മസ്തിഷ്കമരണം; എട്ടുപേർക്ക് പുതുജീവിതമേകി അഞ്ചുപേരുടെ ആന്തരികാവയവങ്ങൾ
text_fieldsഅൽ ഖോബാർ: സൗദിയിൽ മസ്തിഷ്കമരണം സംഭവിച്ച അഞ്ചു പേരുടെ ആന്തരികാവയവങ്ങൾ എട്ടു രോഗികളിൽ മാറ്റിവെച്ചു. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷന്റെ (എസ്.സി.ഒ.ടി) നേതൃത്വത്തിൽ മക്കയിലെ സെക്യൂരിറ്റി ഫോഴ്സ് ആശുപത്രി, ദമ്മാമിലെ അൽ സഹ്റ ആശുപത്രി, അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക് എന്നിവിടങ്ങളിലാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
സൗദിയിൽ ഹൃദ്രോഗ ചികിത്സയിലായിരുന്ന 46ഉം 11ഉം വയസ്സുള്ള പേരിലാണ് ഹൃദയം മാറ്റിവെച്ചത്. 58ഉം 36ഉം വയസ്സുള്ള രണ്ട് സൗദി പൗരന്മാർക്ക് കരൾ, 31ഉം 21ഉം വയസ്സുള്ള രണ്ടുപേർക്ക് ശ്വാസകോശം, 14 വയസ്സുള്ള ഒരു പെൺകുട്ടിക്കും 45 വയസ്സുള്ള ഒരു പൗരനും വൃക്കകൾ എന്നിവയാണ് മാറ്റിവെച്ചത്.
രോഗികളെല്ലാം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. രോഗികളുടെ മുൻഗണനക്കും മെഡിക്കൽ നൈതികതക്ക് അനുസൃതവുമായാണ് അവയവ വിതരണം പൂർത്തിയാക്കിയതെന്ന് എസ്.സി.ഒ.ടി ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഗൗഫി വ്യക്തമാക്കി. മറ്റ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി അവയവങ്ങൾ ദാനം ചെയ്യാൻ അനുമതി നൽകിയ മസ്തിഷ്കമരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് ഡോ. അൽ ഗൗഫി നന്ദിയും അഭിനന്ദനവും അറിയിച്ചു.