Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇത് നാൽപ്പത്തൊമ്പതിൽ...

'ഇത് നാൽപ്പത്തൊമ്പതിൽ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ട്; അമ്പതോടടുക്കുമ്പോൾ ആത്മവിശ്വാസം ചോരുന്ന പെണ്ണുങ്ങൾക്കുള്ള കോൺഫിഡൻസ് ബൂസ്റ്റർ'

text_fields
bookmark_border
aishwarya rai
cancel

ത് നാൽപ്പത്തൊമ്പതിൽ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ടാണ്. അമ്പതോടടുക്കുമ്പോൾ ആത്മ വിശ്വാസം ചോരുന്ന പെണ്ണുങ്ങൾക്കുള്ള കോൺഫിഡൻസ് ബൂസ്റ്ററാണ്.

ചോള സാമ്രാജ്യത്തിന്‍റെ കിരീടാവകാശി ആദിത്ത കരികാലനും, സുഹൃത്തും വാണർകുല രാജകുമാരനുമായ വന്തിയത്തേവനും നാടെങ്ങും ചോള രാജ്യത്തിന്റെ കൊടി നാട്ടാൻ പോരാടിയ അര മണിക്കൂർ നേരം. ജനം നിശബ്ദരായി അത് നോക്കിയിരുന്നു. തമിഴകത്തിന്റെ താര രാജാക്കന്മാരുടെ വീരശൂര പരാക്രമങ്ങൾ. കാർത്തിയുടെ വന്തിയത്തേവനും വിക്രത്തിന്റെ കരികാലനും.

സുന്ദര ചോളനെത്തേടിപ്പോയ വന്തിയത്തേവന്റെ കുതിര, നന്ദിനിയുടെ പല്ലക്കിലിടിച്ച നിമിഷമാണ് മണൽത്തരി വീണാൽ കേൾക്കാമായിരുന്ന തീയേറ്ററകം ഒന്നനങ്ങിയത്. പഴുവൂരിന്‍റെ ഭരണാധികാരി, ചോള രാജ്യത്തിന്‍റെ ധനാധികാരി, യുദ്ധത്തിലേറ്റ അറുപത്തിനാലു പരിക്കുകൾ ഉടലിൽ പേറുന്നവൻ, പെരിയ പഴുവേട്ടൈയർ. അയാളുടെ പെണ്ണ് നന്ദിനി. ആദിത്ത കരികാലന്‍റെ ആദ്യത്തേയും അവസാനത്തേയും പെണ്ണ്. ചോള രാജ്യത്ത് മാത്രമല്ല, ലോകത്തൊരിടത്തും അവളോളം സുന്ദരിയില്ല. പല്ലക്കിന്റെ നേർത്ത തിരശ്ശീല വകഞ്ഞ് മാറ്റി അവൾ മുഖം പുറത്ത് കാട്ടിയപ്പോൾ കൈയ്യടികളും വിസിലടികളും ആർപ്പുവിളികളും തീയേറ്ററിൽ മുഴങ്ങി. പൊന്നിയിൽ സെൽവൻ വിജയത്തിന്റെ സൈറൺ മുഴക്കിയ നിമിഷം അതായിരുന്നു. മണിരത്നത്തിന്‍റെ മെഡ്രാസ് ടാക്കീസിന്റെയും സുഭാസ്‌ക്കരന്‍റെ ലൈക്കാ പ്രൊഡക്ഷൻസിന്റെയും ഭാഷയിൽ പറഞ്ഞാൽ അഞ്ഞൂറ് കോടി വിലയുള്ള തുറുപ്പ് ചീട്ട്, ഒറ്റപ്പേര് - ഐശ്വര്യ റായ് !!
'തസ്മാദയമാകാശഃ

സ്ത്രീയാപുര്യത ഏവ'

എനിക്ക് ബൃഹദാരണ്യകോപനിഷത്ത് ഓർമ്മ വന്നു. തസ്മാത് = അതിനാല്‍, അയം ആകാശഃ എന്നതിന്, ഈ ശൂന്യത എന്നാണർത്ഥം. സ്ത്രീയാ പൂര്യതേ ഏവ എന്നാൽ, സ്ത്രീയാല്‍ പൂരിപ്പിക്കപ്പെടുന്നു എന്നും. ബൃഹദാരണ്യകോപനിഷത്ത് പറയുന്നു, അതിനാല്‍ ഈ ശൂന്യത സ്ത്രീയാല്‍ പൂരിപ്പിക്കപ്പെടുന്നു എന്ന്. തീയേറ്ററുകളിൽ താനില്ലാത്ത നീണ്ട കാലത്തിന്റെ ശൂന്യതയെ, ഐശ്വര്യ റായ് തന്നിലൂടെ തന്നെ നികത്തുകയാണ്. ഈ കൈയ്യടി അതിന്റെയാണ്.

റെക്സിനടിച്ച് ചെമപ്പിച്ച ബിന്ദു ടാക്കീസിലെ കസേരയിലിരുന്നാണ് ഐശ്വര്യ റായിയെ ആദ്യമായി കണ്ടത്. അവരെ മണത്ത് നോക്കിയാൽ എനിക്കെന്റെ കുട്ടിക്കാലം തിരിച്ച് കിട്ടും. ഇന്നിരുന്ന് നന്ദിനിയെക്കാണുമ്പോൾ എനിക്കോർമ്മ വന്നത് ബിന്ദു ടാക്കീസിലിരുന്ന് കണ്ട പഴയ ഒരു നന്ദിനിയെയാണ്. സഞ്ജയ് ലീല ബൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന പടത്തിലെ നന്ദിനി ദർബാറിനെ. എനിക്കന്ന് സ്വീറ്റ് തേർട്ടീനാണ്. സൽമാൻ ഖാനും അജയ് ദേവ്ഗണും ഒറ്റക്കാമുകിയായിരുന്നു ആ പടത്തിൽ. അവർ ഇരുവർക്ക് മാത്രമായിരുന്നില്ല, അന്നാ തീയേറ്റർ മുറിയിലിരുന്ന് അവളെ നോക്കിയ ആൾക്കൂട്ടത്തിനത്രയും അവളായിരുന്നു കാമുകി. ഇരുവർ മുതലിന്നോളമുള്ള ഐശ്വര്യ റായ്ക്കാലത്തിൽ സമാനത കണ്ടെത്താവുന്ന ഒന്ന് അതാണ്.

നന്ദിനിയെപ്പോലെയായിരുന്നു പാർവതിയും. ആൺ കാലത്തും ഉയരെത്തന്നെ പറന്ന പെണ്ണ്. ശരത്ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവൽ ദേവദാസ്. മാധുരി ദീക്ഷിതിന്റെ ചന്ദ്രമുഖിയോ ഷാരൂഖിന്റെ ദേവദാസ് മുഖർജിയോ എന്റെ ഓർമ്മയിലില്ല. ഓർക്കുന്നത് പാർവതിയെ മാത്രമാണ്. മറ്റൊരാൾ ബിനോദിനിയാണ്. ഋതുപർണ ഘോഷിന്റെ ബംഗാളി ക്ലാസിക് ചോക്കർ ബാലിയിലെ കാമിനിയായ വിധവ, വിനോദിനി.

മഹാ സൃഷ്ടികളോടായിരുന്നു എന്നും ഋതുപർണ ഘോഷിന് പ്രിയം. അതിലേറെ തനിക്ക് പോകാനുണ്ട് എന്ന തോന്നലാവണം അതിന് പിന്നിൽ. രബീന്ദ്ര നാഥ ടാഗോറിന്റെ ചോക്കർ ബാലിയെ സിനിമയാക്കിയ പോലെ, ഒ.ഹെൻട്രിയുടെ ദി ഗിഫ്റ്റ് ഓഫ് ദി മാജിക്കിനെ റെയിൻ കോട്ടാക്കിയിട്ടുണ്ട് ഘോഷ്. അതിലുമുണ്ട് വികാരങ്ങളെ ഒളിപ്പിച്ചു പിടിക്കുന്ന ഐശ്വര്യയുടെ നായിക, നീരു. ഇരുവർ, ജോധാ അക്ബർ, റാവൺ, ഗുസാരിഷ് !! ഇന്ത്യൻ സിനിമയ്ക്ക് ഒരു ഐശ്വര്യ റായ്ക്കാലമുണ്ട്. ആയിരം പടങ്ങളില്ല ആ പട്ടികയിൽ, കുറച്ചേ ഉള്ളൂ. വിരലിലെണ്ണാവുന്ന ഈ പട്ടിക കൊണ്ടാണ് ഇന്ത്യൻ സിനിമയെ അടക്കി ഭരിച്ച നായക ശരീരങ്ങളിലേറെയും ഐശ്വര്യ റായ് മറികടന്ന് പോയത്.
രണ്ട് ഫിലിം ഫെയർ അവാർഡുകൾ, മികച്ച നടിക്കുള്ള പതിനൊന്ന് അവാർഡ് നോമിനേഷനുകൾ, ഗംഭീരമാണ് ഐശ്വര്യകാലത്തിന്റെ കണക്കു പുസ്തകം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായ ആദ്യത്തെ ഇന്ത്യന്‍ നടിയാണ് ഐശ്വര്യ റായ്. ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരിയും അവരാണ്. ഫ്രാന്‍സിലെ പരമോന്നത ബഹുമതികളിലൊന്നായ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആൻഡ് ലെറ്റേഴ്‌സ് പുരസ്കാരം നേടിയ ഇന്ത്യൻ നടിയും അവരാണ്, പത്മശ്രീ ഐശ്വര്യ റായ്.

തക്കം കിട്ടിയാൽ സകലമാന ബോഡി ഷേമിംഗിലൂടെയും പെണ്ണിനെ ഒന്നുമല്ലാതാക്കിക്കളയുന്ന ലോകം, തോറ്റ് തൊപ്പിയിട്ട കലിയിൽ ചോദിക്കും സൗന്ദര്യ വാഴ്ത്തിനപ്പുറം എന്തുണ്ട് എന്ന്. അതെനിക്കറിയാം. മേപ്പറഞ്ഞത് അതിനുത്തരമാണ്. എന്നു കരുതി നിങ്ങളുടെ തന്ത്രത്തിൽ വീണ് ഞാനിതവസാനിപ്പിക്കില്ല. ഇനി പറയാൻ പോകുന്നത് ഐശ്വര്യ റായ് എന്ന സുന്ദരിയെക്കുറിച്ചാണ്.

ലോക സുന്ദരിപ്പട്ടം തലയിലേറ്റുന്ന ഒറ്റ നിമിഷത്തെയും അതിനു മുമ്പുള്ള ഒരു നടത്തത്തേയും മാത്രം കണ്ട നമ്മളും, കാണിച്ച മീഡിയയുമാണ് ഇവിടുള്ളത്. വലിയ ചോദ്യങ്ങളേയും കടമ്പകളേയും മറികടന്ന് ഒരാൾ ആ കിരീടം ചൂടുന്നത് നമ്മുടെ കാഴ്ചയിലില്ല. നോർത്താണ് ഇക്കാഴ്ചകളിലെപ്പോഴും മുമ്പേ പറന്നിട്ടുള്ളത്. മംഗലാപുരത്ത് നിന്ന് ഒരു പെൺകുട്ടി ബോളിവുഡ് വിരിച്ച ചെമന്ന കാർപ്പറ്റിലൂടെ നടന്ന്, ബോളിവുഡിനെ അടക്കി വാണ ബച്ചൻ കുടുംബത്തിലേക്ക് കയറിച്ചെല്ലുമ്പോൾ അവസാനിച്ചു എന്ന് കരുതിയ നമ്മളാണ്. അഭിനേത്രികൾ അങ്ങനെ അവസാനിച്ചതാണ് നമ്മുടെ ചരിത്രം. ഭർത്താക്കന്മാരാണ് ചരിത്രത്തിൽ പലപ്പോഴും വിജയിച്ചിട്ടുള്ളത്. പക്ഷേ ഐശ്വര്യ റായിയെക്കാൾ താരമൂല്യമുള്ള പേരല്ല ഇന്ത്യൻ സിനിമയ്ക്ക് അഭിഷേക് ബച്ചൻ. അന്നുമല്ല, ഇന്നുമല്ല. പൊന്നിയിൽ സെൽവനായി സിനിമയിൽ വന്ന ജയം രവിയെക്കാളും, മുഴുനീളം പടത്തിൽ വിലസിയ കാർത്തിയെക്കാളും പ്രതിഫലം PS - 1 ൽ ഐശ്വര്യയ്ക്കാണ്. മണിരത്നത്തെ പോലെ ഒരു സംവിധായകന് ഒരു പകരം പേര് കണ്ടെത്താനില്ലാത്തത്ര ഉയരത്തിലാണ് ഇന്നും ഐശ്വര്യ റായ് എന്ന നായിക.

എന്നു തുടങ്ങിയ യാത്രയാണിത്. എന്റെ എട്ടാം വയസ്സു മുതൽ ലോകത്തേറ്റവും സുന്ദരിയായ സ്ത്രീ എന്ന് ഐശ്വര്യ റായ് ആഘോഷിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറത്തും ആ ആഘോഷം അവസാനിച്ചിട്ടില്ല. ഈ ഒക്ടോബർ കഴിയുമ്പോൾ ഐശ്വര്യ റായ്ക്ക് 49 ആവും. ആണും പെണ്ണുമായി പൊന്നിയിൽ സെൽവനിൽ വന്നു പോയവരെല്ലാം, 48 കടന്ന ആ ഉടലിനെ അസൂയയോടെ നോക്കുന്നത് കാണാൻ എന്ത് രസമാണ്.

കിടപ്പറയിൽ നിന്ന് കൊട്ടാരത്തിന് പുറത്തേക്കുള്ള വാതിൽ തുറന്ന് കൊടുത്ത് നന്ദിനി വന്തിയത്തേവനോട് പറഞ്ഞു, "പോവുന്ന വഴികളിൽ നിധിക്കൂമ്പാരമുണ്ട്. അതുകണ്ട് മയങ്ങിപ്പോകരുത്." കാർത്തിയുടെ വന്തിയത്തേവൻ ഐശ്വര്യ റായിയുടെ നന്ദിനിയെ നോക്കി കണ്ണു തള്ളിക്കൊണ്ട് മറുപടി പറഞ്ഞു, "ഞാനൊരു വൈരക്കിഴി തന്നെ കണ്ടു കൊണ്ടിരിക്കുയല്ലേ !!" വശ്യമായി അവൾ ചോദിക്കുന്നു, "എന്തേ, മയങ്ങിപ്പോയോ ?" നിന്നെക്കണ്ടാൽ കൃഷ്ണൻ പതിനാറായിരത്തെട്ട് ഭാര്യമാരെയും ഉപേക്ഷിച്ച് നിന്നിലേക്ക് മാത്രമൊതുങ്ങുമെന്ന് അല്പം മുമ്പ് അവളോട് പറഞ്ഞ വന്തിയത്തേവനാണ്. അവൾ കൺമുന്നിൽ നിന്ന് മായും വരെ അവനങ്ങനെ നോക്കി നിന്നു.

മണിരത്നത്തിന്റെ പെണ്ണുങ്ങൾ എക്കാലത്തും സുന്ദരികളാണ്. അഞ്ച് നായികമാരിൽ ഒരാളായാണ് മണിരത്നത്തിന്റെ ഇരുവരിലൂടെ ഐശ്വര്യ റായ് രംഗപ്രവേശം ചെയ്യുന്നത്. അന്ന് പക്ഷേ അവൾക്ക് മാത്രം ഇരട്ട വേഷമായിരുന്നു, കല്പനയും പുഷ്പവല്ലിയും. തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പൊന്നിയിൽ സെൽവനിലുമുണ്ട് നിറയെ പെണ്ണുങ്ങൾ. ഇന്നും മണിരത്നത്തിന്റെ ഇരട്ട വേഷത്തിന്റെ നറുക്ക് ഐശ്വര്യ റായ്ക്ക് തന്നെ.
പറഞ്ഞു വരുന്നത് തൃഷയിലേക്കാണ്. കുന്ദവൈ, സുന്ദര ചോളന്റെ സുന്ദരിയായ മകൾ - ഇളയ തമ്പുരാട്ടി. ചോള രാജ കുടുംബത്തിലെ ബുദ്ധി കൂര്‍മ്മതയുള്ള പെണ്ണ്. അവൾ സുന്ദര ചോളനെ കാണാൻ കൊട്ടാരത്തിലേക്ക് എഴുന്നള്ളുന്ന ഒരു രംഗമുണ്ട് പൊന്നിയിൽ സെൽവനിൽ. സ്വീകരിക്കാൻ താലവുമായി ചെന്ന് നന്ദിനി പറയുന്നു, "വന്നാലും ഇളവരശീ, ഇളവരശിയുടെ വരവോടു കൂടെ തഞ്ചാവൂർ കോട്ടയുടെ സൗന്ദര്യം ഏറിയിട്ടുണ്ട്." ചിരിച്ചു കൊണ്ട് തൃഷയുടെ ഇളവരശി ഐശ്വര്യ റായിയുടെ ഉടലു നോക്കി പറയുന്നു, "ലോകത്തിന്റെ സൗന്ദര്യം മുഴുവൻ തഞ്ചാവൂർക്കോട്ടയ്ക്കകത്ത് അടച്ചു വെച്ചിരിക്കുകയാണ് എന്നാണല്ലോ പുറത്ത് മൊഴി !!"

ഇത് നാൽപ്പത്തൊമ്പതിൽ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ടാണ്. അമ്പതോടടുക്കുമ്പോൾ ആത്മ വിശ്വാസം ചോരുന്ന പെണ്ണുങ്ങൾക്കുള്ള കോൺഫിഡൻസ് ബൂസ്റ്ററാണ്. പണ്ട് ഞാൻ ഇങ്ങനൊന്നുമായിരുന്നില്ല എന്ന് സങ്കടത്തോടെ പറയുന്ന പെണ്ണുങ്ങളെ എനിക്കറിയാം. ബുദ്ധി കൊണ്ട്, പ്രതിഭ കൊണ്ട്, പലതരം ശേഷികൾ കൊണ്ട്, ആഘോഷിക്കപ്പെട്ട പോലെ ശരീരം കൊണ്ട് ആഘോഷിക്കപ്പെട്ട മനുഷ്യരുമുണ്ട്. പ്രസവവും അടുക്കളയും മടുപ്പും അവഗണനയും കൊണ്ട് ഉടഞ്ഞു പോയവർ. പ്രോട്ടീൻ പൗഡറോ വർക്ക്ഔട്ടോ ഡയറ്റോ കൊണ്ട് മാത്രം തിരിച്ചു പിടിക്കാവുന്നതല്ല അവർക്ക് പോയ കാലത്തെ. മമ്മൂട്ടിയാവുന്നത്ര എളുപ്പമല്ല, ഐശ്വര്യ റായിയാവാൻ.
കരിയറിനൊപ്പം പന പോലെ വളർന്ന ഗോസിപ്പുകളിലവസാനിച്ചില്ല ഐശ്വര്യ റായ്. ആരാധ്യയുണ്ടായ ആദ്യ നാളുകളിൽ മഞ്ഞപ്പാപ്പരാസികളും ആണലമ്പുകളും പടച്ചു വിട്ട ബോഡി ഷെയിമിംഗുകളിൽ തളർന്നില്ല ഐശ്വര്യ റായ്. ബച്ചൻ കുടുംബത്തിന്റെ വലിപ്പത്തിന് അവളെ വിഴുങ്ങാൻ കഴിഞ്ഞില്ല. മോഹൻ ലാലിനൊപ്പം നായികയായാണ് ഐശ്വര്യ റായിയുടെ തുടക്കം. അവളോളം തുല്യ വേതനം വാങ്ങി ലാലേട്ടനിനിയൊരിക്കലും ഒരു പടം ചെയ്യാനാവില്ല. പൊന്നിയിൽ സെൽവൻ ഒരു ഐശ്വര്യ റായ് പടമാണ്.

ആണുങ്ങൾക്ക് പക്ഷേ പൊന്നിയിൽ സെൽവൻ ഇഷ്ടമാവില്ല. മസിലിൽ പിടിപ്പിച്ച ക്യാമറയുമായി ലോകം ചുറ്റുന്ന ആധുനിക ബ്രഹ്മാണ്ഡ പടങ്ങളുടെ പട്ടികയിലല്ല ഇപ്പടം. ആർ.ആർ.ആറോ, ബാഹുബലിയോ, കെ.ജി.എഫോ അവശേഷിപ്പിക്കുന്നതല്ല പൊന്നിയിൽ സെൽവൻ തീയേറ്ററിൽ അവസാനിപ്പിക്കുന്നത്. ആണളവുകളിലോ, ആണഴകുകളിലോ, ആണലർച്ചകളിലോ ക്യാമറ വെക്കുന്നില്ല മണിരത്നം. ഇത് പെണ്ണുങ്ങൾക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥയാണ്. അവരെ കറക്കുന്ന പെണ്ണുങ്ങളുടേയും.

Show Full Article
TAGS:Aishwarya Rai Lijeesh Kumar PS1 ponniyin selvan 
News Summary - This is a tribute to Aishwarya Rai in Forty Nine, Lijeesh Kumar facebook post
Next Story