എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം! 'നദികളിൽ സുന്ദരി യമുന'യുടെ പ്രസ് മീറ്റിൽ ധ്യാൻ ശ്രീനിവാസൻ
text_fieldsധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' സർപ്രൈസ് ഹിറ്റടിച്ച് തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാട്ടിൻപുറത്തിന്‍റെ സൗന്ദര്യവും അവിടെ ഉടലെടുക്കുന്ന രസകരമായ ചില സംഭവങ്ങളും എല്ലാം കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ വിജയം ആഘോഷിച്ച് നടത്തിയ പ്രസ് മീറ്റിലെ ധ്യാനിന്‍റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ് ഇപ്പോൾ.
നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാമെന്നും ചിത്രം ഇഷ്ടപ്പെടുമെന്നുമാണ് ധ്യാൻ പറയുന്നത്. സിനിമയിൽ, കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് എത്തുന്നത്. പ്രഗ്യ നഗ്രയാണ് നായിക യമുന. സിനിമാറ്റിക്ക ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
ക്രെസന്റ് റിലീസുമായി ചേർന്ന് സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.