തീപിടിത്തമുണ്ടോ? ആപ്പിലെ ബട്ടൺ അമര്‍ത്തിയാല്‍ സേന പാഞ്ഞെത്തും
text_fieldsഅബൂദബി: മൊബൈല്‍ ആപ്പിലെ ഒരു ബട്ടണില്‍ അമര്‍ത്തി തീപിടിത്തം അറിയിക്കാനും ആംബുലന്‍സ് സേവനം ആവശ്യപ്പെടാനും സൗകര്യമൊരുക്കി അബൂദബി പൊലീസ്. പൊലീസിനെയോ സിവില്‍ ഡിഫന്‍സിനെയോ ഫോണില്‍ വിളിച്ച് വിവരമറിയിക്കുന്നതിന് പകരമാണ് അബൂദബി പൊലീസിന്റെ ആപ്ലിക്കേഷനില്‍ ഇത്തരമൊരു സൗകര്യം സജ്ജമാക്കിയത്. ഇതിലൂടെ വകുപ്പുകളുടെ സേവനം കാലതാമസം കൂടാതെ ലഭ്യമാക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊലീസ് ആപ്പിന്റെ ഹോം പേജിന്റെ മുകളില്‍ വലത്തേമൂലയിലാണ് എസ്.ഒ.എസ് ബട്ടണ്‍ സജ്ജമാക്കിയിരിക്കുന്നത്. ആംബുലന്‍സ് സേവനമാണോ സിവില്‍ ഡിഫന്‍സ് സേവനമാണോ തേടേണ്ടതെന്ന് തിരഞ്ഞെടുക്കാം.
ഇതിനായി ആപ്പില്‍ നല്‍കിയിരിക്കുന്ന 'കാപ്ച' ഇമേജുകളിലൊന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതു നല്‍കുന്നതോടെ ഫോണിലേക്ക് വിളി വരുമെന്ന സന്ദേശം ലഭ്യമാകും. ലക്ഷക്കണക്കിനു ഫോണ്‍വിളികളാണ് ഓരോ വര്‍ഷവും അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര റീജനുകളില്നിന്നായി പൊലീസിന്റെ കണ്ട്രോള് റൂമില്‍ ലഭിക്കുന്നത്. എസ്.ഒ.എസ് ബട്ടണ്‍ സൗകര്യം ഏര്‍പ്പെടുത്തിയതിലൂടെ പൊതുജനങ്ങള്‍ക്ക് അതിവേഗം സഹായം തേടാനും അതിന് അനുസൃതമായി സേനക്ക് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.