Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഴവില്ലു വിരിയുന്ന...

മഴവില്ലു വിരിയുന്ന ദുബൈ കനാൽ

text_fields
bookmark_border
dubai canal
cancel

പണ്ടുപണ്ട് ദുബൈ നഗരം അഭിവൃദ്ധിയുടെ പടവുകള്‍ കയറുന്ന കാലത്ത് ഒരു ചെറിയ തോട് നികത്തേണ്ടിവന്നു. ആ തോടിലൂടെ ജലഗതാഗതം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒഴുക്കുണ്ടായിരുന്നു. നിറയെ റൗണ്ടെബൗട്ടുകളുണ്ടായിരുന്ന പണ്ടത്തെ ദുബൈ, അബൂദബി ഹൈവേയുടെ ഓരത്തുകൂടെയായിരുന്നു അതിന്‍റെ പോക്ക്.

കടലുമായി ചെറിയ ചങ്ങാത്തം ഉണ്ടായിരുന്നതുകൊണ്ട് മത്സ്യങ്ങളുമുണ്ടായിരുന്നു. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍ പ്രവാസികളും സ്വദേശികളും എത്തി. കാലം കിതക്കാതെ പാഞ്ഞപ്പോൾ ദുബൈയും കൂടെ പാഞ്ഞു. ബുര്‍ജ് ഖലീഫയും മെട്രോയും ട്രാമും ആകാശം തൊടുന്ന നിരവധി വിസ്മയങ്ങളും ദുബൈയില്‍ ഉയര്‍ന്നു.

ഈ ഉയര്‍ച്ചക്കിടയിലും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആൽ മഖ്തൂം ചിന്തിച്ചുകൊണ്ടിരുന്നത് പണ്ട് തന്‍റെ പൂര്‍വികര്‍ നികത്തിയ ആ തോടെങ്ങനെ വീണ്ടെടുക്കും എന്നതിനെ കുറിച്ചായിരുന്നു.

ഭരണ നൈപുണ്യത്തോടൊപ്പം മനസ്സ് നിറയെ കവിതയും പ്രകൃതിസ്നേഹവും കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല. മനസ്സിലൂടെ ദുബൈ കനാല്‍ ഒഴുകാൻ തുടങ്ങിയിരുന്നു.

ദുബൈ രാജകുടുംബത്തിന്‍റെ തറവാട് നില്‍ക്കുന്ന ഷിന്ദഗയില്‍നിന്ന് തുടങ്ങി റാസല്‍ഖോർ പക്ഷിസങ്കേതത്തിൽ അവസാനിക്കുന്ന കണ്ടല്‍കാടിന്‍റെ കുളിര് പരന്നുകിടക്കുന്ന ജലാശയത്തെ അറബ്യന്‍ ഉള്‍ക്കടലുമായി ബന്ധപ്പെടുത്തുന്ന കനാല്‍ പദ്ധതിയാണ് ശൈഖ് മുഹമ്മദിന്‍റെ മനസ്സില്‍ ജലകവിതയായി പിറന്നത്.

പുരോഗതിയുടെ കുതിപ്പറിയുന്നതിന് മുമ്പ് കടലായിരുന്നു ഗള്‍ഫിനെ അന്നമൂട്ടിയിരുന്നത്. ആ കടല്‍സാന്നിധ്യത്തെ ലോകത്തെതന്നെ അമ്പരപ്പിച്ച ദുബൈയുടെ പുരോഗതിക്കിടയിലൂടെ ആനയിക്കുക എന്ന മഹത്തായ ഭാവന. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് ഒരു വിളിപ്പാടകലെ കൂടിയാണ് പുതിയ കനാല്‍ പോകുന്നത്.

പരമ്പരാഗത ഗ്രാമമായ ഷിന്ദഗയെ തൊട്ടുതലോടി ആരംഭിക്കുന്ന കനാല്‍ സഫാ ഉദ്യാനത്തിലൂടെ കടന്ന് ബുര്‍ജുൽ അറബിനും മദീനത്ത് ജുമേരക്കും ഏറെ അകലെയല്ലാതെയാണ് അറേബ്യന്‍ ഉള്‍ക്കടലിലത്തെുന്നത്. ഇടതടവില്ലാതെ വാഹനങ്ങള്‍ പായുന്ന ശൈഖ് സായിദ് റോഡ്, അല്‍ വാസൽ, ജുമേര റോഡുകളുടെ മധ്യത്തിലൂടെ വേണമായിരുന്നു കനാലിനെ കടലിലേക്ക് ആനയിക്കാന്‍.


ശൈഖ് സായിദ് റോഡിലും മറ്റും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ പാലങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ആദ്യപടി. മുമ്പ് ഇടതടവില്ലാതെ വാഹനങ്ങള്‍ പാഞ്ഞ വഴിയിലൂടെ ഇപ്പോൾ ജലമാണ് ഒഴുകുന്നത്.

പാലത്തില്‍നിന്ന് പലവര്‍ണങ്ങളിലൂടെ ജലം കായലിലേക്ക് വീഴുന്ന കാഴ്ച കാണേണ്ടതുതന്നെ. നേര്‍ത്ത സംഗീതത്തില്‍ ഏഴ് നിറങ്ങളിൽ വെള്ളം നടത്തുന്ന കുടമാറ്റം കാണാന്‍ ദിനംപ്രതി ആയിരങ്ങളത്തെുന്നു. ദൈവം കനിഞ്ഞ് നല്‍കിയ 40 നദികളും തോടുകളും മലകളും പാടങ്ങളും നികത്തിയും മലിനമാക്കിയും പുരോഗതിയുടെ കുപ്പായമിട്ട് പത്രാസ് കാട്ടുന്നവരാണ് മലയാളികള്‍.

മലയും പുഴയും പാടവും കായലും നികത്തി മഴയില്ല എന്ന് പറഞ്ഞുള്ള വനരോദനം നിർത്തി മലയാളി പ്രകൃതിയോട് യഥാര്‍ഥ സ്നേഹം കാണിക്കണം. അല്ലാത്തപക്ഷം, ഓലപ്പുരയിലുറങ്ങാനും എ.സി വേണ്ടി വരും. നാം പ്രകൃതിയോട് എത്രമാത്രം ക്രൂരത കാട്ടുന്നു എന്നത് കൃത്യമായി അറിയാന്‍ കനോലി കനാലിന്‍റെ തീരത്ത് പോയിനിന്നാല്‍ മാത്രം മതി.

അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ കനോലിയുടെ തീരത്തുപോയി ദുബൈ കനാലിനെ കുറിച്ചൊന്ന് ഓര്‍ത്തുനോക്കുക. 2.7 ദശലക്ഷം ചെലവഴിച്ച് ദുബൈ സര്‍ക്കാർ നിര്‍മിച്ച 3.2 കിലോമീറ്റർ ജലപാത, തന്നെ കാണാനത്തെുന്ന മലയാളികളെ സദാ ചോദ്യചിഹ്നങ്ങളാക്കുന്നു.

നാട്ടില്‍ തൂര്‍ത്ത പ്രകൃതി സമ്പത്തുകളുടെ രോദനം ശൈഖ് സായിദ് റോഡില്‍നിന്ന് ദുബൈ കനാലിലേക്ക് പതിക്കുന്ന ജലസംഗീതത്തിനിടയിലും അവരുടെ മനസ്സിലേക്ക് പാഞ്ഞെത്തുന്നു. സഫാ ഉദ്യാനത്തിന്‍റെ അരികുചേര്‍ന്നാണ് കനാല്‍ പോകുന്നത്. മനോഹരങ്ങളായ അഞ്ച് നടപ്പാലങ്ങള്‍ ഇതിലുണ്ട്. ഗതാഗതത്തിനായി നിര്‍മിച്ച അഞ്ച് പാലങ്ങള്‍ വേറെയും.

നടപ്പാലങ്ങളില്‍ ദീപാലങ്കാരങ്ങളുടെ മയൂഖ നടനം. സപ്തവര്‍ണങ്ങളുടെ കുടമാറ്റം. കനാലിന്‍റെ തീരത്തെ നടപ്പാതക്കുമുണ്ട് ഏഴഴക്. സിമന്‍റ് തിണ്ണയിലിരുന്ന് സംഗീതോപകരണങ്ങള്‍ വായിക്കുന്നവർ രാവിനെ രാഗിലമാക്കുന്നു.

സല്ലാപത്തിലേര്‍പ്പെടുന്നവർ ആയിരത്തൊന്ന് രാവികളിലേക്ക് വാതിൽ തുറക്കുന്നു. മനസ്സിലെ നോവുകളൊക്കെയും ജലാശയത്തിന്‍റെ നീലിമയിലേക്ക് വലിച്ചെറിയുന്നവര്‍ ഉല്ലാസ നൌകകളായി ഒഴുകുന്നു. നടപ്പാതയിലൂടെ കിതപ്പറിയാതെ നടക്കുന്നവർ ദുർമേദസിനെ തുറന്നു വിടുന്നു.

ഭക്ഷണം കഴിച്ചും കുട്ടികളുടെ കുസൃതികൾ ആസ്വദിച്ചും ജലതരംഗ വേളകൾ ആഘോഷമാക്കുന്നു. യന്ത്രവേഗമാര്‍ന്ന ഒരു പ്രദേശത്തെ എത്ര വേഗമാണ് ദുബൈ ഒരു ജൈവ സംഗീത സ്വര്‍ഗമാക്കി മാറ്റിയത്. കാറ്റ് നാടാകെ ഈ കനാല്‍കഥ പാടിനടന്നത് കൊണ്ടാകുമോ ഇത്രക്കധികം ദേശാടന പക്ഷികള്‍ കനാലോരത്ത് വിരുന്നെത്തിയത്.

മനുഷ്യനും പക്ഷികള്‍ക്കും കണ്ണില്‍പ്പെടാത്ത അസംഖ്യം ജീവജാലങ്ങള്‍ക്കും ഉല്ലസിക്കാന്‍ ദുബൈ തീര്‍ത്ത സ്വര്‍ഗംതന്നെയാണ് ഈ കനാല്‍. കനാലോരത്തെ നടപ്പാതയിലെ വിളക്ക് കാലുകള്‍ക്ക് സമീപത്ത് മൊബൈൽ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.

ഇതിനായി പ്രത്യേക ഇടംതന്നെ മരത്തിൽ തീര്‍ത്തിരിക്കുന്നു. വാഹനങ്ങള്‍ ഇരമ്പുന്ന ശൈഖ് സായിദ് റോഡും അറബിക്കടലും ജലഭാഷയില്‍ സംസാരിക്കുകയാണെന്ന് തോന്നും പാലത്തില്‍നിന്ന് കനാലിലേക്ക് വീഴുന്ന ജലസംഗീതം കേള്‍ക്കുമ്പോള്‍.

വിനോദസഞ്ചാര ഭൂപടത്തില്‍ ദുബൈ എഴുതിയ പുത്തന്‍ ജൈവ വിസ്മയം കാണാന്‍ ആയിരങ്ങളാണ് പ്രതിദിനം വിമാനമിറങ്ങുന്നത്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്ന് ആയിരങ്ങളത്തെുന്നു. 6.4 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ കെട്ടിട സമുച്ചയങ്ങളും കനാല്‍ തീരത്ത് ഉയരുകയാണ്.

പുരോഗതി പിച്ചവെച്ച് നടന്ന കാലത്ത് അപ്രത്യക്ഷമായ ഒരു കായല്‍ ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും പുരോഗതി കൊണ്ടുവരുന്ന ജൈവ മാന്ത്രികത. കനാല്‍ വന്നതോടെ ബര്‍ദുബൈ, സബീല്‍, കറാമ, ഊദ് മത്തേ, സത്​വ തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന ഓള്‍ഡ് ദുബൈ മേഖല ഒരു ദ്വീപായി മാറി.

കനാലിന്‍റെ വെള്ളിയരഞ്ഞാണം കെട്ടിയ ലോകം മോഹിക്കുന്ന ദ്വീപ്. നിലവിലെ സന്ദര്‍ശകരുടെ കണക്ക് പ്രകാരം 30 ദശലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം കനാൽ കാണാനത്തെുമെന്നാണ് കണക്കാക്കുന്നത്. ജലഗതാഗതത്തിന് കനാല്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയതോടെ സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടുണ്ട്. ദുബൈയുടെ വിവിധ മുഖങ്ങള്‍ കണ്ടാസ്വദിച്ചുള്ള ജലയാത്രയെ ലോകം കടലോളം പുകഴ്ത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai canal
News Summary - Dubai Canal like rainbow
Next Story