നിയമ ലംഘകരെ കണ്ടെത്താൻ 20 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘നിയമലംഘകരില്ലാത്ത രാഷ്്ട്രം’ എന്ന കാമ്പയിനില്‍ അനധികൃതതാമസക്കാരെ കണ്ടെത്താന്‍ 20 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധനക്കുണ്ടാവുമെന്ന് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. മാര്‍ച്ച് 29 മുതല്‍ 90 ദിവസം നീളുന്ന ഇളവുകാലത്തും അതിന് ശേഷവും കണിശമായ പരിശോധന തുടരുമെന്ന് ജവാസാത്ത് വക്താവ് തലാല്‍ അശ്ശല്‍ഹൂബ് പറഞ്ഞു.
പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിൽ സമസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയ, യമന്‍ തുടങ്ങിയ പ്രശ്നബാധിത രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ പൊതുമാപ്പ് കാലത്ത് നാടുകടത്താന്‍ ഉദ്ദേശിക്കുന്നില്ല.
ഇത്തരം പൗരന്മാര്‍ക്ക് നിലവിലുള്ള വിസിറ്റ് വിസയും താല്‍ക്കാലിക തിരിച്ചറിയല്‍ രേഖയും പുതുക്കി നല്‍കുകയോ ഇഖാമ നല്‍കുകയോ വേണമെന്നാണ് ഉന്നത സഭയുടെ നിര്‍ദേശമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റേതെങ്കിലും രാജ്യക്കാര്‍ക്ക് 90 ദിവസത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കില്ല. ഇളവുകാലം ഉപയോഗപ്പെടുത്താതെ അലസത കാണിക്കുന്ന നിയമലംഘകരെ കാലാവധി കഴിയുന്നതോടെ പിടികൂടി ശിക്ഷയും പിഴയും നല്‍കി നാടകടത്താനാണ് നിർദേശം.