Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്രഷ് ടു യു.എ.ഇ

ഫ്രഷ് ടു യു.എ.ഇ

text_fields
bookmark_border
ഫ്രഷ് ടു യു.എ.ഇ
cancel
camera_alt

ഷാൻ കടവിലും മാത്യു ജോസഫും

'കേരളത്തിലെ മീനിന്​ വിസ കിട്ടി'. ആറ് വർഷം മുൻപ്​ യു.എ.ഇയിലെ മലയാള പത്രങ്ങളിൽ നിറഞ്ഞുനിന്ന പരസ്യവാചകമായിരുന്നു ഇത്​. ഈ 'വിസ'യുടെ ബലത്തിൽ കേരളത്തിൽ നിന്ന്​ ആഴ്​ചതോറും വിമാനത്തിലേറി യു.എ.ഇയിലെത്തുന്നത്​ 8000-10000 കിലോ മീനാണ്​. വിസയെടുത്തു കൊടുത്തതും ഇവിടെയെത്തിക്കുന്നതുമെല്ലാം രണ്ട്​ മലയാളികളാണ്​. എടപ്പാൾ സ്വദേശി ഷാൻ കടവിലും ചേർത്തല സ്വദേശി മാത്യു ജോസഫും. 2015ൽ ഓൺലൈൻ മീൻ വിൽപനയുമായെത്തി
ഭക്ഷ്യോൽപന്ന മേഖലയിൽ സ്വന്തം പേരെഴുതിചേർത്തവരാണ്​​ 'ഫ്രഷ്​ ടു ഹോമും' അതി​​ന്‍റെ സാരഥികളായ മാത്യുവും ഷാനും. ഫ്രഷ്​ ടു ഹോമി​ന്‍റെ തുടക്കവും വളർച്ചയും ഭാവി പദ്ധതികളും യു.എ.ഇ നൽകിയ സഹായങ്ങളുമെല്ലാം ഷാനും മാത്യുവും
പങ്കുവെക്കുന്നു...

ചേരേണ്ടവർ ചേരു​മ്പോൾ ചരിത്രം പിറക്കുമെന്നല്ലേ. അങ്ങിനെയുള്ള രണ്ട് പേരുടെ അപ്രതീക്ഷിത​ കൂടിച്ചേരലാണ്​ ഫ്രഷ്​ ടു ഹോം എന്ന സ്​റ്റാർട്ടപ്പി​ന്‍റെ പിറവിയിലെത്തിയത്​. ഷാനും മാത്യവും തമ്മിലുടെ പങ്കാളിത്തം മാത്രമായിരുന്നില്ല, ടെക്​നോളജിയും ബിസിനസും തമ്മിലുള്ള കൂടിച്ചേരൽ കൂടിയായിരുന്നു ഇത്​.

ദുബൈയിൽ പച്ച മീനിന്​ നല്ല മാർക്കറ്റാണെന്നറിഞ്ഞ്​ കടം മേടിച്ച കാശുമായി രണ്ട്​ പതിറ്റാണ്ട്​മുൻപേ​ വിമാനം കയറിയയാളാണ്​ മാത്യു. ഇവിടെയെത്തിയപ്പോഴാണറിയുന്നത്​ 65 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യം ഇവിടേക്ക്​ എത്തുന്നുണ്ടെന്ന്​. പക്ഷെ, ഇന്ത്യയിൽ ബോംബെയിൽ നിന്നും മദ്രാസിൽ നിന്നും വലപ്പോഴും മാത്രമാണ്​ മീനെത്തിയിരുന്നത്​. ആ സാധ്യത മുന്നിൽകണ്ടാണ്​​ 2000ൽ പച്ചമീനി​ന്‍റെ ഓർഡർ പിടിച്ച്​ നാട്ടിലേക്ക്​ മടങ്ങിയത്​. അന്ന്​ തുടങ്ങിയ ബിസിനസ്​ സൗദി, ആസ്​ട്രേലിയ, തായ്​പേയ്​, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും പടർന്നു. എന്നാൽ, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മാത്യുവിനെയും പതുക്കെ ബാധിച്ച്​ തുടങ്ങി. കയറ്റുമതി ചെയ്യുന്ന മറ്റ്​ രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചപ്പോൾ ഒരിക്കൽ ഭാര്യയാണ്​ ഇന്ത്യയിൽ തന്നെ വ്യാപാരം നടത്തുന്നതിനെ കുറിച്ച്​ സൂചിപ്പിച്ചത്​. അങ്ങിനെയാണ്​ ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങിയതും 2012ൽ സീ ടു ഹോം എന്ന കമ്പനി തുടങ്ങിയതും. പച്ചമീൻ ഓൺലൈനായി വിൽക്കുകയായിരുന്നു ലക്ഷ്യം.

അങ്ങിനെയാണ്​ പച്ചമീനിനെ ആദ്യമായി ഓൺലൈനിലെത്തിച്ചതി​ന്‍റെ ക്രെഡിറ്റ്​ മാത്യുവി​ന്‍റെ പേരിൽ എഴുതിചേർക്കപ്പെട്ടത്​. വമ്പൻ കച്ചവടമായിരുന്നെങ്കിലും ടെക്​നോളജിയെ കുറിച്ച്​ വലിയ ധാരണയില്ലാതെ വന്നതോടെ രണ്ട്​ വർഷത്തിന്​ ശേഷം അത്​ പൂ​ട്ടേണ്ടി വന്നു. ഈ സമയത്ത്​ ​ഐ.ടി വിദഗ്​ദനും ynga.com​ന്‍റെ ഇന്ത്യയിലെ സി.ഇ.ഒയും അമേരിക്കൻ ബിസിനസ്​ മേഖലയിൽ പരിചയ സമ്പത്തുമുള്ള ഷാൻ കടവിൽ വിളിക്കുന്നത്​. ബംഗളൂരുവിൽ സി ടു ഹോമി​ന്‍റെ സ്​ഥിരം കസ്​റ്റമറായിരുന്നു ഷാൻ. ഷാനി​ന്‍റെ ഈ ഫോൺ കോളാണ്​ ഫ്രഷ്​ ടു ഹോം എന്ന, ഇന്ന്​ 450 കോടി രൂപ വരുമാനമുള്ള സ്​ഥാപനത്തിന്​ നാമ്പിട്ടത്​.

​പ്രവാസികളുടെ നൊസ്​റ്റാൾജിയ

മാത്യു ബിസിനസിനായാണ്​ യു.എ.ഇയിൽ എത്തിയതെങ്കിൽ ഷാൻ പഠിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിലാണ്​. നാല്​ മുതൽ 12 വരെ യു.എ.ഇയിലായിരുന്നു. പിന്നീട്​ യു.എസ്​ ഉൾപെടെയുള്ള രാജ്യങ്ങളിലേക്ക്​ ചേക്കേറി. അതുകൊണ്ട്​ തന്നെ, പ്രവാസികളുടെ നൊസ്​റ്റാൾജിയ നന്നായി അറിയാവുന്നവരാണ്​ ഇരുവരും. ഈ ഇമോഷൻ എങ്ങിനെ ബിസിനസി​ൽ ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ്​ മീനിന്​ 'വിസ' എടുക്കുന്നത്​. ഇന്ത്യയിൽ നിന്നുൾപെടെ മീനുകൾ യു.എ.ഇയിൽ എത്തുന്നുണ്ടെങ്കിലും എല്ലാത്തരം മത്സ്യവും എത്തിയിരുന്നില്ല. ചെറിയ മാന്തൽ, കല്ലുമ്മക്കായ, മത്തി, ബീഫ്​ ഫ്രൈ ഇതൊക്കെ കിട്ടുന്നത്​ നാട്ടിൽ പോയി വരുമ്പോഴാണ്​. ഇതെല്ലാം ഫ്രഷായി ഇവിടെ മണിക്കൂറുകൾക്കുള്ളിൽ എങ്ങിനെ എത്തിക്കാം എന്നതായിരുന്നു ചിന്ത. കൊച്ചിമുതൽ തലശേരി വരെയുള്ള സ​െപ്ല ചെയിൻ വഴി ലഭിക്കുന്ന മീനുകൾ എങ്ങിനെ 24 മണിക്കൂറിനുള്ളിൽ യു.എ.ഇയിൽ എത്തിക്കാമെന്നതായിരുന്നു ആലോചന. ഇതി​ന്‍റെ വിജയമാണ്​ ഇന്ന്​ കാണുന്ന ഫ്രഷ്​ ടു ഹോം.

കേരളത്തിലെ കടലിൽ നിന്ന്​ പിടിക്കുന്ന മീൻ 24 മണിക്കൂർ​ ​േപാലും തികയുന്നതിന്​ മുൻപ്​ യു.എ.ഇയിലെ അടുക്കളകളിൽ എത്തുന്നുണ്ട്​. കൊച്ചിയിൽ വൈകുന്നേരം നാല്​ മണിക്ക്​ പിടിക്കുന്ന മീൻ ഏഴിന്​ കലക്ഷൻ സെന്‍ററിൽ എത്തും. രാത്രി 11ന്​ വിമാനത്തിൽ കയറ്റിയാൽ പുലർച്ച നാലിന്​ ദുബൈയിൽ എത്തും. അവിടെ നിന്ന്​ ഉമ്മുൽഖുവൈനിലെ ഫാക്ടറിയിൽ പ്രോസസ്​ ചെയ്ത ശേഷം മണിക്കൂറുകൾക്കുള്ളിൽ വീടകങ്ങളിലെത്തും. ചില മീനുകൾ ഇവിടെ തന്നെ ലഭിക്കുമെങ്കിലും കല്ലുമ്മക്കായ്​, പള്ളത്തി, മാന്തൽ, കരിമീൻ പോലുള്ളവയെല്ലാം നാട്ടിൽ നിന്ന്​ തന്നെ വരണം. അതാണ്​ ഫ്രഷ്​ ടു ഹോമി​ന്‍റെ ബ്രാൻഡിനെ വളർത്തിയതും. നിശ്​ചിത സമയത്തിനുള്ളിൽ എത്തിക്കാൻ കഴിയുന്നതിനാൽ കെമിക്കൽ ചേർക്കാത്ത മീൻ തീൻ മേശകളിലെത്തുന്നുണ്ട്​.

മത്സ്യമാണ്​ മുഖ്യമെങ്കിലും ചിക്കനും ബീഫും മട്ടനും ഒട്ടകവും പച്ചക്കറിയുമെല്ലാം ഫ്രഷ്​ ടു ഹോം വഴി ഇപ്പോൾ വീടുകളിൽ എത്തുന്നുണ്ട്​. 2020ൽ ഒരുമാസം പത്ത്​ ലക്ഷം ഓർഡറായിരുന്നു ലഭിച്ചതെങ്കിൽ 2021ൽ അത്​ 25 ലക്ഷമായി ഉയർന്നു. അത്​ തങ്ങളുടെ മേലുള്ള വിശ്വാസത്തി​ന്‍റെ തെളിവാണെന്ന്​ ഇവർ സാക്ഷ്യപ്പെടുത്തുന്നു.

അക്വ കൾച്ചറിലെ വിപ്ലവം

1957 മുതലുള്ള കണക്ക്​ നോക്കിയാൽ അക്വകൾച്ചറാണ്​ ദിനംപ്രതി ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തുന്ന ഫുഡ്​ പ്രൊഡക്ഷനെന്ന്​ മാത്യു പറയുന്നു. ഇന്ത്യയിലെ ആകെ മത്സ്യ ഉദ്​പാദനം 13 മില്യൺ മെട്രിക്​ ടണാണ്. അതിൽ 10 മില്യൺ മെട്രിക്​ ടൺ​ അക്വ കൾച്ചറാണ്​. കേരളത്തിൽ നിന്ന്​ ഏകദേശം 25,000 ടൺ മാത്രമാണ്​ അക്വാ കൾച്ചറിലൂടെ വരുന്നത്​. ഇന്ത്യയിൽ ഭൂരിഭാഗവും ആന്ദ്ര, ഒറീസ, മഹാരാഷ്ട്ര എന്നിടങ്ങളിൽ നിന്നാണ്​.

ആലപ്പുഴയിലെ അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെ 40 ഏക്കറിലാണ്​ ഫ്രഷ്​ ടു ഹോമി​ന്‍റെ മേൽനോട്ടത്തി അക്വ കൾച്ചർ കൃഷി ചെയ്യുന്നത്​. മേൽനോട്ടം വഹിക്കുന്നതും സഹായമെത്തിക്കുന്നതും ഫ്രഷ്​ ടു ഹോമാണെങ്കിലും കൃഷി ചെയ്യുന്നത് പത്ത്​​ കർഷകരാണ്​. അടിസ്​ഥാന നിക്ഷേപവും സാ​േങ്കതിക വിദ്യയും മത്സ്യക്കുഞ്ഞും മാർക്കറ്റ്​ വിലയുടെ ഉറപ്പും ഫ്രഷ്​ ടു​ ഹോം നൽകും. 'നാനോ ഫാമിങ്​' എന്നാണ്​ ഈ പദ്ധതിക്ക്​ പേരിട്ടിരിക്കുന്നത്​. ഇതുവഴി നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിനാളുകൾക്ക്​​ ജോലി നൽകാൻ കഴിയുന്നുണ്ട്​. ലോകത്ത്​ മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അക്വ കൾച്ചറി​ന്‍റെ പ്രാധാന്യം വർധിച്ചുവരുന്നുവെന്നാണ്​ ഷാ​ൻ പറയുന്നത്​. ട്രോളിങ്​ സമയത്ത്​ മത്സ്യതൊഴിലാളികൾക്ക്​ ആശ്വാസമാണ്​ അക്വ കൾച്ചർ. ഇടനിലക്കാരുടെ ഇടപാടില്ലാത്തതിനാൽ മത്സ്യതൊഴിലാളികൾക്ക്​ കൂടുതൽ വില നൽകാനും ​ഫ്രഷ്​ ടു ​േഹാമിന്​ കഴിയുന്നുണ്ട്​. 1500 തൊഴിലാളികളിൽ നിന്ന്​ നേരിട്ട്​ മത്സ്യം ഏറ്റെടുക്കുന്നുണ്ട്​. ജോലി നഷ്​ടപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്കും തുടങ്ങാവുന്ന സംരംഭമാണ്​ അക്വ കൾച്ചർ. ആരിൽ നിന്നും മീൻ സ്വീകരിക്കാൻ തയാ​റാണെന്ന്​ ഫ്രഷ്​ ടു ഹോമും ഉറപ്പുനൽകുന്നു.

തങ്ങളുടെ എല്ലാമെല്ലാമായ മത്സ്യതൊഴിലാളികൾക്ക്​ സഹായവുമായി ഇവർ എപ്പോഴും ഒപ്പമുണ്ട്​. ചെല്ലാനത്തും മുനമ്പത്തും അർത്തുങ്കലും ചെത്തിയിലുമെല്ലാം ​കോവിഡ്​ സമയത്തും കടല​ാക്രമണ സമയത്തും ഫ്രഷ്​ ​ട​ു ഹോമി​ന്‍റെ സഹായഹസ്​തം എത്തിയിരുന്നു.

യു.എ.ഇയുടെ പിന്തുണ

യു.എ.ഇയുടെ മിഷൻ 2030ലെ പ്രധാന അജണ്ടയാണ്​​ അക്വകൾച്ചർ. ഇത്​ മുന്നിൽ കണ്ട്​ അബൂദബി സർക്കാർ തയാറാക്കിയ അക്വകൾച്ചർ പദ്ധതിയിലെ മുഖ്യ പങ്കാളിയാണ്​ ഫ്രഷ്​ ടു ഹോം. ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികളിലും ഫ്രഷ്​ ടു ഹോമി​െനയും അവർ പ്രൊമോട്ട്​ ചെയ്യുന്നത്​ അഭിമാനകരമാണെന്ന്​ മാത്യുവും ഷാനും പറയുന്നു.

അബൂദബി സർക്കാരി​ന്‍റെ 'ഗോയിങ്​ ദ ഡസർട്ട്​ ഗ്രീൻ' പദ്ധതിയുടെ പ്രധാന പങ്കാളിയാണ്​ ഫ്രഷ്​ ടു ഹോം. അക്വകൾച്ചറിനായി ഹാച്ചറികൾ, ഫീഡ്​ മിൽസ്​ പോലുള്ളവയുടെ അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കുന്ന വലിയ പ്രോജക്ടാണ്​ നടപ്പാക്കുന്നത്​. 2000 ടണി​ന്‍റെ വലിയ ഫിഷ്​ ഫാമാണ്​ ലക്ഷ്യമിടുന്നത്​. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഫ്രഷ്​ ടു ഹോമി​ന്‍റെ ഗവേഷണങ്ങളെല്ലാം ഇവിടെയും നടപ്പാക്കും. ഭക്ഷ്യ സുരക്ഷക്ക്​ മുഖ്യപ്രാധാന്യം നൽകുന്ന യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടാണിത്​.

100 ശതമാനം വിദേശ നിക്ഷേപം എന്ന നിയമം വന്നപ്പോൾ അത്​ നടപ്പിലാക്കിയ ആദ്യ സ്ഥാപനങ്ങളിൽ ഒന്നാണ്​ ഫ്രഷ്​ ടു ഹോം. നടപടികളെല്ലാം അതിവേഗത്തിലാക്കുന്നു എന്നതാണ്​ യു.എ.ഇയുടെ ഏറ്റവും വലിയ ഗുണം. അക്വകൾച്ചറിനായി അപേക്ഷിച്ച സമയത്ത്​ സർക്കാർ വകുപ്പുകളിൽ അങ്ങിനൊരു കോഡ്​ ഉണ്ടായിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അക്വ കൾച്ചറി​ന്‍റെ കോഡ്​ യാഥാർഥ്യമാക്കി. ഈ നാട്ടിലേ ഇത്​ നടക്കൂ എന്ന്​ ഷാൻ പറയുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്​സ്​ പോലുള്ളവയുടെ ഉപയോഗവും യു.എ.ഇയിൽ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയും. രാജ്യത്തി​ന്‍റെ ജി.ഡി.പിയെ പോലും മാറ്റിമറിക്കുന്ന രീതിയിൽ അക്വ കൾച്ചർ വളരുമെന്നാണ്​ ഇരുവരുടെയും കണക്ക്​ കൂട്ടൽ. ഇതിനായി മന്ത്രാലയവും വകുപ്പുമെല്ലാം യു.എ.ഇയിലുണ്ട്​.

സർക്കാരുമായി ബന്ധപ്പെട്ട ഇ ^ കൊമേഴ്​സ്​ കമ്പനികൾ ഫ്രഷ്​ ടു ഹോമിൽ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്​. ഇതും വലിയ പിന്തുണയാണ്​. അൽഗുറൈർ ഗ്രൂപ്പിന്‍റെ അബ്​ദുൽ അസീസ്​ അൽ ഗുറൈർ, ഷാർജയിലെ ക്രസൻറ്​ പെട്രോളിയം ഗ്രൂപ്പിന്‍റെ വെൻച്വർ, ഐ.സി.ഡി എന്ന ദുബൈയിലെ സോവറിൻ ഫണ്ട്​, അബൂദബിയിലെ എ.ഡി.ക്യൂ തുടങ്ങിയവയെല്ലാം ഫ്രഷ്​ ​ടു ഹോമിൽ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്​.

ലോക്​ഡൗണിലും ലോക്കാവാതെ...

ലോക്​ഡൗൺ സമയത്ത്​ കാർഗോ വിമാനങ്ങൾക്ക്​ വി​ലക്കേർപെടുത്താതിരുന്ന യു.എ.ഇയുടെ നയം ഇവിടെയുള്ള ഭക്ഷ്യമേഖലക്കും മുറികളിൽ കുടുങ്ങിയ പ്രവാസികൾക്കും വലിയ ഗുണം ചെയ്​തിരുന്നു. മറ്റ്​ സ്​ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോഴും ഭക്ഷണത്തിന്​ തടസം നേരിടരുത്​ എന്നതായിരുന്നു യു.എ.ഇയുടെ നയം.

ആദ്യ ലോക്​ഡൗണി​ന്‍റെ സമയത്ത്​ ഫ്രഷ്​ ടു ഹോമിന്​ ഓരോ ദിവസവും ഓർഡറുകൾ കുറഞ്ഞുവന്നു. ഡെലിവറി ബോയ്​സി​ന്‍റെ എണ്ണവും കുറഞ്ഞു വന്നു. സംഭവം അന്വേഷിച്ചപ്പോൾ ആശങ്കയാണ്​ പ്രധാന കാരണമെന്ന്​ മനസിലാക്കി. ഡെലിവറി ബോയ്​സിനെ ഉപഭോക്​താക്കൾക്കും അവർക്ക്​ തിരിച്ചും ഭയമായിരുന്നു. അങ്ങിനെയാണ്​ കോൺടാക്​ട്​ലെസ്​ ഡെലിവറി എന്ന സംവിധാനത്തെ കുറിച്ച്​ ആലോചിച്ചത്​. ഡെലിവറി ബോയ്സ്​ വീട്ടുവാതിക്കൽ എത്തി കൈമുട്ട്​ ഉപയോഗിച്ച്​ ബെൽ അടിക്കും. ശേഷം മാറി നിൽക്കും. അപ്പോഴും മറ്റൊരു പ്രതിസന്ധിയുണ്ടായിരുന്നു. 35 ശതമാനവും കാഷ്​ ഓൺ ഡെലിവറിയായിരുന്നു. എന്നാൽ, ഓൺലൈനിൽ പണമടക്കുന്നവരുടെ ഓർഡറുകൾ മാത്രം സ്വീകരിച്ചാൽ മതി എന്ന തീരുമാനം ഫ്രഷ്​ ടു ഹോം എടുക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പ്രശ്നമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും ഓൺലൈൻ പേമെന്‍റിലേക്ക്​ മാറി.

കോവിഡ്​ കാലത്ത്​ ഏറ്റവുമധികം വളർച്ച നേടിയ കമ്പനികളിൽ ഒന്നാണ്​ ഫ്രഷ്​ ടു ​ഹോം. ആ സമയത്ത്​ കമ്പനിക്കൊപ്പം പ്രവർത്തിച്ചവർക്ക്​​ ഹീറോ ബോണസ്​ നൽകി. കമ്പനിയുടെ ഉള്ളിലുള്ളവർക്ക് ശമ്പളത്തി​ന്‍റെ​ 25 ശതമാനും പുറത്തുപോയി ജോലി ചെയ്തവർക്ക്​ 50 ശതമാനവുമാണ്​ ബോണസ്​ നൽകിയത്​. മറ്റ്​ കമ്പനികൾ സാലറി കുറച്ചപ്പോൾ ശമ്പള വർധനവ്​ നടപ്പാക്കിയും ഫ്രഷ്​ ടു ഹോം മാതൃക കാണിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fresh To Homeemarat dil ki dhadkandil ki dhadkanuae@50
News Summary - Fresh to UAE
Next Story