എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് റീഫണ്ടിനായി കാത്തിരിപ്പ്
text_fieldsമനാമ: ലോക്ഡൗൺ കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ റീഫണ്ട് നീളുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽനിന്ന് ലഭിക്കാനുള്ള റീഫണ്ടാണ് വൈകുന്നത്. അതേസമയം, എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള റീഫണ്ട് ഏറക്കുറെ നൽകിക്കഴിഞ്ഞു.
ജനുവരി മുതൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിെൻറയും മാനേജ്മെൻറ് മാറുന്നത് റീഫണ്ട് വിതരണത്തെ ബാധിക്കുമോയെന്ന ആശങ്ക ട്രാവൽ ഏജൻസികൾക്കും യാത്രക്കാർക്കുമുണ്ട്. എന്നാൽ, അത്തരം ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൃത്യമായ റീഫണ്ട് നടപടി തുടരുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് റീഫണ്ട് വൈകുന്നതിനാൽ കേരളത്തിൽനിന്നുള്ള യാത്രക്കാരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. വൻതുകയുടെ റീഫണ്ട് ഇനിയും ലഭിക്കാൻ ബാക്കിയുള്ളതായാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. 14,000 ദീനാർ റീഫണ്ട് ലഭിക്കാനുള്ള സ്ഥാനത്ത് 10 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പ്രമുഖ ട്രാവൽ ഏജൻസി പ്രതിനിധി പറഞ്ഞു. റദ്ദായ കാലത്തെ ടിക്കറ്റുകൾക്ക് പകരം നൽകിയ വൗച്ചറുകളുടെ കാലാവധി 2023 മാർച്ച് 31 വരെ നീട്ടിയത് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്. വൗച്ചർ കാലാവധി നീട്ടിയതോടെ റീഫണ്ട് ചെയ്യാൻ താൽപര്യമുള്ളവരുടെ എണ്ണം കുറഞ്ഞതായും അധികൃതർ സൂചിപ്പിച്ചു. യാത്രക്കാരന് അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങൾക്ക് ഇൗ വൗച്ചർ മറ്റൊരു യാത്രക്ക് ഉപയോഗിക്കാം. കുടുംബാംഗങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇതിനായി customersupport@airindiaexpress.in എന്ന ഇ-മെയിൽ വിലാസത്തിൽ വൗച്ചർ നമ്പർ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി അപേക്ഷ നൽകിയാൽ പരിഗണിക്കും.
കോർപറേറ്റ് സ്ഥാപനങ്ങൾ എടുത്ത ടിക്കറ്റാണെങ്കിൽ സ്ഥാപനത്തിലെ മറ്റൊരാൾക്ക് വൗച്ചർ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്ന ഏത് റൂട്ടിലും വൗച്ചർ ഉപയോഗിച്ച് യാത്ര ചെയ്യാം. റീഫണ്ട് തന്നെ വേണമെന്നുള്ളവർക്ക് അതു നൽകുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
രണ്ടാഴ്ചയിലൊരിക്കൽ എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനത്തുനിന്ന് ലഭിക്കുന്ന പട്ടികയനുസരിച്ചാണ് റീഫണ്ട് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനകം 50 ശതമാനം പേർക്ക് നൽകിയതായും അധികൃതർ വ്യക്തമാക്കി. ഒരു റൂട്ടിൽ 13 ദീനാർ വീതം കാൻസലേഷൻ ചാർജ് ഇൗടാക്കിയാണ് റീഫണ്ട് നൽകുന്നത്. ഇരുദിശകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾക്ക് 26 ദീനാർ കാൻസലേഷൻ ചാർജ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.