ദോഹ: ലോക ഓട്ടിസം ദിനവുമായി ബന്ധപ്പെട്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തറിലെ പ്രമുഖ കെട്ടിടങ്ങൾ നീല വർണ്ണമണിഞ്ഞു. ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം, കായിക മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ കെട്ടിടങ്ങളാണ് ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് നീല വർണ്ണത്തിൽ പ്രകാശിച്ചത്.
ഏപ്രിൽ രണ്ടിനാണ് ലോകമെമ്പാടും ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെയും വനിതകളെയും ശാക്തീകരിക്കുകയെന്ന പ്രമേയത്തിലൂന്നി ഖത്തറും ലോകത്തോടൊപ്പം ഓട്ടിസം ദിനത്തിൽ കൈകോർത്തു നിന്നു. 2007ൽ ഓട്ടിസത്തിനായി ആഗോളതലത്തിൽ പ്രത്യേക ദിനം അടയാളപ്പെടുത്തണമെന്ന ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറിെൻറ പ്രത്യേക നിർദേശപ്രകാരമാണ് 2008 മുതൽ എല്ലാ വർഷവും ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം ദിനമായി ആചരിച്ചുവരുന്നത്. രാജ്യത്തെ മറ്റു മന്ത്രാലയങ്ങളും ഓട്ടിസം ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെട്ടിടങ്ങൾക്ക് നീലനിറം നൽകി.