മസ്കത്ത്: പച്ച പുൽത്തകിടി വിരിച്ച ഫുട്ബാൾ മൈതനാനങ്ങളിൽ പുതുചരിതമൊരുക്കാൻ ഇനി ഒമാൻ വനിത ടീമും. രാജ്യത്തെ ആദ്യവനിത ദേശീയ ഫുട്‌ബാൾ ടീമിനെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിലെ അൽ ബുസ്താൻ പാലസിൽ നടന്ന വർണാഭമായ ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഒമാൻ ഫുട്ബാൾ അസോസിയേഷന്റെയും (ഒ.എഫ്.എ) പെൺകുട്ടികളുടെയും വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും പരിശ്രമ ഫലമാണ് ടീം രൂപവത്കരണത്തിലേക്കെത്തിയിരികുന്നത്.
ഒമാനിലുടനീളമുള്ള മികച്ച ഫുട്ബാൾ ക്ലബ്ബുകളിൽനിന്ന് തെരഞ്ഞെടുത്ത 18പേരാണ് ചരിത്രത്തിൽ ആദ്യമായി രൂപവത്കരിച്ച ടീമിൽ ഇടം നേടിയിരിക്കുന്നത്. ടീമിന്‍റെ ആദ്യ ടൂർണമെന്‍റ് അടുത്ത മാസം സൗദിയിൽ നടക്കും. ലോകകപ്പിൽ കളിക്കുക്ക എന്നത് തന്നെയാണ് ഞങ്ങൾ സ്വപ്നം കാണുന്നതെന്ന് ടീമിന്‍റെ ഔദ്യോഗിക ലോഞ്ചിങ്ങിൽ ഒമാൻ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അംഗം ലുജൈന മൊഹ്‌സിൻ ഡാർവിഷ് പറഞ്ഞു. എന്നൽ, അതിന്സമയമെടുക്കുമെന്ന് അറിയാം, ടീമിന്റെ പരിണാമം പടിപടിയായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലുജൈനയെ ഒ.എഫ്.എയുടെ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വനിത ടീം രൂപവത്രിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. തൊട്ടുപിന്നാലെ, മികച്ച കളിക്കാരെ കണ്ടെത്തുന്നതിനും ദേശീയ ടീമിന് രൂപം നൽകുന്നതിനുമായി ഒമാനിലെ 50 ക്ലബ്ബുകളിൽനിന്നുള്ള 14 വനിത ടീമുകളെ പങ്കെടുപിച്ച് ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. പങ്കെടുത്ത ടീമുകളിൽനിന്ന് 40 താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. ഇവരിൽനിന്നാണ് മികവ് തെളിയിച്ച 18പേരെ ഉൾപ്പെടുത്തി ദേശീയ ടീം രൂപവത്കരിച്ചിരിക്കുന്നത്. ഒമാനിലെ പരിശീലനത്തിനും മൂന്ന് സൗഹൃദ മത്സരങ്ങൾക്കും ശേഷം കൂടുതൽ തയ്യാറെടുപ്പുകൾക്കായി ജൂണിൽ ടീം ഇറ്റലിയിലേക്ക് തിരിക്കും. ഇവിടെനിന്നും ഏഷ്യൻ തലത്തിലുള്ള ടൂർണമെന്റിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്ക് പോകും. രാജ്യത്തെ ഫുട്ബാളും മറ്റ് കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്ന് ലുജൈന പറഞ്ഞു. ഒമാന്‍റെ കായികരംഗത്ത് കൂടുതൽ ശ്രദ്ധ നൽകുന്നതിൽ സയ്യിദ് തെയാസിൻ പ്രകടിപ്പിച്ച താൽപ്പര്യത്തിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒമാൻ ഫുട്ബോൾ അസോസിയേഷനും ഉൾപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. എന്റെ പിതാവ് ഒമാൻ ദേശീയ യൂത്ത് ടീമിന്റെ മുൻ കളിക്കാരനായിരുന്നു, അതിനാൽ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് ദേശീയ ടീമിനായി അറ്റാക്കിങ് മിഡ്ഫീൽഡറായി കളിക്കുന്ന അഫ്ര അൽ മഹ്റൂഖി പറഞ്ഞു.
കുട്ടിക്കാലം മുതൽക്ക് തന്നെ ഞാൻ ഫുട്ബോൾ കളിക്കാറുണ്ട്. ഒമാനെ പ്രതിനിധീകരിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നുവെന്ന് ഗോൾകീപ്പർ ഹുസ്ന അൽ മുസാവി പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കാനും ആദ്യത്തെ ഒമാനി വനിതാ ദേശീയ ഫുട്ബാൾ ടീമിന്റെ ഭാഗമാകാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അൽ മുസാവി പറഞ്ഞു.