മസ്കത്ത്: അൽ അൻസാബ് ഇന്ത്യൻ സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തനമാരംഭിക്കും. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും വലുതും മികച്ച സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. വിശാലമായ കളിസ്ഥലം, സ്വിമ്മിങ് പൂൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം തുടങ്ങിയ നിരവധി പ്രത്യേകതകൾ അൽ അൻസാബിനുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമാൻ സർക്കാർ നൽകിയ ഭൂമിയിലാണ് ഇന്ത്യൻ സ്കൂൾ നിർമിച്ചിരിക്കുന്നത്. ഏറെ വർഷങ്ങൾക്ക് മുമ്പ് നടപടിക്രമങ്ങൾ ആരംഭിച്ച സ്കൂൾ നിരവധി കടമ്പകൾ കടന്നാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. നിലവിൽ 4000 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമാണുള്ളത്. അൽ അൻസാബ് സ്കൂൾ ആരംഭിക്കുന്നതോടെ കാപിറ്റൽ മേഖലയിലെ സ്കൂളുകളിൽ രണ്ടാമത്തെ ഷിഫ്റ്റുകൾ പൂർണമായും ഒഴിവാക്കും. ഇന്ത്യൻ സ്കൂൾ മസ്കത്ത്, ദാർസൈത്ത്, വാദീ കബീർ, മൊബേല, സീബ് എന്നിവിടങ്ങളിലാണ് നിലവിൽ ഷിഫ്റ്റ് സമ്പ്രദായം നിലവിലുള്ളത്. കെ.ജി മുതൽ അഞ്ച് വരെ ക്ലാസുകളിലാണ് ഷിഫ്റ്റ് ഉള്ളത്. വിവിധ സ്കൂളുകളിലെ ഉച്ചക്ക് േശഷമുള്ള ഷിഫ്റ്റിൽ മൂവായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ സ്കൂളുകളിൽ അഡ്മിഷൻ വർധിച്ചുവരുകയായിരുന്നു. കുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുകയും കാപിറ്റൽ മേഖലയിലെ നിലവിലെ സ്കൂളുകളിൽ സ്ഥല സൗകര്യമില്ലാതെ വരുകയും ചെയ്തതോടെയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിന് ഏതാനും വർഷം മുമ്പ് താൽക്കാലിക അംഗീകാരം നൽകിയത്. വളരെ പെെട്ടന്ന് പുതിയ കെട്ടിടമുണ്ടാക്കി ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശം. വർഷം തോറും പുതുക്കുന്ന രീതിയിലാണ് ഷിഫ്റ്റിന് സർക്കാറിെൻറ അംഗീകാരം. അതിനാൽ, അൽ അൻസാബ് സ്കൂൾ ആരംഭിക്കുന്നതോടെ ഇന്ത്യൻ സ്കൂളുകളിലെ ഷിഫ്റ്റുകൾ പൂർണമായി നിർത്തലാക്കും. നിരവധി രക്ഷിതാക്കൾ രണ്ടാം ഷിഫ്റ്റ് നിർത്തലാക്കുന്നതിനെ പിന്തുണക്കുന്നവരാണ്. തീരെ ചെറിയ കുട്ടികളെ രണ്ടാം ഷിഫ്റ്റിൽ പഠിപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് ചില രക്ഷിതാക്കൾ പറഞ്ഞിരുന്നു. നിരവധി രക്ഷിതാക്കൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, മസ്കത്തിലും ദാർസൈത്തിലും വാദീ കബീറിലും രണ്ടാം ഷിഫ്റ്റിൽ പഠിക്കുന്ന കുട്ടികളെ അൽ അൻസാബിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞതോടെ നിരവധി രക്ഷിതാക്കൾ ആശങ്കയിലായിട്ടുണ്ട്. റൂവി മേഖലയിൽ താമസിക്കുന്നവരാണ് വലിയ പ്രയാസത്തിലായത്. തീരെ ചെറിയക്ലാസിൽ പഠിക്കുന്ന കുട്ടികളെ റൂവിയിൽ നിന്ന് ഏറെ ദൂരമുള്ള അൽ അൻസാബിലേക്ക് എങ്ങനെ അയക്കുമെന്നാണ് ചില രക്ഷിതാക്കൾ ചോദിക്കുന്നത്. സഹോദരങ്ങൾ മസ്കത്തിലെ സ്കൂളിൽ പഠിക്കുേമ്പാൾ ചെറിയ കുട്ടികളെ മാത്രം അൽ അൻസാബിലേക്ക് വിടാൻ പ്രയാസമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. ഡയറക്ടർ ബോർഡ് അൽ അൻസാബിലേക്ക് മാറ്റുേമ്പാൾ ഇത്തരം വിഷയങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. അതിനിടെ, അടുത്ത വർഷം പുതുതായി അഡ്മിഷന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അൽ അൻസാബിൽ അഡ്മിഷൻ നൽകാനുള്ള സാധ്യതയും നിലവിലുണ്ട്.