Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനഷ്​ടമാകുന്ന

നഷ്​ടമാകുന്ന രണ്ടാമിടം

text_fields
bookmark_border
നഷ്​ടമാകുന്ന രണ്ടാമിടം
cancel

'ലോകത്തെ മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'- നെൽസൺ മണ്ടേലയുടെ പ്രശസ്തമായ ഈ വാചകം അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല.

ഈ ആയുധത്തിെൻറ ഏറ്റവും വലിയ ഉപഭോക്താക്കൾ വിദ്യാർഥികളാണ്. അവ ശരിയായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ദ്രോണാചാര്യർ ആണ് ഓരോ അധ്യാപകരും. വീടു കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഏറ്റവും സന്തോഷപൂർവം സുരക്ഷിതത്വത്തോടെ ഇടപഴകാനുള്ള, ഇടമാണ് വിദ്യാലയങ്ങൾ. കോവിഡ്​ റിപ്പോർട്ടു ചെയ്​തതിനു പിന്നാലെ 2020 മാർച്ചിൽ ലോകമെങ്ങും ആ രണ്ടാമിടം കൂടെ അടയ്ക്കപ്പെടുകയായിരുന്നു.

ഇപ്പോൾ നാം കാലത്തെ അടയാളപ്പെടുത്തുന്നത് കൊറോണക്ക് മുമ്പും കൊറോണക്ക് ശേഷവും എന്നാണ്. ഈയൊരു ഘട്ടത്തിൽ അധ്യാപകരും, മാതാപിതാക്കളും, വിദ്യാർഥികളും നേരിടുന്ന പ്രധാന പ്രശ്നം എന്നത് വിദ്യാഭ്യാസ രീതികളിൽ ഉണ്ടായ മാറ്റമാണ്. സാമ്പ്രദായികമായ അധ്യാപനത്തിൽ നിന്ന് ഓൺലൈൻ അധ്യാപനത്തിലേക്കുള്ള മാറ്റം ഈ മൂന്നു കൂട്ടർക്കും തുടക്കത്തിൽ വലിയൊരു വെല്ലുവിളി തന്നെയാണ് ഉയർത്തിയിരുന്നത്. എന്നാൽ, അനിതര സാധാരണമായ പാടവത്തോടെ അധ്യാപകർ ട്രാക്കിലേക്ക് വന്നു. കൂടെ വിദ്യാർഥികളും, മാതാപിതാക്കളും. സാങ്കേതിക വശങ്ങൾ അറിയാത്തതിനാൽ ചില മികച്ച അധ്യാപക സുഹൃത്തുക്കൾ മാനസിക സമ്മർദങ്ങൾക്ക് അടിപ്പെട്ടു ചികിത്സതേടിയത് വിസ്മരിക്കുന്നില്ല.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓൺലൈൻ അധ്യാപനത്തിൽ നേരിടേണ്ടി വന്ന ചില പ്രധാന പ്രശ്നങ്ങൾ ഇൻറർനെറ്റിെൻറ അപര്യാപ്തത, ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം, മറ്റ് സാങ്കേതിക തടസ്സങ്ങൾ എന്നിവയായിരുന്നു. എന്നാൽ ഇവയെല്ലാം മറികടക്കുവാൻ മാനേജ്മെൻറ​ും, ഗവൺമെ​ൻറ​ും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിക്കുകയുമുണ്ടായി. ഒപ്പം തന്നെ ടെക്നോളജിയെകുറിച്ച് പരിചയമില്ലാത്ത അധ്യാപകർ വിഡിയോ കോൺഫറൻസിങ്, പവർ പോയിൻറ്​ പ്രസ​േൻറഷൻ എന്നിവക്കു മുൻപിൽ അൽപം പകച്ചുവെങ്കിലും അതിവേഗം അതിൽ പ്രാഗല്ഭ്യം ഉള്ളവരായി മാറിയിരിക്കുന്നു. ആവശ്യമാണല്ലോ സൃഷ്്ടിയുടെ മാതാവ്.

സാങ്കേതിക ബുദ്ധിമുട്ടുകൾക്കു ഉപരിയായി അധ്യാപകരായ ഞങ്ങൾ നേരിട്ട അല്ലെങ്കിൽ നേരിടുന്ന വെല്ലുവിളി എന്നത്, വിദ്യാർഥികളെ സാധാരണ ക്ലാസ് മുറികളിൽ എന്നതുപോലെതന്നെ വെർച്വൽ ക്ലാസുകളിലും സജീവമാക്കുക എന്നുള്ളതാണ്. മൈക്കും വിഡിയോയും ഓഫ് ചെയ്തു കൊണ്ട് അധ്യാപകരുടെ കൺമുന്നിൽ നിന്നും മറഞ്ഞിരിക്കുന്ന വിദ്യാർഥികൾ ആരംഭിച്ച ഘട്ടത്തിൽ തീർച്ചയായിട്ടും ഏറെ പ്രയാസം നൽകിയിരുന്നു. കാരണം ഒരു ദിവസത്തെ അധ്യാപനം വിജയമാകുന്നത് ആ ക്ലാസിെൻറ അവസാനം പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിദ്യാർഥികൾ ഉത്തരം നൽകുമ്പോഴും, ഇടയ്ക്കിടെയുള്ള അധ്യാപക-വിദ്യാർഥി ആശയവിനിമയം നന്നായി നടക്കുമ്പോഴുമാണ്. എന്നാൽ അതിശയകരം എന്ന് പറയട്ടെ സാധാരണ ക്ലാസ് മുറികളിൽ ഉൾവലിഞ്ഞിരുന്ന ചില വിദ്യാർഥികൾ ഓൺലൈൻ ക്ലാസ്സുകളിൽ കൂടുതൽ ആക്ടീവായി മുന്നോട്ടുവരുന്നുണ്ട്. വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണ്. ഓൺലൈൻ അധ്യാപനത്തിൽ മിക്ക അധ്യാപകരും ഇതിൽ കൂടുതൽ ജാഗരൂകരാണ് എന്നത് ഇക്കാര്യത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ക്ലാസ്മുറികളിൽ ആക്ടീവ് അല്ലാത്ത വിദ്യാർഥികളുടെ മാതാപിതാക്കളെ ഉടനടി തന്നെ വാട്സ്ആപ്പ് മുഖേന ബന്ധപ്പെട്ട് അവരുടെ പ്രാതിനിധ്യം ക്ലാസിൽ ഉറപ്പുവരുത്തുന്ന കാര്യത്തിലും അധ്യാപകർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്. നോട്ട്ബുക്ക് കറക്ഷൻ പോലും ഓൺലൈൻ മുഖേന നടത്തുന്നതിൽ അധ്യാപകർ ശ്രദ്ധിക്കുന്നു.

കരുതലും സ്​നേഹവുമാണ്​ ക്ലാസ്​മുറികൾ

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഓൺലൈൻ ക്ലാസുകൾ അവരുടെ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ടാമിടത്തിെൻറ നഷ്്ടം തന്നെയാണ്. ക്ലാസ് മുറിയിൽ ലഭിക്കുന്ന ഒരു വൈകാരിക അന്തരീക്ഷം അവർക്ക് നഷ്്ടമാകുന്നു. കളിസ്ഥലവും വായനശാലയും, കൂട്ടുകാരും ഇല്ലാതെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത് അവരുടെ ക്രിയാത്മകത, കായികശേഷി, മാനസിക വളർച്ച, വൈകാരിക സന്തുലിതാവസ്ഥ എന്നിവയെ ഏറെ ബാധിക്കുന്നതായി സമീപകാലത്ത്​ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്യാർഥികളുടെ ആത്മഹത്യ വാർത്തകൾ ബോധ്യപ്പെടുത്തുന്നു.

തങ്ങളുടെ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുവാൻ മാതാപിതാക്കളെപ്പോലെ തന്നെ അല്ലെങ്കിൽ അതിലുമുപരിയായി നല്ല സുഹൃത്തുക്കളായി അധ്യാപകർ വിദ്യാർഥികൾക്ക് ഒപ്പമുണ്ടായിരുന്നു. ആർദ്രമായ ആ സ്നേഹബന്ധത്തിന് പകരംവെക്കുവാൻ ഓൺലൈൻ വിദ്യാഭ്യാസം തീർച്ചയായും പര്യാപ്തമല്ല. സാങ്കേതികതയിൽ ഒരുപക്ഷേ വിദ്യാർഥികൾ ഒരുപടി മുന്നിലേക്ക് പോകുന്നുവെങ്കിലും വിദ്യാർഥികളുടെ കലാ-കായിക വാസനകളുടെ വളർച്ച മുരടിച്ച് അവർ മൊബൈൽ ഗെയിമുകളിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നു. മൊബൈൽ ഫോൺ കമ്പ്യൂട്ടർ തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം വിദ്യാർഥികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പഠനഭാരം കുറയ്ക്കുന്നതിെൻറ ഭാഗമായി പാഠഭാഗങ്ങൾ വെട്ടിചുരുക്കുന്നത് വിദ്യാർഥികളിലേക്ക് എത്തുന്ന അറിവിെൻറ അളവിന് കുറവ് വരുത്തിയിരിക്കുന്നു. പരീക്ഷകൾ പലതും ഒഴിവാക്കിയത് വിദ്യാർഥികളെ അലസന്മാരാക്കിമാറ്റുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാറ്റിനുമുപരി വിദ്യാഭ്യാസം എന്നത് കേവലം വസ്തുതകളുടെ പരിശീലനം മാത്രമല്ലല്ലോ അത് കുട്ടികളുടെ ചിന്താസരണിയെ ഉണർത്തുന്ന ഒന്നാണ്. വിദ്യാലയങ്ങളിൽ ലഭിക്കുന്ന വിദ്യാഭ്യാസ പരിശീലനം വെറും അറിവുകൾ മാത്രമല്ല മാനവികതയുടെയും മനുഷ്യത്വത്തിെൻറയും പരിശീലനം കൂടിയാണ്.

മാതാപിതാക്കളെ സംബന്ധിച്ചെടുത്തോളവും വളരെയേറെ വെല്ലുവിളികൾ ഉണർത്തുന്ന ഒരു പഠന രീതിയാണ് ഓൺലൈൻ വിദ്യാഭ്യാസം. ചെറിയ കുട്ടികളുടെ ഒപ്പം ഇരുന്നു കൊണ്ട് അവരെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുവാൻ സഹായിക്കുക എന്നതും, മുതിർന്ന കുട്ടികളുടെ ഒപ്പം ഇരുന്നു കൊണ്ട് അവർ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതും മാതാപിതാക്കൾക്ക് സമ്മർദം കൂട്ടിയിരിക്കുന്നുവെന്നു അറിയുവാൻ സാധിച്ചു. ഒരു വീട്ടിലെ എല്ലാവരുടെയും ജീവിതചര്യ തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിന് അനുസൃതമായി പുനഃക്രമീകരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ സാഹചര്യങ്ങൾ കുറച്ചുകൂടി സങ്കീർണമാണ്. അപര്യാപ്തമായ സാങ്കേതിക ഉപകരണങ്ങളും, ഇൻറർനെറ്റും, സാങ്കേതികമായ അറിവിെൻറ അപര്യാപ്തതയും പല മാതാപിതാക്കൾക്കും നൽകുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്.

അധ്യാപക -വിദ്യാർഥി ബന്ധം മനോഹരവും ഉറപ്പുള്ളതുമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടു കൂടി ഓരോ ദിവസത്തെയും ക്ലാസിനു മുന്നോടിയായി ക്ലാസ് ടീച്ചറും വിദ്യാർഥികളും തമ്മിലുള്ള ഇൻററാക്ഷൻ സെഷൻ നടത്തുന്ന സ്കൂളുകൾ ഉണ്ട്. ഒരു പരിധി വരെ അത് വിജയം കണ്ടിരിക്കുന്നു. വിദ്യാർഥികളെ പഠനത്തിെൻറ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാക്കുക, അവയെ ഏറ്റെടുക്കുവാൻ അവരെ പര്യാപ്തരാക്കുക എന്നത് ഓരോ അധ്യാപകരുടെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തിെൻറയും ഭാവി അവിടുത്തെ ക്ലാസ് മുറികളെ ആശ്രയിച്ചിരിക്കുന്നു എന്നുള്ള മഹദ്‌വചനം ഓർമിച്ചുകൊണ്ട് രണ്ടു കൊല്ലമായി സ്വഭവനങ്ങളിൽ തളയ്ക്കപ്പെട്ട വിദ്യാർഥികൾക്ക് ആത്മധൈര്യം പകർന്നു കൊടുക്കുക എന്നതും ഈ അസാധാരണ സാഹചര്യത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളിയാണ്.

ഇതിെൻറ ഭാഗമായി പല സ്കൂളുകളും, സംഘടനകളും, ഇന്ത്യൻ എംബസിയും, ഗൾഫ് മാധ്യമം പോലെയുള്ള പത്രങ്ങളും നടത്തുന്ന വിവിധ പഠനേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുവാനും അവരുടെ ആത്മവിശ്വാസത്തെയും കഴിവിനെയും മൂർച്ച കൂട്ടുവാനും അധ്യാപകർ നിരന്തര പരിശ്രമത്തിലാണ്. ഒപ്പം തന്നെ ടാലെൻറ്​സ്​ ഡേ പോലെ അതിഗംഭീരമായി കൊണ്ടാടിയിരുന്നവ ഓൺലൈനിലെങ്കിലും നടത്തുവാനും അതിലൂടെ കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുവാനും മിക്ക സ്കൂളുകളും ശ്രമിക്കുന്നു. ഈയിടെ കേരളത്തിലെ മര്യനാട് എന്ന കുഞ്ഞുഗ്രാമത്തിലെ സി.ബി.എസ്​.ഇ സ്കൂൾ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചതും അതിൽ മാതാപിതാക്കളെയും ഭാഗഭാക്കാക്കിയതും സന്തോഷപൂർവം ഓർക്കുന്നു.

ഇനിയെന്നു വരും ആ നല്ലകാലം

ഓരോ അധ്യാപകദിന ആഘോഷങ്ങളും വിദ്യാർഥികൾക്ക് തങ്ങളുടെ നിഷ്കളങ്കമായ സ്നേഹം അധ്യാപകരോട് പ്രകടിപ്പിക്കുവാനുള്ള ഒരു അവസരം കൂടിയാണ്. അധ്യാപകരായി മാറി മികച്ച പ്രകടനം കാഴ്ചവെക്കുന്ന , മധുരവും ചെറിയ സമ്മാനങ്ങളും പങ്കുവച്ചുകൊണ്ട് അധ്യാപകർക്കു വേണ്ടി കലാപ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികൾ കഴിഞ്ഞ രണ്ടു വർഷത്തെ നഷ്്ടങ്ങളിൽ ഉൾപ്പെടുന്നു. അധ്യാപക-വിദ്യാർഥി സ്നേഹത്തിെൻറ അവിസ്മരണീയമായ ചില നിമിഷങ്ങൾ, അവരിൽ നിന്നു ലഭിക്കുന്ന കുഞ്ഞു കവിതകൾ, കത്തുകൾ എന്നിവയെക്കുറിച്ചുള്ള ഓർമകളൊക്കെയും മിഴികളെ സജലമാക്കുന്നു, ഹൃദയത്തെ ആർദ്രവും.

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഞങ്ങളുടെ പ്രധാനാധ്യാപകനായ ഷിബു അബ്്ദുൽ റഷീദ് അധ്യാപകരോട് ആവർത്തിച്ച്​ ഉദ്​​ബോധിപ്പിച്ച ഒരു സന്ദേശമാണ് 'നിങ്ങൾ സോഷ്യലോ, ഇംഗ്ലീഷോ, മലയാളമോ പഠിപ്പിക്കുന്ന അധ്യാപകർ ആയിരിക്കാം എന്നാൽ നിങ്ങളുടെ വിഷയങ്ങൾക്ക് അതീതമായി ഇന്നത്തെ കാലഘട്ടത്തിൽ നിങ്ങൾ ഏറ്റെടുക്കേണ്ട ഒരു വെല്ലുവിളിയായിരിക്കണം വിദ്യാർഥികളിൽ പൗരബോധം ഉണർത്തുക എന്നത്'. അതെ, ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ അധ്യാപകരും മാതാപിതാക്കളും ഒരുപോലെ ഏറ്റെടുക്കേണ്ട ഒരു ടാസ്ക് ആണ് വിദ്യാർഥികളിൽ പൗരധർമവും പൗരബോധവും ഉണർത്തുക എന്നത്. കാരണം വിദ്യാഭ്യാസമെന്നത് വെറും അറിവിെൻറ കൈമാറ്റമല്ല, മറിച്ച് മാനുഷികതയും സഹജീവി സ്നേഹവും, ചിന്താശേഷിയും, ഊർജസ്വലതയും നിറഞ്ഞ ഭാവിതലമുറയെ വാർത്തെടുക്കുക എന്നതാണ്. അവരിലൂടെ ഒരു രാജ്യത്തിെൻറ സ്വപ്നങ്ങൾക്ക് നിറം പകരുക എന്നുള്ളതാണ്. സമ്പൂർണമായ ഈ ലോക് ഡൗൺ കാലഘട്ടം കഴിഞ്ഞ്, തങ്ങളുടെ വിദ്യാലയങ്ങളിലേക്ക് വർണശബളിമയാർന്ന ചിത്രശലഭങ്ങൾ പോലെ പാറി എത്തുന്ന വിദ്യാർഥികൾക്കായി കാത്തിരിക്കുന്ന അധ്യാപകരുടെ പ്രതിനിധിയാണ് ഞാനും. രോഗവ്യാപനത്തെ തടയുവാനുള്ള സാമൂഹിക ഉത്തരവാദിത്തം പാലിച്ചുകൊണ്ട് കൊറോണ എന്ന വിപത്തിൽ നിന്ന് കരകയറുവാനും ഓൺലൈൻ ക്ലാസ്സ് എന്ന ചട്ടക്കൂടിൽനിന്ന് ക്ലാസ് മുറികളിലെ ഊഷ്മളതയിലേക്ക് വിദ്യാർഥികളെ എത്തിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളികളാകാനും നമുക്കേവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ, തിരുവനന്തപുരം

(അധ്യാപിക, നോബിൾ ഇൻറർനാഷണൽ സ്കൂൾ ദോഹ)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers dayteachers day 2021
News Summary - Schools are the place where students can most happily interact after home
Next Story