടറിൽ നേർത്ത കോർ ഉപയോഗിക്കുന്നതുമൂലം മാഗ്നെറ്റിക് ഫ്ലക്സ് റിലക്ടൻസ് മുഖേനെയുള്ള ഊർജ്ജ നഷ്ടം തടയാനാവുന്നു. ഭാരം കുറക്കാനും ഇത് സഹായമാകും. പെരിഫെറൽ ഫ്ലക്സ് എന്ന പേരിനു പിന്നിൽ ഈ സാങ്കേതിക വിദ്യയാണ്.

മാത്രമല്ല ഒറ്റ ബാറ്ററിക്ക് പകരം ഇരട്ട ബാറ്ററികൾ ഉപയോഗിച്ചുള്ള ബി.ഇ.എം കാപ്​ചറിങ്​ സാങ്കേതികവിദ്യയും ഈ മോട്ടോറിന്റെ സവിശേഷതയാണ്. ഇതും ഉയർന്ന എഫിഷ്യൻസിക്കു കാരണമാകുന്നു. ലോഹകവചങ്ങൾക്കുപകരം ത്രീ ഡി പ്രിൻറിങ്​, എഫ്​.ആർ.പി എന്നിവ കൊണ്ടാണ് ഈ മോട്ടോറുകൾ നിർമിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. ഏതാണ്ട് 11 വർഷത്തെ ഗവേഷണ-പ്രയത്നമാണ് 90 ശതമാനത്തിനു മുകളിൽ എഫിഷ്യൻസിയുള്ള ഈ മോട്ടോറിന്റെ വികാസത്തിന് വഴിതെളിഞ്ഞത്.

അബ്ദുൽ റസാഖ്

പെരിഫെറൽ ഫ്ലക്സ്​ സ്വിച്ച്​ഡ് റിലക്ടൻസ് മോട്ടോർ

ഇ.വി മേഖലയിൽ വൻ കുതിച്ചു​ചാട്ടത്തിന്​ കാരണമാകാവുന്ന ഇത്തരം മോട്ടോറുകൾ പെരിഫെറൽ ഫ്ലക്സ്​ സ്വിച്ച്​ഡ് റിലക്ടൻസ് മോട്ടോർ (PFSRM) എന്ന പേരിലാവും അറിയപ്പെടുക. വൈകാതെ ഈ സാങ്കേതിക വിദ്യയിൽ പേറ്റൻറ് എടുക്കുകയാണ് ബാംഗ്ലൂരിൽ പ്രതിരോധ വകുപ്പിൽ ഉദ്യോഗസ്ഥനായ അബ്ദുൽ റസാഖിന്റെ ലക്ഷ്യം.

എർമാട്രിക്സ്​ ടെക്​നോളജീസ്​

നിലവിൽ ബി.എൽ.ഡി.സി മോട്ടോറുകൾ നിർമിക്കുന്നത് മുഖ്യമായും ചൈന, യു എസ്‌, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ ഇവയുടെ നിർമാണം വളരെ കുറവാണ്. മാഗ്നെറ്റുകൾക്കായി ഇതര രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ് പ്രധാന കാരണം. എന്നാൽ പെരിഫെറൽ ഫ്ലക്സ് എസ്​.ആർ.എം മോട്ടോറുകൾക്ക്​ നിർമാണ ചിലവ് വളരെ കുറവായതിനാൽ ഇവ നമ്മുടെ രാജ്യത്ത് തന്നെ എളുപ്പത്തിൽ ഉത്​പ്പാദിക്കാൻ സാധിക്കും. ഇത് മേഖലയിലെ പുരോഗതിക്ക് ആക്കം കൂട്ടും. വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം മോട്ടോറുകൾ നിർമിക്കുന്നത് മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന എർമാട്രിക്സ്​ ടെക്​നോളജീസ്​ (ERMATRIX TECHNOLOGIES) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric VehicleErmatrix Technologies
News Summary - Malappuram's own 'Ermatrix Technologies' to create a revolution in the field of electric vehicles
Next Story