എങ്ങുനിന്നെത്തിയീ അന്ധകാരം, പാരിൽ
പൂനിലാവാകെ മറഞ്ഞുവല്ലോ
ദിക്കറിയാതിന്ന് മാനവരലയുന്നു, ചിത്തഭ്രമം
പിടിച്ചെന്ന പോലെ...
മരണം മണക്കുന്ന ചുവരുകൾക്കിടയിൽ, മരണഭീതി നിറയും കൺകളിൽ നോക്കി,
കർമഫലമേതുമിഛയില്ലാതെ ഞ ാൻ കർമനിരതയാകുന്നേത് രാവിലും...
അവസാന ശ്വാസത്തിനാകാതെ പിടയുന്ന ദയനീയ രൂപങ്ങൾ ദിനമെത്ര മാത്രം,
കരളലിയിക്കുന്ന കാഴ്ചകൾ കണ്ടെൻെറ ഹൃദയം പിടയുന്നതും എത്രമാത്രം...മരണം വിതക്കും മഹാമാരിചുറ്റിലും മർത്യൻെറ ദയനീയ ചിത്രം
വരക്കുമ്പോൾ,
തളരുവാനാവില്ല കരയുവാനാകില്ല ഉള്ളിൽ അതിജീവനമെന്ന
ചിന്ത മാത്രം...
പുതിയ ജന്മം ലഭിച്ചെന്നറിയും ചിലർ തൂകുന്ന പുഞ്ചിരി
കണ്ടെൻെറ മനസ്സിലും
പുതുവസന്തം വരും, പൂങ്കുയിൽ പാടിടും, ഞാനറിയാതെൻെറ
മിഴികൾ നിറഞ്ഞിടും...
ഒരുമിച്ച് കുഴികുത്തി മൂടും ജഡങ്ങളിൽ ഒരു നാളിൽ ഞാനും ഒരംഗമായേക്കാം,
ഉറ്റവർക്കൊരു നോക്കു കാണുവാനാകാതെ ഞാനുമീമണ്ണിൽ
അലിഞ്ഞ് ചേർന്നേക്കാം...
മാഞ്ഞുപോകും നാളെ ഈ മഹാവ്യാധിയും മണ്ണിൻെറ മൂലയിൽ എങ്ങുമില്ലാതെ,
ഓർമകളുണ്ടായിരിക്കണം ഏവർക്കും ഞങ്ങൾ മാലാഖയല്ല,
മനുഷ്യരെന്ന്