മസ്കത്ത്: കോവിഡിനെ അകറ്റി നിർത്താൻ ചെയ്യേണ്ട കാര്യങ്ങൾക്ക് നൃത്ത ഭാഷ്യമൊരുക്ക ി മലയാളി വിദ്യാർഥിനി. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദേവ നന്ദയാണ് ‘ബ്രേക്ക് ദ ചെയിൻ’, ‘സ്റ്റേ അറ്റ് ഹോം’കാമ്പയിനുകൾക്ക് വേറിട്ട പിന്തുണ യുമായി എത്തിയത്. ഒരു മിനിറ്റും 18 സെക്കൻഡും നീളുന്ന ഫ്യൂഷൻ നൃത്തരൂപത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ദേവനന്ദ പറഞ്ഞുതരുന്നു.
കുച്ചിപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം കൂടി കലർന്ന ഫ്യൂഷൻ നൃത്തം ദേവനന്ദ തനിയെയാണ് രൂപപ്പെടുത്തിയത്. നൃത്താധ്യാപികയുടെ പ്രേരണയാണ് ഇതിന് നിമിത്തമായതെന്ന് ദേവനന്ദ പറയുന്നു. കോവിഡിനെ പേടിക്കരുത് സമചിത്തതയോടെ വേണം കൈകാര്യം ചെയ്യാനെന്ന സന്ദേശം പ്രേക്ഷകർക്ക് പകർന്നുനൽകിയാണ് ഫ്യൂഷൻ നൃത്തം തുടങ്ങുന്നത്. ആരെയും ആലിംഗനം ചെയ്യരുത്, മൂക്കിലും കണ്ണിലും വായിലും തൊടരുത്, കൈകൾ എപ്പോഴും കഴുകണം, സാമൂഹിക അകലം നിർബന്ധമായും പാലിക്കണം എന്നീ കാര്യങ്ങളും വിവിധ ഭാവങ്ങളിലൂടെ ദേവനന്ദ കാഴ്ചക്കാരുമായി പങ്കുവെക്കുന്നു. പിതാവ് വിനോദ് പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ചേർത്തിട്ടുമുണ്ട്.
മസ്കത്തിലെ കലാകാരുടെ കൂട്ടായ്മയായ സ്പർശയുടെ യൂട്യൂബ് ചാനലിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മൂന്നാം വയസ്സുമുതൽ മകൾ നൃത്തത്തിൽ താൽപര്യം കാണിച്ചുതുടങ്ങിയതായി കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പിതാവ് വിനോദ് പറയുന്നു. നാലാം വയസ്സിലാണ് ആദ്യമായി ചിലങ്ക കെട്ടിയത്. എട്ടുവർഷമായി നൃത്തപഠനം തുടരുന്നു. മോഹിനിയാട്ടത്തിൽ സ്നേഹയും ഭരതനാട്യത്തിൽ ശ്രീകലയുമാണ് ഇപ്പോഴത്തെ ഗുരുക്കൾ. സിനിയാണ് മാതാവ്. നാലു വയസ്സുകാരി ഭാവയാമി സഹോദരിയാണ്.