Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​പ്രവാസികളോട്​...

​പ്രവാസികളോട്​ അത്രമേൽ കരുണയോടെ...

text_fields
bookmark_border
​പ്രവാസികളോട്​ അത്രമേൽ കരുണയോടെ...
cancel
camera_alt

വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട സക്കീർ ഹുസൈന്റെ കുടുംബത്തോടൊപ്പം ഉമ്മൻ ചാണ്ടി

റിയാദ്​: ജനകീയരായ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഒ​ട്ടേറെ കേരളത്തിനുണ്ടായിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിനും സംവിധാനങ്ങൾക്കുമപ്പുറം പ്രവാസികൾക്ക്​ വേണ്ടി നേരിട്ട്​ ഇടപെടലുകൾ നടത്തിയ നേതാവ്​ ഉമ്മൻ ചാണ്ടി മാത്രം. പ്രത്യേകിച്ചും സൗദി അറേബ്യയിലെ മലയാളികളുടെ കാര്യത്തിൽ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉണ്ടായത്​ ഒരേ സമീപനം. പേഴ്​സണൽ സ്​റ്റാഫിലെ ഒരാളെ തന്നെ സൗദി മലയാളികൾക്കായി അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു, കായംകുളം സ്വദേശി ശിവദാസൻ. അതിനായി ഇട​ക്കിടെ അദ്ദേഹം സൗദിയിൽ വന്നിരുന്നു.

ഏതാണ്ട്​ ഏഴെട്ട്​ വർഷം അങ്ങനെ ഉമ്മൻ ചാണ്ടിയുടെ സൗദിയിലെ ‘സ്ഥിരം പ്രതിനിധി’യായി ശിവദാസൻ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും തന്നെ സമീപിക്കുന്ന പ്രവാസികളെ അദ്ദേഹം വെറുതെ തിരിച്ചയക്കാതിരുന്നതിനാൽ സ്​റ്റാഫ്​ അല്ലാതായിട്ടും തന്റെ മരണം വരെ ശിവദാസൻ പ്രവർത്തനങ്ങൾ തുടർന്നു. നാലുവർഷം മുമ്പ്​ ശിവദാസൻ മരിച്ചു.

വിവിധ കേസുകളിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 12 മലയാളികളെയാണ്​ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത്​ ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയത്​. പ്രവാസി വ്യവസായികളുടെയും മറ്റും സഹായത്തോടെ മോചനദ്രവ്യം സ്വരൂപിച്ച്​ നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു ഇത്​. ഇക്കാലയളവിൽ മുന്നൂറോളം മൃതദേഹങ്ങൾ സൗദിയിൽനിന്ന്​ നാട്ടിലെത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തി.

വാഹനാപകട കേസുകളിൽ പെട്ട് വൻതുക നഷ്​ടപരിഹാരം കൊടുക്കാനില്ലാതെ ജയിലുകളിൽ കിടന്ന നിരവധിയാളുകളെ മോചിപ്പിച്ച് നാട്ടിൽ എത്തിച്ചു. രോഗമോ അപകടമോ മൂലം പ്രവാസത്തിൽ അടിതെറ്റി വീണവർക്കും രക്ഷയുടെ കരം നീട്ടി. ശിവാദാസനും സൗദിയിലെ സാമൂഹികപ്രവർത്തകരായ ശിഹാബ്​ കൊട്ടുകാട്​, അഷ്​റഫ്​ കുറ്റിച്ചൽ പോലുള്ള സാമൂഹികപ്രവർത്തകരും വഴിയാണ്​​ ഈ രക്ഷാദൗത്യങ്ങൾ അദ്ദേഹം നിർവഹിച്ചുപോന്നത്​. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്​ നോർക്ക-റൂട്ട്​സിന്റെ സൗദി അറേബ്യയിലെ കൺസൽട്ടന്റായി ശിഹാബ്​ കൊട്ടുകാടിനെ നിയമിച്ചത്​. ദൗത്യനിർവഹണത്തിന്​ അദ്ദേഹത്തെ ഔദ്യോഗികമായി തന്നെ ഉപയോഗിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ പോസിറ്റീവായ നീക്കമായിരുന്നു അത്​.

ഖത്തറിലെ മലയാളി വ്യവസായിയും ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനുമായിരുന്ന പരേതനായ അഡ്വ. സി.കെ. മേനോൻ ഉൾപ്പടെയുള്ള പ്രവാസികളാണ്​ ഈ രക്ഷാദൗത്യങ്ങളിൽ സാമ്പത്തിക പിന്തുണയായി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നത്​. അങ്ങനെയുള്ളവരെ നല്ല ലക്ഷ്യത്തോടെ ഇങ്ങനെ അണിനിരത്താൻ അദ്ദേഹത്തി​ന്റെ രാഷ്​ട്രീയ കൗശലമാണ്​ സഹായിച്ചതെങ്കിലും ഔദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത്​ മനുഷ്യത്വമാണെന്ന കാര്യത്തിൽ സംശയമില്ല.

പദവികളൊന്നുമില്ലാതെ രാഷ്​ട്രീയപരമായി ഏതാണ്ട്​ വിശ്രമത്തിലായ കാലത്തും നടത്തിയ ചില ഇടപെടലുകളെ ഏറെ അദ്ഭുത​ത്തോടെയാണ്​ സൗദിയിലെ ജീവകാരുണ്യപ്രവർത്തകർ ഓർത്തിരിക്കുന്നത്​. മണ്ടത്തരമോ എന്നുവരെ തോന്നിപ്പോകുന്ന ഇടപെടലുകളായിരുന്നു അത്​. പദവി​കളൊന്നുമില്ലാത്തതിനാൽ സാമ്പത്തിക പിന്തുണ മറ്റിടങ്ങളിൽനിന്നുണ്ടാവാതെ വന്നപ്പോൾ സ്വന്തം കൈയിൽനിന്ന്​ എടുത്ത്​ ചെലവഴിച്ച്​ മരണശിക്ഷയിൽ നിന്നും തടവറയിൽനിന്നുമൊക്കെ​ രക്ഷപ്പെടുത്തിയ സംഭവങ്ങളായിരുന്നു അത്​.

ഒന്നൊരു കോട്ടയം സ്വദേശി ദമ്മാമിൽ കൊല്ലപ്പെട്ട കേസാണ്. കോട്ടമുറിക്കൽ, ചാലയിൽവീട്ടിൽ തോമസ് മാത്യൂവാണ്​ കൂടെ താമസിച്ചിരുന്നവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത്​. കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ സ്വദേശി എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈൻ പ്രതിയായി. വധശിക്ഷയാണ്​ സൗദി കോടതി വിധിച്ചത്​. ശിക്ഷകാത്ത്​ ഒമ്പതുവർഷം ജയിലിൽ കിടന്നു. ഇതിനിടയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ്​ നൽകാൻ തയാറായി. 15 ലക്ഷം രൂപയുടെ ദിയാധനം (മോചനദ്രവ്യം) വേറെ എവിടെ നിന്നും കിട്ടാതായപ്പോൾ സ്വന്തം സമ്പാദ്യത്തിൽനിന്ന്​ എടുത്തു നൽകിയാണ്​ ഉമ്മൻ ചാണ്ടി അയാളെ രക്ഷപ്പെടുത്തിയത്​. 2020ലായിരുന്നു ഇത്​.


മുഖ്യമന്ത്രിയായിരിക്കെ റിയാദിലെത്തിയ ഉമ്മൻ ചാണ്ടി നാടുകടത്തൽ കേന്ദ്രത്തിലെ (തർഹീൽ) മലയാളി തടവുകാരനെ സന്ദർശിക്കുന്നു

സമാനമായ മറ്റൊരു കേസിലും ഇതുപോലെ സ്വന്തം കൈയിൽനിന്ന്​ പണം കൊടുത്ത്​ മൂന്ന്​ പേരുടെ ജീവൻ രക്ഷിച്ചു. റിയാദിലാണ് സംഭവം. കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പ്രതികൾ. മൂന്നും മലയാളികൾ. വധശിക്ഷ. അന്ന്​ അദ്ദേഹം മുഖ്യമന്ത്രിയാണ്​. പ്രതികളുടെ കുടുംബങ്ങൾ മുഖ്യമന്ത്രിയെ കണ്ട്​ സഹായം തേടി. അദ്ദേഹം ഇടപെട്ടതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകാൻ തയാറായി. 50 ലക്ഷം രൂപയായിരുന്നു ദിയാ ധനം. കൈയിലുണ്ടായിരുന്നത്​ തികയാതെ വന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ചിലരിൽനിന്ന്​ കൂടി വാങ്ങിയാണ്​ അദ്ദേഹം പണം സ്വരൂപിച്ചത്​. രണ്ട് കേസുകളിലും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് ഇടപെട്ടിരുന്നത്​. ഉമ്മൻ ചാണ്ടിയുടെ ഈ ഇടപെടലുകളെ കുറിച്ച്​ വിസ്​മയത്തോടെയല്ലാതെ ശിഹാബിന്​ പറയാനാവുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyOommen Chandy Passed Away
News Summary - With so much mercy towards the expatriates...
Next Story