Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വസന്തം എന്നെ തിരഞ്ഞുകൊണ്ടേയിരിക്കും...
cancel
camera_alt

വര: കെൻസ്

Homechevron_rightEntertainmentchevron_rightMusicchevron_rightവസന്തം എന്നെ...

വസന്തം എന്നെ തിരഞ്ഞുകൊണ്ടേയിരിക്കും...

text_fields
bookmark_border

'ഒന്നും ശാശ്വതമായി നിലനിൽക്കില്ല, മറ്റൊന്നു പകരം വരും. എന്നാൽ, ലോകത്തിൽ ലതയുടെ ദിവ്യസ്വരം എക്കാലവും അതുപോലെ നിലനിൽക്കു'മെന്ന ഇളയരാജയുടെ വാക്കുകൾ ആ അനുപമാലാപനത്തെ അങ്ങേയറ്റം വാഴ്ത്തുന്നുണ്ട്. ആലാപനത്തിന്റെ അത്യുജ്ജ്വല മുഹൂർത്തങ്ങളാണ് ലതയിൽ നാം കേട്ടത്. ശ്രുതിബദ്ധവും ലയബദ്ധവുമായ പാട്ടിന്റെ വാഴ്വായിരുന്നു അത്. തലമുറകളിൽനിന്ന് തലമുറകളിലേക്കുള്ള നാദഭാവ വൈകാരികതകൾ മുഴുവൻ ഈ വിശ്വചേതനയുടെ ആത്മാവുമായി അത്രമാത്രം ചേർന്നുനിന്നു. മൈക്രോഫോണിന്റെ മുന്നിൽ നിൽക്കുന്ന ദേവതയായി ലതയെ അടുത്തറിഞ്ഞ സലിൽ ചൗധരി പറഞ്ഞതെത്ര ശരിയായിരുന്നു; 'പാടുമ്പോൾ അവരുടെ കാൽ തൊട്ടു വന്ദിക്കാൻ ആർക്കും കൊതിയാകും'. പാട്ടിലെ പൂർണതയായിരുന്നു ലതാ മ​ങ്കേഷ്കർ.

നമ്മുടെ സംഗീത പാരമ്പര്യത്തെ കൂടുതൽ അഗാധമാക്കുകയായിരുന്നു അവരുടെ ഗാനങ്ങൾ. ഇന്ത്യയുടെ ഹൃദയം മുഴുവൻ ആ നാദത്തിൽ സ്പന്ദിക്കുന്നു എന്ന നൗഷാദ്ജിയുടെ അഭിപ്രായം മറ്റൊന്നല്ല നമ്മെ ഓർമിപ്പിക്കുന്നത്. മജ്റൂഹ് സുൽത്താൻപുരി എന്ന അനുഗൃഹീത കവിയുടെ വരികളിൽ മാറ്റം വരുത്താൻ അദ്ദേഹം അനുവദിക്കുന്ന ഒരേയൊരു ഗായികയായിരുന്നു ലതാ മ​ങ്കേഷ്കർ. ശുദ്ധ ശാസ്ത്രീയ സംഗീതത്തിന്റെ സിനിമാത്വകമായ ഒരു ധാരയാണ് ലതാജിയിൽ നാമനുഭവിച്ചത്. നമ്മുടെ കാലത്തെ ഇത്രയേ​റെ സ്വാധീനിച്ച മറ്റൊരു സാംസ്കാരിക പ്രതിഭാസമുണ്ടാകില്ല. മെലഡികളുടെ എത്രയോ നാദഗോപുരങ്ങൾ നമുക്കായ് അവർ പണിതുയർത്തി. ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണക്കാരുടെ ആസ്വാദ്യതലത്തിൽ നിർത്തി അനിർവചനീയ വ്യതിയാന നിർവഹണം സാധിച്ചെടുക്കുക എന്നത് ലതയുടെ ജീവിത നിയോഗം കൂടിയായിരുന്നു. അവരുടെ ശബ്ദത്തിലെ 'താനി'ലെ സ്വരവിന്യാസത്തിന് അത്രക്കും മാധുര്യമുണ്ടായിരുന്നു. ഏതു സങ്കീർണമായ സംഗീതരചനയിലും ലതാജിയുടെ സ്വരലാവണ്യം അതിന്റെ പൂർണതയിൽ ഭദ്രമായി.

നാൽപതുകളുടെ ആദ്യപാദങ്ങളിൽ ഹിന്ദി സിനിമയുടെ തട്ടകത്തിലേക്ക് പ്രവേശിച്ച ലതാജി ഏഴു തലമുറകളുടെ പാട്ടുകാരിയായിത്തീർന്നതിൽ അതിശയമില്ല. അമ്പതുകളിൽ അനിൽ ബിശ്വാസ്, നൗഷാദ്, ശങ്കർ ജയ്കിഷൻ, സി. രാമച​ന്ദ്ര, ഹേമന്ത് കുമാർ, എസ്.ഡി. ബർമൻ, സലിൽദാ, മദൻ മോഹൻ, റോഷൻ, ഖയ്യാം, ബോംബെ രവി എന്നിവർക്കെല്ലാം വേണ്ടി ലത പാട്ടുകൾ പാടിയിരുന്നു. ബൈജു ബാവ്റയിൽ നൗഷാദ് കൊണ്ടുവന്ന ശാസ്ത്രീയ സംഗീതത്തിന്റെ മഹാനദികൾ ലതയുടെ ശബ്ദത്തിൽ അതീവ സൗന്ദര്യമാർന്നൊഴുകി. എന്നാൽ, 1958ൽ സലിൽദായുടെ 'മധുമതി'യിലെ 'ആജാരേ പര്ദേശി' എന്ന ഗാനമാണ് ലതയുടെ കരിയറിലെ വഴിത്തിരിവായത്.

സലിൽ ചൗധരി

അറുപതുകളിൽ ലത, ഹിന്ദി സിനിമ സംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 1960ൽ നൗഷാദിന്റെ ഈണത്തിൽ വന്ന മുഗ​േള അഅ്സമിലെ ഗാനങ്ങൾ പ്രത്യേകിച്ചും 'പ്യാർ കിയാ' എന്ന ഗാനം അവിസ്മരണീയമായിത്തീർന്നു. 1961ൽ ജയദേവിന്റെ ഏറെ പ്രശസ്തമായ 'അല്ലാഹ് തേരാ നാം' എന്ന ഭജൻ ലത അതിഗംഭീരമായി ആലപിച്ചു. ഏറ്റവും അധികം പാട്ടുകൾ ലത പാടിയത് ലക്ഷ്മികാന്ത് പ്യാരേ ലാലിനു വേണ്ടിയായിരുന്നു. എഴുപതുകളിൽ എസ്.ഡി. ബർമന്റെ പ്രേം പൂജാരിയിലും അഭിമാനിലുമൊക്കെ ലതയുടെ ഗാനങ്ങൾ അഭിരാമ സംഗീതത്തിന്റെ അലങ്കാരങ്ങൾ തീർത്തു. 1973ലായിരുന്നു ലതക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആർ.ഡി. ബർമന്റെ 'ബീതി നാബിതായ്' എന്ന ഗാനത്തിന്റെ പിറവി. പുതിയ തലമുറയിലെ എ.ആർ. റഹ്മാനു​വേണ്ടിയും ലതാജി തന്റെ നാദജ്വാലകൾ തെളിയിച്ചു. റഹ്മാന്റെ 'ജിയാജലേ' ലത പാടിയപ്പോൾ എല്ലാവരുടെയും ഇഷ്ടഗാനമായി.

വശ്യവും മോഹനവുമായിരുന്നു ആ ശബ്ദം. കാർക്കശ്യം നിറഞ്ഞ സംഗീതജീവിതത്തിൽ സിനിമയിലെ നിരവധി പേരോട് പിണങ്ങേണ്ടിവന്നത് അവസരങ്ങൾ കുറച്ചിട്ടുണ്ടാകാം. എസ്.ഡി. ബർമൻ, മുഹമ്മദ് റഫി എന്നിവരോടുള്ള പിണക്കം ലതയുടെ സംഗീത ജീവിതത്തിൽ ചില ഭംഗങ്ങൾ തീർത്തുവെങ്കിലും ആർ.ഡി. ബർമനുമൊത്ത് അവർ ഗാനവിപ്ലവങ്ങൾ തീർക്കുകയായിരുന്നു. 'നാം ഗും ജായേഗാ,' 'ജാനേ ക്യാ ബാത്ഹെ', 'തേരേ ബിനാ സിന്ദഗി,' 'നാ കോയി ഉമംഗ് ഐ', 'വാദാ രഹിഹെ' എന്നിങ്ങനെ ആർ.ഡി. ബർമന്റെ വ്യത്യസ്ത സ്ഥായിയിൽ തീർത്ത ഗാനങ്ങളെ അവർ നാദനിർഭരമാക്കി.

ആർ.ഡി. ബർമൻ

ലതയുടെ സംഗീത ജീവിതത്തിൽ ഓരോ കാലത്തിലും അവരെ രൂപപ്പെടുത്തിയ ഗാനങ്ങളുടെ നീണ്ട നിരകൾ തന്നെയുണ്ട്. 'ഏയ് മേരേ വദൻ കേ' എന്ന രാമചന്ദ്രയുടെ ഗാനം, ലഗ് ജാ ഗലേ എന്ന മദൻമോഹൻ ഗാനം, 'തുഛേ ദേവാ ദോയേ' എന്ന ജതിൻ ലളിത് ഗാനം, 'എങ്കിരുന്തോ അഴൈക്കും' എന്ന ഇളയരാജയുടെ ഈണം, യേ മുലാഖാത്ത് ഏക് ബഹാനാ' എന്ന ഖയ്യാം ഗാനം, 'വളൈ ഓ സൈ' എന്ന എസ്.പി.ബി യുഗ്മ ഗാനം, 'ആപ് കി നസ്റോനെ' എന്ന മദൻ മോഹന്റെ മായിക ഗാനം അങ്ങനെ എത്രയെത്ര ഗാനങ്ങൾ. മഹൽ എന്ന ചിത്രത്തിലെ 'ആയേഗാ ആനേവാലാ', എന്ന ആദ്യകാല ഗാനത്തിൽപോലും ലതയുടെ സമർപ്പണത്തിന്റെ ആഴം പ്രതിഫലിക്കുന്നുണ്ട്. സലിൽ ദായുടെ 'ആരി ആ നിന്ദിയാ' എന്ന ഗാനത്തിലുറഞ്ഞുകൂടുന്ന കാൽപനിക സൗന്ദര്യത്തിന്റെ ഏകാന്ത യാമങ്ങളെ ആർക്കാണ് മറക്കാനാവുക? 'പരഖ്' എന്ന ചിത്രത്തിലെ സലിൽ ദാ ഗാനം 'ഓ സജ്നാ', ലതാജിയുടെ നാദചാരുതകളെ കൂടുതൽ നിർവചിക്കുകയുണ്ടായി. ആർ.ഡി. ബർമന്റെ ഈണത്തിൽ ലത പാടിയ 'ജബ് ഹം ജവാഹോഗേ' എന്ന പാട്ടിലെ ദ്രുതഗതിയും ചടുലതയും ലതയുടെ ശബ്ദഗരിമയെ വാനോളമുയർത്തി. സിത്താർ മാന്ത്രികൻ രവിശങ്കർ സൃഷ്ടിച്ച 'കൈസേ ദിൻബിതാ' എന്ന ഗീതം ലതക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്നായിരുന്നു. മദൻ മോഹൻ ക്ലാസിക്കൽ സംഗീത പാറ്റേണിൽ നെയ്തെടുത്ത 'വോ ചുപ് രഹേ' ലതയുടെ എക്കാലത്തെയും ശ്രദ്ധേയ ഗാനാം. മദൻജിയുടെ 'നയ്നാ ബർസേ' ലതാജി അതിഗംഭീരമാക്കി.

'സ്നേഹത്തിന്റെ പട്ടിൽ പൊതിഞ്ഞ ഒരുപാട്ട് എന്നായിരുന്നു 'ദിൽ കാ ദിയാ' എന്ന ഗാനത്തെ ലത വിശേഷിപ്പിച്ചത്. ചിത്രഗുപ്തയുടെ അതിവിശിഷ്ട ഗാനമായിരുന്നു അത്. ആർ.ഡി. ബർമന്റെ സംഗീത പരീക്ഷണമായ 'ക്യാ ജാൻതാ സജൻ' ലതയുടെ സവിശേഷ നാദസ്പർശമുള്ള മെലഡിയായിരുന്നു. ലക്ഷ്മീകാന്ത് പ്യാരേ ലാലിന്റെ പാട്ടുകളിൽ ലതയുടെ ആലാപനത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു 'ദിൽ വിൽപ്യാർ'. ബഹുസ്വരമായിരുന്ന പാട്ടുലോകമായിരുന്നു ലതയുടേത്. പ്രേമഗാനങ്ങളും പ്രേതഗാനങ്ങളും നൃത്തഗാനങ്ങളും ശോകഗീതികളുമെല്ലാം ആ നാദത്തിൽ ഒരുപോലെ വിനിമയ നിർഭരമായി. 'ആ ജാനേ ജാൻ' എന്ന കാബറേ ഗാനം പോലും ആ ശബ്ദസൗന്ദര്യത്തിൽ സഫലമായി.

എ.ആർ. റഹ്മാൻ

'ഛൽതേ, ഛൽതേ' എന്ന ഗാനം നൽകുന്ന വൈകാരികതകൾ മുഴുവൻ ലതയുടെ ശബ്ദമാധുരിയിൽ സജീവമായി. പാശ്ചാത്യ സിംഫണിയെ അനുസ്മരിപ്പിക്കുന്ന രാതോം കെ സായേ' എന്ന സലിൽ ദാ ഗാനം ലതാജിയുടെ ശബ്ദസമൃദ്ധിയിൽ അഭിജാത ശുദ്ധിയാർന്നു, 'സത്യം ശിവം സുന്ദരം' എന്ന പാട്ടിനെക്കുറിച്ച് പറയാതെ ലതയുടെ നാദവിശേഷങ്ങൾ പൂർത്തിയാവില്ല. അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് മധുരമായ ആ നാദത്തിൽ പിറവികൊണ്ടത്. എസ്.ഡി. ബർമന്റെ ആദ്യകാല ഗാനങ്ങളിലൊന്നായ 'തും നാ ജാനേ കീസ് ജഹൻ' കാതിൽ മുഴങ്ങുന്നു. എനിക്കറിയില്ല നീയെവിടെപ്പോയി' എന്നാണ് ഈ ആദ്യവരി നമ്മെ അറിയിക്കുന്നത്. ബഹാറോം ഹം കൊ ഡും ദേഗി' എന്ന മദൻമോഹൻ ഗാനത്തിന്റെ പല്ലവി ഓർത്തുപോകുന്നു. 'വസന്തം എന്നെ തിരഞ്ഞുകൊണ്ടേയിരിക്കും. അന്നേരം ഞാൻ എവിടെ ആയിരിക്കും. സത്യത്തിൽ ലതാ മ​ങ്കേഷ്കർ എവിടെയും പോകുന്നില്ല. അവർ ആസ്വാദക മനസ്സിൽ എക്കാലവും അനശ്വരമായിരിക്കും. കവി ജാവേദ് അക്തറിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഭൂമിക്ക് ഒരു സൂര്യനേയുള്ളൂ, ഒരു ചന്ദ്രനേയുള്ളൂ, ഒരു ലതയും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - remembering legendary singer lata mangeshkar
Next Story