യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്ക് ഡയറക്ടർ ബോർഡിൽ എം.എ. യൂസുഫലി
text_fieldsദുബൈ: ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്ക് ചുവടുറപ്പിക്കുന്ന യു.എ.ഇയുടെ ആദ്യത്തെ ബാങ്കായ സാൻഡിന്‍റെ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. ലുലു ഗ്രൂപ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലിയും ഡയറക്ടർ ബോർഡിലുണ്ട്. ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാർ ഗ്രൂപ്, മിഡിലീസ്റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെ ചെയർമാനായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.
ഗൾഫ് രാജ്യങ്ങളിലെ സമ്പദ് രംഗം കൂടുതൽ വൈവിധ്യവത്കരണത്തിലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ ബാങ്കിങ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യൻ വ്യവസായികളായ എം.എ. യൂസുഫലിയും ആദിത്യ ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർളയും. അബൂദബി രാജകുടുംബാംഗങ്ങളും സാൻഡ് ബാങ്കിൽ നിക്ഷേപകരായിട്ടുണ്ട്. ഫ്രാങ്ക്ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബൂദബി അൽ ഹെയിൽ ഹോൾഡിങ്സ് സി.ഇ.ഒ ഹമദ് ജാസിം അൽ ദാർവിഷ്, എമിറേറ്റ്സ് എയർലൈൻ സി.ഇ.ഒ അദ്നാൻ കാസിം, ദുബൈ ഇന്‍ററർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ വൈസ് പ്രസിഡന്‍റ് രാജ അൽ മസ്രോയി എന്നിവരും ബോർഡിലുണ്ട്.