റിപ്പബ്ലിക് ദിനം; ആഘോഷത്തിനൊരുങ്ങി കുവൈത്തിലെ ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ 74ാം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കുവൈത്തിലും വിവിധ പരിപാടികൾ നടക്കും. ഇന്ത്യൻ എംബസിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 10വരെ വിവിധ പരിപാടികൾ നടക്കും. അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിക്കും.
9.30 മുതൽ 10വരെ സാംസ്കാരിക പരിപാടികളും നടക്കും. ഇന്ത്യൻ എംബസിയുടെ സൈറ്റിൽ നൽകിയ പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സ്വദേശികൾക്ക് പരിപാടിയുടെ ഭാഗമാകാമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ സ്കൂളുകളിലും വിവിധ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ കലാപരിപാടികൾ, മധുരവിതരണം എന്നിവ നടക്കും. റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി വിവിധ മത്സരങ്ങളും സ്കൂളുകളിൽ നടക്കുന്നുണ്ട്. വിവിധ ഇന്ത്യൻ കൂട്ടായ്മകളും സംഘടനകളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ന് എംബസി അവധി
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങൾ ലഭ്യമാക്കും.