Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightആടുജീവിതം ഒരു...

ആടുജീവിതം ഒരു അവസാനമല്ല, ജീവിതത്തിന്റെ തുടര്‍ച്ച; ബെന്യാമിൻ

text_fields
bookmark_border
Benyamin About Aadujeevitham  Story
cancel

പന്തളം : നജീബിന്റെ ജീവിതഗന്ധം പരന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ബ്ലസിയിലൂടെ ചലച്ചിത്രമായി തിയറ്ററുകളിൽ എത്തുമ്പോൾ ബെന്യാമിന്റെ ഗ്രാമം പന്തളം, കുളനട ഉത്സാഹത്തിമിർപ്പിലാവും. തിയറ്ററുകളിൽ പൃഥ്വിരാജ് ഫാൻസ്‌ അസോസിയേഷൻ ആരവം തീർക്കുമ്പോൾ തിയറ്ററുകൾ ആഹ്ലാദ തിമിർപ്പിലാകും. പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം.' ഏവരും കൃതിയുടെ ചലച്ചിത്രാവിഷ്‌കാരത്തിനായി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് വെള്ളിയാഴ്ച റിലീസ് ആകുന്ന ആടുജീവിതം എന്ന സിനിമയെക്കുറിച്ച് 'മാധ്യമ'ത്തോടെ പ്രതികരിക്കുകയായിരുന്നു ബെന്യാമിൻ.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ അലയൊലികൾ മായും മുൻപേ അഭ്രപാളികളിൽ ആറാട്ടുപുഴയിലെ നജീബിന്റെ ജീവിതം സിനിമയിലൂടെ വീണ്ടും ചർച്ചയാകുകയാണ്. ആടുജീവിതം പോസ്റ്റർ നജീബിന്റെ പ്രവാസ ജീവിതത്തിലെ ദുരിതപർവമാണ് ചിത്രത്തിന് പ്രമേയമായതെങ്കിലും കഷ്ടതകളിൽ നിന്ന് രക്ഷപെട്ട് പിറന്ന നാട്ടിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന മനുഷ്യമനസ്സിലെ സങ്കടക്കടൽ ഒടുവിൽ ഒഴുകിയെത്തിയത് ഈ തീരഭൂമിയിലേക്കാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ചലച്ചിത്ര പ്രതിഭകളുടെ സംഗമത്തിൽ, ആടുജീവിതം സിനിമ നാട്ടിലെ തിയറ്ററിലെത്തികാണുമെന്ന് നജീബ് പറഞ്ഞിരുന്നു. ജീവിതം നട്ടുനനയ്ക്കാനായി മണലാരണ്യത്തിലെത്തുന്ന നജീബിന്റെ പ്രവാസജീവിതത്തില്‍ അയാള്‍ക്ക് നേരിടേണ്ടിവന്നത് ദുരന്തങ്ങളുടെ തീരാത്ത തീനാളങ്ങളാണ്. ഒടുവില്‍ നാട്ടിലേക്ക് രക്ഷപ്പെട്ട് പറക്കുമ്പോള്‍ അയാള്‍ ഏതൊരു പ്രവാസിയും ചിന്തിക്കുന്നപോലെ തന്നെ ചിന്തിക്കാന്‍ നിര്‍ബന്ധിതനാകുകയാണെന്ന് ഒറ്റപ്പെടലോളം ദുസ്സഹമായ ജീവിതാവസ്ഥ വേറെയില്ല. ഒരു പച്ചപ്പുപോലും തലനീട്ടാത്ത മരുഭൂമിയില്‍ ഒരു കവിള്‍ സംസാരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന മനുഷ്യജീവിതത്തെക്കാള്‍ ദുരന്തം വേറെയെന്താണ്? എത്ര ദുരിതച്ചാലുകള്‍ നീന്തിക്കടക്കേണ്ടിവന്നാലും ഒന്ന് സംസാരിക്കാന്‍, ഒന്നിടപെടാന്‍, ഒരു സാന്ത്വനസ്പര്‍ശമേല്‍ക്കാന്‍ മറ്റൊരാള്‍ ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ മനുഷ്യന് കഴിയും. ഒരു താരകയെ കണ്ടാല്‍ രാവുമറക്കുന്ന പാവം മാനവഹൃദയത്തിന് അത് അതിജീവനത്തിന് ധാരാളമാണ്. അറബിയില്‍ ആജ്ഞാപിക്കുന്ന അര്‍ബാബ് മാത്രമറിയുന്ന നജീബ്. ഭാഷയുടെ നിരര്‍ത്ഥകതയില്‍ സന്ദര്‍ഭത്തിന്റെയും ആംഗ്യത്തിന്റെയും സൂചനകള്‍ വെച്ചാണ് നജീബ് കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. തൊട്ടടുത്ത മസറിയിലുള്ള ഹക്കീമിനോട് സംസാരിക്കാന്‍ അനുവാദമില്ല. അഥവാ സംസാരിച്ചാല്‍ കഠിനശിക്ഷയാണ് ലഭിക്കുക. അതുകൊണ്ട് ആടിനെ അന്വേഷിക്കുന്ന വ്യാജേന അടുത്തുചെന്ന് ഒരായിരം ആശയങ്ങളെ ഒന്നോ രണ്ടോ വാക്കുകളിലേക്ക് വിവര്‍ത്തനം ചെയ്താണ് ദുഃഖങ്ങള്‍ കൈമാറിയത്. ഈ ദുസ്സഹമായ പരിസ്ഥിതിയെ മറികടക്കുന്നത് അറേബ്യന്‍ മണലാരണ്യങ്ങളെ റദ്ദ് ചെയ്ത് കേരളത്തിന്റെ പകര്‍പ്പുകളെ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ആടുകള്‍ക്ക് നാട്ടിലെ മനുഷ്യരുടെ പേരുകള്‍ നല്‍കി ആ വ്യക്തിയായി പരിഗണിച്ചുകൊണ്ട് നജീബ് സ്വന്തം ഗ്രാമത്തെ പുനഃസൃഷ്ടിക്കുകയാണ്. അങ്ങനെ പോച്ചശാന്തയും അറവുറാവുത്തരും മേരിമൈമൂനയും ഞണ്ടുരാഘവനും ആടുകളില്‍ രൂപമെടുക്കുന്നു. ഓരോ ആടിലും മനുഷ്യമുഖമാണ് കണ്ടെത്തുന്നത്. നജീബും മറ്റൊരാടാണല്ലോ. വിചിത്രവും രസകരവുമായ സന്ദര്‍ഭങ്ങളില്‍നിന്നാണ് ഇരട്ടപ്പേരുകള്‍ വന്നുവീഴുന്നത്. കഥാപാത്രത്തിന്റെ ഉള്ളറകളിലേക്ക് കയറാന്‍ ഇത്തരം ഇരട്ടപ്പേരുകള്‍ സഹായകമാവും. കാരിക്കേച്ചര്‍സ്വഭാവമുള്ള ഇരട്ടപ്പേരുകള്‍ നര്‍മത്തിന്റെ അകമ്പടിയോടെയാണ് അനുവാചകനിലേക്കെത്തുക. ആദ്യപ്രണയിനിയായ മൈമൂന, (ഇവിടെ ആദ്യമായി പാല്‍ കറന്ന ആടാണ് പോച്ചരമണി), ഉപ്പയെ അടിച്ചുവീഴ്ത്തിയ അറവുറാവുത്തര്‍ (നജീബിനെ കുത്തിവീഴ്ത്തിയ മുട്ടനാട്) തുടങ്ങി ഇ.എം.എസ്സും മോഹന്‍ലാലുമൊക്കെ ആടുകളിലുണ്ട്. മനുഷ്യചേഷ്ടകളെയും പ്രതികരണങ്ങളെയും ആടുകളിലേക്ക് ഭാഷാന്തരം ചെയ്താണ് ഏകാന്തതയുടെ നെരിപ്പോടുകളെ നജീബ് അതിജീവിച്ചത്. കേരളത്തിന്റെ ഒരു ചെറുപതിപ്പ് ആടുകളിലേക്ക് പകര്‍ന്നാട്ടം നടത്തി അതിലൊരാടായിത്തീരുകയാണ് നജീബ്. തന്റെ കൈയിലേക്ക് പിറന്നുവീണ ആട്ടിന്‍കുഞ്ഞിന് മകനിടാനായി കാത്തുവെച്ച നബീലെന്ന പേരാണ് നല്‍കുന്നത്. അവന്റെ ആണത്തം അറുത്തെടുത്തപ്പോള്‍ നബീലിന് മാത്രമല്ല ആണത്തം നഷ്ടമായത്, തനിക്കുംകൂടിയാണെന്ന് നജീബ് തിരിച്ചറിയുന്നുണ്ട്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും യഥാര്‍ത്ഥ ആടുജീവിതത്തിലേക്കുള്ള പകര്‍ന്നാട്ടമാണ് നജീബ് നടത്തിയത്.

'ജീവിതത്തിന്റെ ഏതനുഭവത്തിനും ഒരു മൂര്‍ദ്ധന്യാവസ്ഥയുണ്ട്. ഒന്നുകില്‍ നമ്മളതുമായി താദാത്മ്യം പ്രാപിക്കും. അല്ലെങ്കില്‍ അതിനോട് പിണങ്ങിപ്പിരിഞ്ഞ് രക്ഷപ്പെടാനുള്ള അവസാനകുതറല്‍ നടത്തിനോക്കും.' അതുകൊണ്ട് നജീബ് തിരഞ്ഞെടുത്ത വഴി ആടാവുക, ആടുജീവിതവുമായി പൊരുത്തപ്പെടുക എന്നതായിരുന്നു. ഓര്‍മകളിലേക്ക് വഴുതിവീഴാതെ ജോലിത്തിരക്കില്‍, ആടുജീവിതത്തില്‍ മുങ്ങിത്തീരുക. എങ്കിലേ ജീവന്‍ പിടിച്ചുവെക്കാന്‍ പറ്റൂ. നജീബിന്റെ ആടുകളുമായുള്ള വിടവാങ്ങല്‍ ശ്രദ്ധേയമാണ്. ആടുകള്‍ അത്രമേല്‍ അവനെ സ്‌നേഹിച്ചിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. അവന്‍ മസറി വിട്ടിറങ്ങുകയാണെന്ന തിരിച്ചറിവില്‍ ആടുകള്‍ അസ്വസ്ഥരാവുകയും കരയുകയും ചെയ്യുന്നു. മാത്രമല്ല, വിടവാങ്ങുന്ന നജീബിന്റെ അടുത്തേക്ക് ആദ്യം വന്നത് അറവുറാവുത്തറാണ്. പോച്ചരമണിയാകട്ടെ കരഞ്ഞു. പിടിതരാതെ കുതറിയോടാറുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ നെഞ്ചോട് ഒട്ടിച്ചേര്‍ന്നു. ഒട്ടകങ്ങള്‍ കരുണാര്‍ദ്രമായി നോക്കിനിന്നു. അവയുടെ കണ്ണില്‍നിന്നും കണ്ണീര്‍ നീരരുവിപോല്‍ ചിതറിവീണു. നജീബിന്റെ ജീവനെ പിടിച്ചുനിര്‍ത്തിയത് ഇവരാണ്. അതുകൊണ്ടുതന്നെ വേര്‍പിരിയലില്‍ കരള്‍പറിച്ചെറിയുന്ന വേദനയുണ്ട്.

കാടും കടലും മരുഭൂമിയും ഒരുപോലെയാണ്. അകപ്പെട്ടുകഴിഞ്ഞാല്‍ വഴിയറിയാതെ ഉഴന്നുപോകുന്ന ഭീതലോകം. ചുറ്റും കടല്‍ജലമോ മണല്‍പ്പരപ്പോ കാടിന്റെ ഇരുട്ടോ മാത്രമാവുന്ന ശൂന്യത. മനുഷ്യന്‍ എത്ര നിസ്സഹായനാണെന്ന് ബോധ്യപ്പെടുത്തുന്ന മുന്തിയ സന്ദര്‍ഭങ്ങളാണിവ. മരുഭൂമി ഉള്‍ക്കാഴ്ച പ്രദാനംചെയ്യുന്ന ഒന്നായിട്ടാണ് വ്യവഹരിക്കുന്നത്. ചിന്തകളുടെ അഗ്നിസ്‌ഫോടനം തലച്ചോറില്‍ സൃഷ്ടിക്കുന്ന മരുഭൂവിന്റെ വന്യതയും അഗാധതയും നജീബില്‍ ഒരുമാറ്റവും ഉണ്ടാക്കുന്നില്ല. പകരം ജീവിതസംഘര്‍ഷങ്ങളെ ഇരട്ടിപ്പിക്കുന്ന ഒന്നായിട്ടാണ് മാറുന്നത്. മണല്‍പ്പരപ്പില്ലാതെ ഉണങ്ങിവരണ്ട ഭൂമി. പച്ചപ്പിന്റെ നേര്‍ത്ത നൂലുപോലുമില്ലാതെ അവന്റെ ജീവിതംകണക്ക് വരണ്ട ഭൂഭാഗം. എന്നാല്‍, രക്ഷപ്പെടാന്‍ വേണ്ടി ഇറങ്ങിയ നജീബും ഹക്കീമും ഖാദിരിയും എത്തിച്ചേര്‍ന്നത് യഥാര്‍ത്ഥ മരുഭൂമിയിലേക്കാണ്. അനുനിമിഷം രൂപമാറ്റങ്ങള്‍ക്ക് വിധേയമാവുന്ന മണല്‍ക്കാടുകള്‍. മരുഭൂമിയുടെ ആവാസവ്യവസ്ഥ, ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍, ജീവജാലങ്ങള്‍ ഒക്കെ ആ യാത്രയില്‍ കടന്നുവരുന്നുണ്ട്. പൂക്കളെപ്പോലെ ഇളകിയാര്‍ന്നുവരുന്ന പാമ്പിന്‍കൂട്ടങ്ങളും നദികളുടെ ഫോസിലുകളും വ്യത്യസ്ത അനുഭവക്കാഴ്ചകളാണ്. ജീവിതനിരര്‍ത്ഥകതയും അതിജീവനവും ആത്മീയതയും അടയാളപ്പെടുത്തുന്ന അനവധി സന്ദര്‍ഭങ്ങളൊരുക്കുന്ന മരുഭൂമിയുടെ വൈരുദ്ധ്യം മക്കയുടെ പാതയിലും മരുഭൂമിയുടെ ആത്മകഥയിലും മരുമരങ്ങളിലും കണ്ടതാണ്. അവയില്‍നിന്ന് വ്യത്യസ്തമായ വൈകാരികാനുഭവമാണ് ആടുജീവിതത്തില്‍ കാണുന്നത്. ജലത്തിന്റെ വില എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന പാഠശാലയായിരുന്നു മരുഭൂമി. വെള്ളം കിട്ടാതെ മണല്‍ വാരിത്തിന്ന് ചോര ഛര്‍ദ്ദിച്ച് ഹക്കീം മരിക്കുന്നത് ഹൃദയം പറിച്ചെറിയുന്ന വേദനയോടെയെ ഓര്‍ക്കാന്‍ കഴിയൂ. ഒടുവില്‍ പ്രതീക്ഷയുടെ തുരുത്തെന്നവണ്ണം കാണുന്ന മരുപ്പച്ചയുടെ തുണ്ട് കണ്ടെത്തുന്നു. ഇവിടെവെച്ചാണ് ഖാദിരിയുടെ കരുതല്‍ നാം തിരിച്ചറിയുന്നത്. വെള്ളം കുടിക്കാനാഞ്ഞ നജീബിനെ തടഞ്ഞ് തുണി നനച്ച് തണുവിന്റെ കണികകളെ പതിയേ അവനിലേക്കെത്തിക്കുന്ന ഖാദിരിയുടെ സ്‌നേഹതീവ്രത വാക്കുകള്‍ക്ക് അതീതമാണ്. മരുഭൂവില്‍ വെള്ളം കിട്ടാതെ നീറിയ ഒരുവനിലേക്ക് വെള്ളമെത്തുക അമ്ലസ്വഭാവത്തോടെയായിരിക്കും. മരുഭൂവിന്റെ ഗതിവിഗതികള്‍ ആഴത്തില്‍ തൊട്ടറിഞ്ഞ ബദുക്കള്‍ക്ക് തുല്യമായ ജ്ഞാനമാണ് ഖാദിരിക്കുള്ളത്. സങ്കടക്കടലിലെ പ്രതീക്ഷയുടെ തുരുത്തായി മരുപ്പച്ചയുടെ തുണ്ട് മാറുന്നു. ജാനുവിന്റെയും പൊക്കുടന്റെയുമൊക്കെ ജീവിതക്കാഴ്ചകളുടെ കേട്ടെഴുത്തുകള്‍ പുത്തന്‍ അനുഭവം പകര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ആടുജീവിതം കടന്നുവരുന്നത്. സൗദിയിലെ മണലാരണ്യത്തിലേക്ക് ജീവിതസൗഭാഗ്യം തേടിപ്പോയ നജീബ് ആടുജീവിതത്തിന്റെ അടിമക്കാലത്തേക്ക് വീഴുകയും അവിശ്വസനീയമായ രീതിയില്‍ രക്ഷപ്പെടുകയും ചെയ്ത യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനശിലയാക്കി നിര്‍മിച്ചെടുത്ത ശില്പമാണ് ആടുജീവിതം. അനുഭവത്തിന്റെ അസ്ഥിപഞ്ജരത്തിലേക്ക് ഭാവനയുടെയും സ്വാനുഭവത്തിന്റെയും മജ്ജയും മാംസവും പകര്‍ന്നപ്പോഴാണ് അത് മികച്ച വായനാനുഭവമായി മാറിയത്.

നജീബും എഴുത്തുകാരനും വേറിട്ടും ഒന്നായും സഞ്ചരിക്കുന്ന വഴിത്താരകള്‍ ആടുജീവിതത്തില്‍ ഉടനീളമുണ്ട്. പത്തനംതിട്ടയിലെ ഗ്രാമത്തില്‍നിന്ന് സൗദിയുടെ വരണ്ട പരപ്പിലേക്ക് മോഹങ്ങള്‍ പേറിയെത്തിയ, പ്രത്യാശയുടെ ആള്‍രൂപങ്ങളായ രണ്ടുപേര്‍ ഒന്നാവുന്ന കാഴ്ചയാണ് ആടുജീവിതം വെളിപ്പെടുത്തുന്നത്. പൊള്ളുന്ന അനുഭവങ്ങള്‍പോലും നിര്‍മമമായി പറഞ്ഞുവെച്ച് അനുവാചകന്റെ നെഞ്ചിലേക്ക് തീ കോരിയിടുന്ന ആഖ്യാനതന്ത്രമാണ് നാല്‍പ്പത്തിമൂന്ന് കുറിയ അധ്യായങ്ങളിലൂടെ കടന്നുപോവുമ്പോള്‍ കാണുന്നത്'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benyaminPrithviraj SukumaranAadujeevitham
News Summary - Benyamin About Aadujeevitham Story
Next Story