Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുഖാറ: പട്ടുപാതയിലെ ...

ബുഖാറ: പട്ടുപാതയിലെ സുന്ദരി

text_fields
bookmark_border
Bukhara:
cancel

പ്രാചീന സിൽക്ക് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ആധുനിക ഉസ്ബകിസ്ഥാനിലെ ബുഖാറ. വിഖ്യാത ഇസ്​ലാമിക പണ്ഡിതൻ ഇമാം ബുഖാരിയുടെ നാടെന്ന പോരിശയുമുള്ള ഈ പട്ടണത്തിലേക്ക് രണ്ട് ദിവസത്തെ താഷ്കന്റ് വാസത്തിനു ശേഷമാണ് പുറപ്പെട്ടത്. ബുള്ളറ്റ് ട്രെയിനിലായിരുന്നു യാത്ര. ഉസ്ബകിസ്ഥാനിലെ മെട്രോയും, ബുള്ളറ്റ് ട്രെയിനും ഹരം കൊള്ളിക്കുന്ന കാഴ്ച സമ്മാനിക്കുമെന്ന് മുമ്പെവിടെയോ വായിച്ചതോർത്തു. ഇളം തണുപ്പിന്റെ ആലസ്യത്തിൽ ഞാനൊരു ചൂടുകാപ്പി ഓർഡർ ചെയ്തു. മങ്ങിയ നിലാവിന്റെ പുഞ്ചിരിയമരും വരെ ജാലകചില്ലിലൂടെ പുറം കാഴ്ചയിൽ മുഴുകി.

പച്ചയുടുപ്പണിഞ്ഞ കൃഷിയിടങ്ങൾ, മണ്ണിന്‍റെ ചൂരുള്ള കർഷകർ, അവരുടെ നിത്യജീവിതത്തിന്‍റെ ജീവനാഡിയായ മൃഗങ്ങൾ... എന്നിങ്ങനെ ഒരു ഇമാറാത്തി പ്രവാസിക്ക് ആദ്യ കാഴ്ചയിൽ തന്നെ ഹൃദയം തൊടുന്ന ദൃശ്യചാരുതകൾ. ഉസ്ബകിസ്ഥാന്റെ ദേശീയ വരുമാനത്തിൽ കൃഷിയുടെ പങ്ക് ചെറുതല്ല എന്ന് താഷ്കന്റ് ഹൈവേ യാത്രകളിൽ തന്നെ മനസ്സിലാക്കിയിരുന്നു. ഹൈവേയിലെ നാലുവരി പാതയിൽ ട്രക്കുകളുടെ ഘോഷയാത്രയായിരുന്നു. പച്ചക്കറികളും പഴങ്ങളും താജികിസ്ഥാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ട്രക്കുകളാണവയെന്ന് ഗൈഡ് ഹമീദ് ഭായ് പറഞ്ഞിരുന്നു. തണ്ണിമത്തൻ, ആപ്പിൾ, ഉറുമാൻപഴം, സ്ട്രോബറി, മൾബറി, പീച്ച് തുടങ്ങിയ പഴങ്ങളാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്.

സമർഖന്ദും പിന്നിട്ട് ട്രെയിൻ ബുഖാറയിലെത്തി. സ്റ്റേഷനു പുറത്ത് ഞങ്ങളെയും കാത്ത് ഡ്രൈവർ നിൽക്കുന്നുണ്ടായിരുന്നു. നേരേ ഓൾഡ് ടൗണ് ലക്ഷ്യമാക്കി നീങ്ങി. ആയിരം വർഷങ്ങളുടെ പഴക്കം തോന്നിക്കുന്ന കെട്ടിടങ്ങൾ. ഷെവർലേ കാറുകളുടെ നീണ്ടവരി. നഗരം യുനെസ്കോ പൈതൃക പട്ടികയിലുള്ളതിനാൽ പുതിയ കെട്ടിടങ്ങൾപോലും പഴമ നിലനിർത്തിയാണ് നിർമിക്കുന്നത്. ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ഉസ്ബകിസ്ഥാന്റെ ചരിത്രത്തിൽ ഈ നഗരമൊരു പറുദീസയായിരുന്നു. കലാ, വ്യാപാര, മതകീയ ചിന്തകളുടെ ഈറ്റില്ലമായിരുന്ന ഈ നഗരം ഭാഗ്യങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്.

6ാം നൂറ്റാണ്ട് മുതൽ 10ാം നൂറ്റാണ്ട് വരെ പേർഷ്യൻ സാമ്രാജ്യത്തിന്റെയും സാമാനിദ് സാമ്രാജ്യത്തിന്റെയും കീഴിലായിരുന്ന ഈ പ്രദേശം ഇസ്​ലാമിക ലോകത്തിന്റെ ബൗദ്ധിക തലസ്ഥാനമായിരുന്നു. പട്ട്, പഞ്ഞി, തുകൽ ഉൽപന്നങ്ങൾ, കാർപറ്റുകൾ മുതലായവയായിരുന്നു ഈ പ്രദേശത്തെ പ്രധാനവരുമാന മാർഗം. 16ാം നൂറ്റാണ്ടിൽ നാടോടി രാജാവായ ഖാൻ ഷെയ്ഖാനി ബുഖാറ കീഴടക്കിയതോടെ ബുഖാറയുടെ പുഷ്കലമായ കാലഘട്ടം ആരംഭിച്ചു. മധേഷ്യ മുഴുവനും കീഴടക്കിയ ഖാൻ ബുഖാറയെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. 1920 ൽ സോവിയറ്റ് യൂണിയൻ ബുഖാറ പിടിച്ചടക്കുന്നത് വരെ ഖാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ബുഖാറ. വിവിധ സാമ്രാജ്യങ്ങൾ ബുഖാറ ഭരിച്ചെങ്കിലും ചരിത്രശേഷിപ്പുകളെയും കെട്ടിടങ്ങളെയും സംരക്ഷിച്ചു പോരുന്നതിൽ ചെങ്കിസ്ഖാൻ പോലും താൽപര്യം കാണിച്ചു എന്നത് മറ്റൊരു ചരിത്രസത്യം.

പർവേശ് ഹൗസെന്ന ഗസ്റ്റ് ഹൗസിലായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. ഒരു ഉസ്ബക് ഫാമിലിക്കൊപ്പം താമസിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യക്കാരെ ഷാരൂഖ് ഖാനും കാജോളുമായി കരുതുന്ന ഉസ്ബകുകാരുടെ കൂടെയുള്ള താമസം ബോളിവുഡ് ചിത്രങ്ങൾക്ക് തുല്യമാണ്.

ശൈഖ് നഖ്ശബന്ദി

അതിരാവിലെ തന്നെ ഗൈഡ് റൂമിനരികിലെത്തി. നേരത്തെ തീരുമാനിച്ചതു പ്രകാരം ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്ദിയുടെ മഖാമിലേക്കായിരുന്നു(സ്മൃതി കുടീരം) ആദ്യയാത്ര. ബുഖാറയുടെ യഥാർത്ഥ സൗന്ദര്യം അതിന്റെ ആത്മീയ നായകനിലാണ് ലയിച്ചുകിടക്കുന്നതെന്ന് വാജിദ് പറഞ്ഞു. ബുഖാറയിൽ സ്ഥിരതാമസമാക്കിയ മലപ്പുറത്തുകാരനാണ് വാജിദ്. മുസ്​ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും മതകീയ കർമങ്ങൾ തങ്ങളുടെ നിത്യജീവിതത്തിലെ വിരുന്നുകാർ മാത്രമാണ് ഉസ്ബകികൾക്ക്. സോവിയറ്റ് യൂണിയന്റെ ഭരണമാണ് ഇവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും മതം പിഴുതെറിഞ്ഞത്. എങ്കിലും, ശൈഖ് നഖ്ശബന്ദിയുമായുള്ള ആത്മീയ ബന്ധം അതേപടി നിലനിൽക്കുന്നുണ്ട്. വിവാഹം, തെരഞ്ഞെടുപ്പ്, കച്ചവടം തുടങ്ങിയ പ്രധാനപ്പെട്ട കർമങ്ങൾക്ക് മുമ്പ് ബുഖാറക്കാർ ശൈഖിന്റെ സന്നിധിയിൽ വന്ന് പ്രാർഥിക്കുകയും സംഭാവനകളർപ്പിക്കുകയും ചെയ്യും. പ്രഭാത സൂര്യൻ മുഖം കഴുകുന്നതിനു മുമ്പ് തന്നെ ശൈഖിന്റെ സവിധത്തിലെത്തി.

തിരക്കുപിടിച്ച വഴിയോരം. അകലെ നിന്ന് തന്നെ ശൈഖ് വിശ്രമിക്കുന്ന ഖുബ്ബ കാണാം. കേരളത്തിൽ വരെ വേര് പിടിച്ച നഖ്ശബന്ദി സൂഫീ സരണിയുടെ സ്ഥാപകന്റെ മഖാമാണതെന്ന് ഓർത്തപ്പോൾ സന്തോഷം ഇരട്ടിയായി. ക്രി. 1318 ൽ ബുഖാറക്കടുത്ത് സ്ഥിതി ചെയ്യുന്ന ഖസ്ര് ഇർഫ അഥവാ ജ്ഞാനികളുടെ കൊട്ടാരമെന്നു അർത്ഥം വരുന്ന പ്രദേശത്താണ് ശൈഖ് നഖ്ശബന്ദി ജനിക്കുന്നത്. മുഹമ്മദ് ബാബാ ശംസി, അമീർ സയ്യിദ് കുലാൽ, ശൈഖ് ഖുസം തുടങ്ങിയ പണ്ഡിതന്മാരിൽ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം നഖ്ശബന്ദി സരണിയുടെ സ്ഥാപകനായി. ക്രി.1389 ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

മഖ്ബറക്ക് ചുറ്റും വിദേശികളുടെയും ഉസ്ബക്കുകാരുടെയും തിരക്കാണ്. നിശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. നിശബ്ദതയുടെ ആഴങ്ങളിലവർ തങ്ങളുടെ സന്തോഷങ്ങളും സന്താപങ്ങളും ശൈഖിനോട് കരഞ്ഞു പറയുന്നുണ്ട്. കൂടുതലും സ്ത്രീകളാണ്. പരിഭവങ്ങളുടെയും പരിവേദനത്തിന്‍റെയും കയ്പ്പുനീരുമായി വരുന്നവർ ഹൃദയാനന്ദത്തിന്റെ മധുചഷകം നുണഞ്ഞ് പോകുന്ന കാഴ്ചയാണ് ഏറ്റവും സുന്ദരം. ആത്മീയത മനുഷ്യനായൊരുക്കുന്ന സൽക്കാരം വിശേഷണങ്ങൾക്കതീതമാണ്. മഖ്ബറക്ക് ചുറ്റും മദ്രസകളും പള്ളികളുമുണ്ട്. എല്ലാം കൺകുളിർക്കെ കണ്ട് ചോർ ബക്കർ നക്രോപോളീസിലേക്ക് യാത്ര തിരിച്ചു.

ചോർ ബക്കർ

മരിച്ചവരുടെ നഗരമെന്ന് അർത്ഥം വരുന്ന ചോർ ബക്കർ ഉസ്ബകിസ്ഥാനിലെ പ്രധാന സന്ദർശന കേന്ദ്രമാണ്. അബൂബക്കർ സെയ്ദ് ചക്രവർത്തിയുടെയും മൂന്ന് സഹോദരന്മാരുടെയും കബറിടം എന്ന നിലയ്ക്കാണ് ‘ചോർ ബക്കർ’എന്ന് ഇവിടം അറിയപ്പെടുന്നത്. നൂറ് കണക്കിന് ഖബറുകൾ ചോർ ബക്കറിനകത്തുണ്ട്. 1850 ൽ അബ്ദുല്ല ഹാൻ ചക്രവർത്തിയാണ് ഈ പ്രദേശം മനോഹരമായി രൂപീകരിച്ചത്. സന്ദർശകരിലധികവും നവദമ്പതികളാണ്. ഫോട്ടോ പോസിങ് കാണുമ്പോൾ ഹണിമൂൺ ട്രിപ്പിന് വന്ന പോലൊരു പ്രതീതിയാണ്. മരിച്ചവരുടെ നഗരമെന്ന പേരുള്ള ഈ പ്രദേശത്തേക്കെന്തിനാണിവർ ഹണിമൂൺ ആഘോഷിക്കാൻ വരുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. കെട്ടിടങ്ങളുടെ മനോഹാരിതയും, വർണച്ചില്ലുകളും, പ്രഭാപൂരിതമായ വിളക്കുകളും ഏതൊരു നവദമ്പതികൾക്കും നല്ലൊരു ഫ്രെയിം സമ്മാനിക്കുമെന്ന് കെട്ടിടത്തിന്റെ ഉൾഭാഗത്തേക്കെത്തിയതോടെ മനസ്സിലായി. നൂറുകണക്കിന് ശവക്കല്ലറകളുള്ള ഈ മതിൽ വളപ്പിനുള്ളിൽ പള്ളിയും ഖജനാവും മദ്രസകളും ചെറിയ പ്രാർത്ഥനാഹാളുകളും, എന്തിനേറെ പറയണം ചെറിയൊരു അങ്ങാടി പോലുമുണ്ട്. മക്കയിലേക്ക് തീർത്ഥാടനത്തിനു പോകുന്ന ഉസ്ബകികൾ ഇവിടെയെത്തി അബൂബക്കറിന്റെ ഖബറിൽ പ്രാർത്ഥിക്കുന്നതൊരു ആചാരമാണെന്ന് വാജിദ് പറഞ്ഞു. 19ാം നൂറ്റാണ്ടിൽ ഉസ്ബകിസ്ഥാൻ കീഴടക്കിയ സോവിയറ്റ് യൂണിയൻ ചോർ ബക്കറിനെ അവഗണിച്ചു. പതിയെ കാടുകയറി വിസ്മൃതിയിലായ കബറിടങ്ങളും കെട്ടിടങ്ങളും പാടേ നശിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഉസ്ബക് സ്വതന്ത്രമായതോടെ ചോർ ബക്കറ് വൃത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. യുനെസ്കോയുടെ സഹായവും ഇതിൽ ശ്രദ്ധേയമാണ്.

ബുഖാറ:

പട്ടുപാതയിലെ

സുന്ദരി

ചോർ ബക്കറിലേക്കുള്ള യാത്രയിൽ ഒരു നെടുങ്കൻ കോട്ട എന്‍റെ കണ്ണിലുടക്കിയിരുന്നു. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട കണ്ടുതീർക്കാൻ മണിക്കൂറുകളെടുക്കുമെന്ന വാജിദിന്റെ നിർദ്ദേശമനുസരിച്ച് കോട്ട കാണൽ ഉച്ചയൂണിന് ശേഷമാക്കാമെന്നു കരുതി. ക്രി. 500 ലാണ് ആർക്ക് കോട്ട നിർമിക്കപ്പെടുന്നത്. സമതലപ്രദേശമായ ബുഖാറയിൽ കൃത്രിമമായി കുന്ന് നിർമിച്ചാണ് കോട്ട കെട്ടിയത്. 10 ഏക്കറാണ് കുന്നിന്റെ വിസ്തൃതി, ഉയരമാകട്ടേ 20 മീറ്ററും. ഒരുപാട് ഐതിഹ്യങ്ങളും ഈ കോട്ടയെ ചുറ്റിപറ്റിയുണ്ട്. സിയുവുഷ എന്ന യുവാവിന് ബുഖാറ ഭരിച്ചിരുന്ന അഫ്രോഡിയാബ ചക്രവർത്തിയുടെ മകളോട് തോന്നിയ പ്രേമമാണ് ഇത്തരമൊരു കോട്ടയിലേക്കെത്തിച്ചത്. ബുഖാറ പിടിച്ചടക്കിയ ചക്രവർത്തിമാരെല്ലാം ഈ കോട്ടയെ അക്രമിച്ചും പുനർനിർമിച്ചും തങ്ങളുടെ ശക്തി തെളിയിച്ചു. ക്രി. 899 ൽ ബുഖാറ സന്ദർശിച്ച നർഷാഖി എന്ന സഞ്ചാരി ഇങ്ങനെ കുറിച്ചു. ‘നിർമിക്കപ്പെടുകയും, ഉടനേ തന്നെ നശിപ്പിക്കപ്പെടുകയുമാണ് ഈ കോട്ടയുടെ വിധി എന്നു തോന്നുന്നു’. ചെങ്കിസ്ഖാൻ ബുഖാറ അക്രമിച്ചപ്പോൾ ജനങ്ങൾ പ്രാണരക്ഷാർത്ഥം അഭയം തേടിയത് ഈ കോട്ടയ്ക്കുള്ളിലായിരുന്നു. വളരെ വിശാലമായ ലൈബ്രറികൾ, വ്യാപാരസ്ഥാപനങ്ങൾ, അരമനകൾ, പള്ളികൾ, മ്യൂസിയങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുങ്ങിയവ കോട്ടയ്ക്കകത്തുണ്ട്. ക്രി. 980 ൽ കോട്ട സന്ദർശിച്ച ഇബ്നുസീന ഇവിടുത്തെ പുസ്തകശാലയെ പറ്റി പറയുന്നതിങ്ങനെയാണ്. ‘ജീവിതത്തിൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അമൂല്യഗ്രന്ഥങ്ങളുടെ ഈ ശേഖരം എന്നെ സ്തബ്ധനാക്കുന്നു. ശാസ്ത്രശാഖകളെയും, ശാസ്ത്രകാരന്മാരെയും കുറിച്ച് പഠിക്കാൻ ഈ പുസ്തകശാല സന്ദർശിച്ചാൽ മതി’. ചെറിയ പടവുകൾ കയറി കോട്ടയുടെ മുകൾ ഭാഗത്തെത്തി ബുഖാറ പട്ടണം കൺനിറയെ കാണുന്നത് ഏറെ ഹരം പകരുന്നതാണ്.

തുടരും...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelBukhara
News Summary - Bukhara: On the silk road beauty
Next Story