കുവൈത്തിൽ താമസനിയമലംഘകർക്ക്​ പൊതുമാപ്പ്​

  •  ഏപ്രിൽ ഒന്ന് മുതൽ 30 വരെ പിഴ കൂടാതെ രാജ്യം വിടാം

06:37 AM
27/03/2020
kuwait-flag

കുവൈത്ത്​ സിറ്റി: കുവൈത്തിൽ താമസനിയമലംഘകർക്ക്​ ഏപ്രിൽ ഒന്ന് മുതൽ 30 വരെ പിഴ കൂടാതെ രാജ്യം വിടാൻ അവസരം. നിയമപരമായ മാർഗത്തിൽ കുവൈത്തിലേക്ക് തിരിച്ചു വരുന്നതിന്​ തടസ്സമില്ല. എന്നാൽ, യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസ കാര്യ ജനറൽ അഡ്​മിനിസ്​ട്രേഷനെ സമീപിച്ച്​ കേസിൽ പുനഃപരിശോധന ആവശ്യപ്പെടാം. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്‌ ഇറക്കിയ ഉത്തരവിൽ പറയുന്നു. 

കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ, കുവൈത്ത് പൗരന്മാരുടെ വിദേശികളായ മാതാപിതാക്കൾ, കുവൈത്തി വനിതകളുടെ വിദേശി ഭർത്താക്കമാരും അവരുടെ മക്കളും, കുവൈത്തികളിൽനിന്ന്​ വിവാഹമോചനം നേടുകയോ വിധവയാവുകയോ ചെയ്ത എന്നാൽ തങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്ന മക്കളുള്ള വിദേശവനിതകൾ, ഗാർഹിക തൊഴിലാളികൾ, 2020 മാർച്ച് ഒന്നിന്​ ശേഷം താമസനിയമം ലംഘിച്ചവർ എന്നിവർക്ക്​ പിഴ അടച്ച്​ താമസരേഖ ശരിയാക്കാൻ അനുമതി നൽകുന്നുണ്ട്.

 2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്. മൂന്നുമാസത്തോളം സമയം അനുവദിച്ചിട്ടും 57000 ആളുകൾ മാത്രമാണ്​ അന്ന്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​. പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 154000 ​പേരാണ്​ ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്​. അന്ന്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താത്ത ഒരു ലക്ഷത്തിന്​ മുകളിൽ ആളുകൾ അനധികൃത താമസക്കാരായി ഇപ്പോൾ കുവൈത്തിലുണ്ട്​. അതേസമയം രാജ്യത്ത്​ കോവിഡ് പശ്ചാത്തലത്തിൽ യാത്രാ വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്​. സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ സന്നദ്ധത അറിയിച്ച ചില രാജ്യങ്ങൾക്ക്​ പ്രത്യേക വിമാനസർവീസ് നടത്താൻ കുവൈത്ത് വ്യോമയാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു.

Loading...
COMMENTS