മസ്കത്ത്: ഒമാനിലെ കടൽത്തീരങ്ങളിൽ കൂടുതൽ മലിനീകരണമുണ്ടാകുന്നത് ഖുറിയത്തി ലും ബർക്കയിലുമെന്ന് പഠനം. മാലിന്യങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ആണ് ഏറ്റവും അധികമെന്നും നാഷനൽ സെൻറർ ഫോർ എൻവയൺമെൻറൽ കൺസർവേഷൻ തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. പഠന റിപ്പോർട്ടിെൻറ ഭാഗമായി ഒമാൻ കടലിെൻറ തീരത്തുള്ള 13 കടൽത്തീരങ്ങളിൽ മാലിന്യശേഖരണം നടത്തി.
1300 മീറ്റർ നീളത്തിലുള്ള തീരപ്രദേശത്തുനിന്ന് 85.48 കിലോ ഭാരമുള്ള 3926 മാലിന്യ ഭാഗങ്ങളാണ് ലഭിച്ചത്. പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലെങ്കിലും മാലിന്യത്തിെൻറ ഭാരത്തിന് പ്രധാന കാരണം മരക്കഷണങ്ങളും മറ്റുമാണെന്ന് ‘ദി എൻവയൺമെൻറൽ എഫിഷെൻസി ഒാഫ് ബീച്ചസ് ഇൻ മസ്കത്ത് ഗവർണറേറ്റ് ആൻഡ് വിലായത്ത് ബർക്ക’ എന്ന തലക്കെട്ടിലുള്ള പഠന റിപ്പോർട്ട് പറയുന്നു. ഖുറിയാത്ത് വിലായത്തിലെ ബീച്ചിലാണ് ഏറ്റവും ഉയർന്ന മലിനീകരണം കണ്ടെത്താനായതെന്ന് സെൻററിലെ എൻവയൺമെൻറൽ മറൈൻ ലൈഫ് വിഭാഗം സീനിയർ റിസർച്ചർ അഹ്മദ് അൽ ബുസൈദി പറഞ്ഞു.
ഒരു മീറ്ററിൽ 6.4 എണ്ണം എന്ന തോതിലാണ് ഇവിടെ മാലിന്യം കണ്ടെത്തിയത്. ഏറ്റവും കുറവ് മത്രയിലാണ്. മീറ്ററിന് 0.7 എന്ന തോതിലാണ് ഇവിടെ കണ്ടെത്തിയത്. മൊത്തം കണക്കെടുക്കുേമ്പാൾ മീറ്ററിന് മൂന്ന് മാലിന്യം എന്ന തോതിൽ കണ്ടെടുക്കാൻ സാധിച്ചു. തീരങ്ങളുടെ മലിനീകരണം സംബന്ധിച്ച വിഷയത്തിൽ പൊതുജനങ്ങളുടെ അവബോധത്തെക്കുറിച്ചും പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒാരോ ദിവസം ചെല്ലുംതോറും തീരങ്ങളിലെ മലിനീകരണം വർധിച്ചുവരുകയാണെന്നാണ് 35.2 ശതമാനം പേരും അഭിപ്രായപ്പെട്ടതെന്ന് അൽ ബുസൈദി പറഞ്ഞു. തെറ്റായ ഇത്തരം പെരുമാറ്റരീതികളിൽ നിന്ന് തീര പരിസ്ഥിതിയെ സംരക്ഷിക്കാൻ നിയമങ്ങൾ കർക്കശമാക്കണം. തീരങ്ങൾ കേന്ദ്രീകരിച്ച് പരിസ്ഥിതി പൊലീസ് സംവിധാനം തന്നെ ആരംഭിക്കണമെന്നും അൽ ബുസൈദി പറഞ്ഞു.