ഹാബിറ്റാറ്റ് സ്കൂളിന് വീണ്ടും ഗിന്നസ് ബുക്ക് ബഹുമതി
text_fieldsഗിന്നസ് വേള്‍ഡ് റെക്കോഡ് ഒഫീഷ്യലായ കാൻഡി ഏയ് ഡെഫ്രാവി, ഹാബിറ്റാറ്റ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്നു
അജ്മാന്: വെബ് ഡെവലപ്മെന്റ് ഹാങ്ങൗട്ടില്‍ ലോക റെക്കോഡ് ബഹുമതിയുമായി ഹാബിറ്റാറ്റ് സ്കൂള്‍ വീണ്ടും ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. കുട്ടികൾ സ്വന്തമായി കോഡ് ചെയ്ത് നിർമിച്ച സ്വന്തം വെബ്സൈറ്റുകൾ ഒരു സമയം ലോഞ്ച് ചെയ്ത പ്രവൃത്തിയാണ് ഹാബിറ്റാറ്റ് സ്കൂളിനെ ബഹുമതിക്ക് അര്‍ഹമാക്കിയത്. ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുത്ത വെബ് ഡെവലപ്മെന്റ് ഹാങ്ങൗട്ട് സംഘടിപ്പിച്ചാണ് ലോക റെക്കോഡിട്ടത്. ഹാബിറ്റാറ്റ് സ്കൂളുകൾ രണ്ടാം തവണയാണ് ഗിന്നസ് ബുക്കിൽ ഇടംകണ്ടെത്തുന്നത്. 2019ൽ നിശ്ചിത സമയത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തതിനായിരുന്നു സ്കൂൾ ആദ്യം ഗിന്നസ് ബുക്കിലെത്തിയത്. ഹാബിറ്റാറ്റ് സ്കൂൾസ് ഗ്രൂപ്പിന്റെ കീഴിലുള്ള മൂന്നു സ്കൂളുകളായ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ഹാബിറ്റാറ്റ് സ്കൂൾ അൽ ജർഫ്, ഹാബിറ്റാറ്റ് സ്കൂൾ അൽ തല്ലാഹ് അജ്മാൻ എന്നീ സ്കൂളുകളിൽ നിന്നുള്ള 4 -12 ഗ്രേഡുകളിലെ 2803 വിദ്യാർഥികൾ ഈ വിഡിയോ ഹാങ്ങൗട്ടിൽ വിജയകരമായി പങ്കെടുത്തു.
542 ഉപയോക്താക്കളുമായി WiPay ജമൈക്ക ജമൈക്കയിൽ സ്ഥാപിച്ച റെക്കോഡിനെയാണ് ഹാബിറ്റാറ്റ് സ്കൂൾ കുട്ടികൾ മറികടന്നത്. മിഡിലീസ്റ്റിൽ കോഡിങ് മേഖലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. ഗിന്നസ് വേൾഡ് റെക്കോഡ് അംഗങ്ങളെത്തി റെക്കോഡ് പ്രഖ്യാപിച്ചു. ഹാബിറ്റാറ്റ് സ്കൂളുകളിൽ കോഡിങ്ങിന്റെ രംഗത്ത് ഏഴ് വർഷമായി നടന്നുവരുന്ന പരിശ്രമങ്ങളുടെ ഫലമാണ് ഈ ഗിന്നസ് റെക്കോഡ്. ഇന്ന് വിവിധ രാജ്യങ്ങളിലായി 30 സ്കൂളുകൾ നടപ്പാക്കിയ സൈബർ സ്ക്വയർ കരിക്കുലം പദ്ധതി 2014ൽ ആദ്യം നടപ്പിലാക്കിയ സ്കൂളാണ് ഹാബിറ്റാറ്റ്. ഇവിടെ ചെറിയ ക്ലാസുകൾ മുതൽ കോഡിങ് പഠിപ്പിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അവരുടെ കോഡിങ്ങും കഴിവുകളും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്ന ഡിജിറ്റൽ ഫെസ്റ്റുകളും വർഷം തോറും ഈ സ്കൂൾ നടത്തിവരാറുണ്ട്. കമ്പ്യൂട്ടർ സയൻസ് ബോർഡ് പരീക്ഷകളിൽ മികച്ച മാർക്ക് നേടാനും ജോലിക്ക് കൂടുതൽ അനുയോജ്യരാകാനും യു.എ.ഇയിലെ ദേശീയ കോഡിങ് ഈ മത്സരങ്ങളിൽ മികവ് കാട്ടാനും ഈ പരിശീലനം സ്കൂളിലെ നിരവധി വിദ്യാർഥികള്‍ക്ക് സഹായകമായിട്ടുണ്ട്.
കോഡർമാരെയും ഡിജിറ്റൽ സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിച്ച് സാങ്കേതിക നവീകരണത്തിൽ കുതിച്ചുയരാൻ യു.എ.ഇ തയാറെടുക്കുമ്പോൾ, രാജ്യത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നൽകുന്നത് സന്തോഷകരമായ ദൗത്യമായി ഹാബിറ്റാറ്റ് സ്കൂളുകൾ കണക്കാക്കുന്നുവെന്ന് സ്കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി വ്യക്തമാക്കി. പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും നൂതനമായ സംയോജനമാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഹാബിറ്റാറ്റ് മോഡൽ എന്ന ആശയമെന്നും കോഡിങ് മേഖലയിലും ഹാബിറ്റാറ്റ് സ്കൂൾ സമൂഹത്തിന് അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നതായും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഇതിനായി നടത്തിയ അധ്വാനത്തെ പ്രശംസിക്കുന്നതായും ഹാബിറ്റാറ്റ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു. സി.ഇ.ഒ സി.ടി. ആദിൽ, അക്കാദമിക് ഡീൻ വസീം യൂസഫ് ഭട്ട്, സ്കൂൾ പ്രിൻസിപ്പൽമാരായ ഖുറത്ത് ഐൻ, മറിയം നിസാർ, ബാല റെഡ്ഡി അമ്പാടി, കമ്പ്യൂട്ടർ സയൻസ് അധ്യാപകർ എന്നിവർ മേൽനോട്ടം വഹിച്ചു.