കുവൈത്തില്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കാന്‍ ആലോചന

  • സുതാര്യതയും നീതിയും ഉറപ്പുവരുത്താന്‍ ഉന്നത തെരഞ്ഞെടുപ്പ് കമീഷന്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശം 

08:09 AM
11/01/2017

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പഠനം നടത്തുന്നു. തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരവും ഓഫിസ് സ്ഥാപിക്കാന്‍ അനുമതി നല്‍കലും പഠിക്കുന്നതിനായി കമീഷനെ നിയമിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 
നവംബര്‍ 26ന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് പരിഷ്കരണത്തെ കുറിച്ച് ചിന്തിക്കുന്നത്. അഞ്ചു പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍നിന്ന് പത്തുപേര്‍ വീതം തെരഞ്ഞെടുക്കപ്പെടുന്ന നിലവിലെ രീതിയില്‍ അപാകതകളുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഗോത്ര വിഭാഗങ്ങള്‍ സംഘടിതമായി തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ ലക്ഷ്യമിടുന്നു. ഒരാള്‍ക്ക് ഒരു വോട്ടെന്ന രീതിയിലേക്ക് 2006ല്‍ മാറിയതിന് ശേഷം ചെറിയ ഗോത്രവിഭാഗങ്ങള്‍ക്കുവരെ താരതമ്യേന മികച്ച പ്രാതിനിധ്യം ലഭിച്ചതായി പഠനം പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൊസൈറ്റികള്‍ക്കും അനുമതി നല്‍കുമ്പോള്‍ അവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍കൂടി പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സുതാര്യതയും നീതിയും ഉറപ്പുവരുത്താന്‍ ഉന്നത തെരഞ്ഞെടുപ്പ് കമീഷന്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. 
സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഈ കമീഷന്‍ നിരീക്ഷിക്കും. സമ്മതിദാനം നിര്‍വഹിക്കുന്നതിനുള്ള പ്രായപരിധി 18 ആയി കുറക്കണം, സ്ഥാനാര്‍ഥിയാവുന്നതിന് 25 വയസ്സ് പൂര്‍ത്തിയായാല്‍ മതിയെന്ന് നിഷ്കര്‍ഷിക്കണം, പട്ടാളക്കാര്‍ക്കും സുരക്ഷാ സേനാംഗങ്ങള്‍ക്കും വോട്ടുചെയ്യാന്‍ അനുമതി നല്‍കണം തുടങ്ങി സമഗ്ര പരിഷ്കരണം ആവശ്യപ്പെടുന്നതാണ് പഠനറിപ്പോര്‍ട്ട്. വോട്ടെടുപ്പിന് യന്ത്രം ഉപയോഗിക്കണമെന്നും തര്‍ക്കം ഉണ്ടാവുമ്പോള്‍ രഹസ്യസ്വഭാവം നിലനിര്‍ത്തി തന്നെ വോട്ടര്‍ക്ക് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍െറ വോട്ട് വീണിട്ടുണ്ടെന്ന് പരിശോധിക്കാന്‍ കഴിയുന്ന സംവിധാനം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരന്മാര്‍ക്കാണ് രാജ്യത്ത് വോട്ടവകാശമുള്ളത്. അതോടൊപ്പം, പിതാവും കുവൈത്ത് പൗരനാവണമെന്നും തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തില്‍ താമസിക്കുന്നയാളാവണമെന്നും നിബന്ധനയുണ്ട്. രാജ്യത്തിനുപുറത്തുള്ള പൗരന്മാര്‍ക്ക് വോട്ടവകാശമില്ല. 20 വര്‍ഷത്തിനുള്ളില്‍ പൗരത്വം നേടിയവര്‍, തടവുപുള്ളികള്‍, പൊലീസുകാര്‍, സൈനികര്‍, കൊടുംകുറ്റവാളികള്‍ എന്നിവര്‍ക്കും വോട്ടവകാശമുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 30 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനാവണമെന്നതാണ് നിബന്ധന. അറബി എഴുതാനും വായിക്കാനും കഴിയണമെന്നും പിതാവ് കുവൈത്ത് പൗരനാവണമെന്നും തെരഞ്ഞെടുപ്പ് സമയത്ത് രാജ്യനിവാസിയാവണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.

COMMENTS