മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയച്ചു
text_fieldsമനാമ: ജോലി നോക്കിയിരുന്ന ലോൺഡ്രി ഷോപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നീണ്ട പരിശ്രമത്തിനുശേഷം നാട്ടിലേക്കയച്ചു. പ്രവാസി ലീഗൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെയും സാമൂഹിക പ്രവർത്തകനായ സാബു ചെർമലിന്റെയും ശ്രമങ്ങളെത്തുടർന്നാണ് മൃതദേഹം നാട്ടിലേക്കയക്കാനായത്. പ്രമോദ് കുമാർ (33) എന്നയാളാണ് മരിച്ചത്. ലഖ്നോ സ്വദേശിയുടെ ഷോപ്പിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്.
തൊഴിലുടമയുടെ ഭാര്യ 2021ൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് കിടപ്പിലായി. ഇവരെ നാട്ടിലേക്കയക്കാൻ പണമില്ലാതിരുന്നതിനെത്തുടർന്ന് എംബസിയുടെ സഹായത്തോടെയാണ് സ്ട്രെച്ചർ ടിക്കറ്റടക്കം എടുത്തത്. നാട്ടിലെത്തിയ ഇവർ ആശുപത്രിയിൽ വെച്ച് മരിച്ചു. തൊഴിലുടമ നാട്ടിലേക്ക് പോയെങ്കിയും പ്രമോദ് കുമാർ ബഹ്റൈനിൽ തുടരുകയായിരുന്നു. ഷോപ് പൂട്ടുകയും ചെയ്തിരുന്നു. ഷോപ്പിന്റെ താക്കോൽ കൈവശമുണ്ടായിരുന്ന പ്രമോദ് കുമാറിനെ ഷോപ്പിനുള്ളിൽ 2022 സെപ്റ്റംബറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ, 15 ദിവസത്തിനുള്ളിൽ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ബന്ധുക്കൾക്ക് സാധിക്കാത്തതിനെത്തുടർന്ന് മൃതദേഹം നാട്ടിലേക്കയക്കാൻ സാധിക്കാതെ വന്നു. തുടർന്ന് കോടതി മുഖാന്തരമാണ് നടപടിക്രമങ്ങൾ നടത്താനായത്. യു.പിയിലെ ഉൾഗ്രാമത്തിലുള്ള ബന്ധുക്കളിൽനിന്ന് പവർ ഓഫ് അറ്റോണി വാങ്ങാൻ സാധിക്കാതെ വന്നതിനാൽ ഇന്ത്യൻ എംബസി ഇടപെട്ടാണ് അത് സംഘടിപ്പിച്ചത്. തുടർന്ന് യു.പി എൻ.ആർ.ഇ സെല്ലിന്റെ കൂടി സഹായത്തോടെ മൃതദേഹം നാട്ടിലേക്കയക്കുകയായിരുന്നു. ഈ ചെലവുകളെല്ലാം എംബസിയാണ് വഹിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.