ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ മേൽനോട്ടത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന 15ാമത് ദോഹ ജ്വല്ലറി & വാച്ച് എക്സിബിഷൻ സാമ്പത്തിക വാണിജ്യവകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ആറ് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിെൻറ സംഘാടകർ ഖത്തർ ടൂറിസം അതോറിറ്റിയും അവതാരകർ ഓഡിറ്റോയിറുമാണ്. 10 രാജ്യങ്ങളിൽ നിന്നായി 50ലധികം പ്രദർശകരാണ് പ്രദർശനത്തിനെത്തിയിട്ടുള്ളത്.
490 പ്രാദേശിക അന്തർദേശീയ ബ്രാൻഡുകളാണ് ഈ വർഷത്തെ പ്രദർശനത്തിെൻറ സവിശേഷതകളിലൊന്ന്. ഫെബ്രുവരി 26 തിങ്കൾ വരെ എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിനും 10നും ഇടക്കാണ് പ്രദർശനം കാണുന്നതിനുള്ള സമയം.ഖത്തറിലെ മുഖ്യ ജ്വല്ലറി ഗ്രൂപ്പുകളായ അൽ ഫർദാൻ ജ്വല്ലറി, അലി ബിൻ അലി, അൽ മാജിദ് ജ്വല്ലറി ആൻഡ് വാച്ചസ്, അമീരി ജെംസ്, ഫിഫ്റ്റി വൺ ഈസ്റ്റ് തുടങ്ങിയവ തങ്ങളുടെ ഏറ്റവും പുതിയ ശേഖരങ്ങളുമായി പ്രദർശനത്തിനെത്തിയിട്ടുണ്ട്.